കറന്റ് ബുക്സിന് എതിരായ പോലിസ് നടപടിക്കെതിരേ പ്രതിഷേധം
തൃശൂര്‍: മുന്‍ ഡി.ജി.പി ജേക്കബ് തോമസിന്റെ ആത്മകഥ പ്രസിദ്ധീകരിച്ച കറന്റ് ബുക്സിന് എതിരായ പോലിസ് നടപടിക്കെതിരേ പ്രതിഷേധം ശക്തം. പ്രസാധകരും എഴുത്തുകാരും തന്നെ ഇതിനെതിരേ രംഗത്തുവന്നു കഴിഞ്ഞു.
നടപടി ആവിഷ്കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നാണ് സാറ ജോസഫ് പ്രതികരിച്ചത്. നിയമ നടപടികള്‍ ആലോചിക്കുമെന്ന് കറന്റ് ബുക്സും വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലെ ചെറുകിട പ്രസാധകരുടെ കൂട്ടായ്മയായ ബുക്കും ഇതിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തിക്കഴിഞ്ഞു. തൃശൂര്‍ കറന്റ് ബുക്സിനെതിരായ പൊലിസ് നടപടി അവസാനിപ്പിക്കണമെന്നാണ് കൂട്ടായ്മയുടെ ആവശ്യം. സംഭവം ഗൗരവതരമാണെന്നും ഇന്ന് കറന്റ് ബുക്സിന്റെ വാതിലില്‍ മുട്ടിയ പൊലിസ് നാളെ നമ്മുടെ വാതിലിലേക്ക് എത്തുംമുമ്പേ പ്രതികരിക്കണമെന്നും പ്രതിഷേധിച്ച് പൊലിസ് നടപടിയെ ചെറുത്തുതോല്പ്പിക്കണമെന്നുമാണ് കൂട്ടായ്മ ആവശ്യപ്പെടുന്നത്.
കഴിഞ്ഞ ആഴ്ചയാണ് തൃശൂര്‍ കറന്റ് ബുക്ക്സ് ഓഫിസില്‍ പോലീസ് എത്തി പരിശോധന നടത്തിയത്. പ്രൂഫ് റീഡര്‍മാരുടെയും എഡിറ്റര്‍മാരുടെയും മൊഴി എടുത്ത സംഘം കംപ്യൂട്ടറുകളും പരിശോധിച്ചു. ജേക്കബ് തോമസുമായി നടത്തിയ എല്ലാ ഇടപാടുകളുടെയും വിവരങ്ങള്‍ രേഖാമൂലം നല്‍കണമെന്നാണ് പോലിസ് പ്രസാധകര്‍ക്കു നല്കിയ നിര്‍ദേശം. മത സ്പര്‍ധ വളര്‍ത്തുന്നതോ കലാപത്തിന് വഴി വയ്ക്കുന്നതോ ആയ ഒന്നും പുസ്തകത്തില്‍ ഇല്ല എന്നിരിക്കെ പ്രസാധകര്‍ക്കെതിരായ നടപടി ആവിഷ്കാര സ്വാതന്ത്ര്യത്തിനു എതിരാണെന്നാണ് വാദം. ജേക്കബ് തോമസ് സര്‍വിസ് ചട്ടങ്ങള്‍ ലംഘിച്ചോ എന്ന് സര്‍ക്കാര്‍ ആണ് പരിശോധിക്കേണ്ടത് പ്രസാധകര് അല്ലെന്നും കറന്റ് ബുക്സ് അധികൃതര്‍ പറയുന്നു.
സമീപ കാലത്തെ സംഭവങ്ങളില്‍ സര്‍ക്കാര്‍ നിലപാട് കലാകാരന്മാര്ക്ക് എതിരാണ് എന്നത് വ്യക്തമാണെന്നും കാര്‍ട്ടൂണ്‍ വിവാദത്തെ സൂചിപ്പിച്ചു സാറ ജോസഫ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."