ഇ.വി.എം എണ്ണിത്തുടങ്ങിയതോടെ മുന്നോട്ട് കുതിച്ച് എന്‍.ഡി.എ സഖ്യം
പട്ന: പോസ്റ്റല്‍ വോട്ടില്‍ എന്‍.ഡി.എ ബഹുദൂരം പിന്നിലാക്കിയ മഹാസഖ്യത്തിന് ഇ.വി.എമ്മില്‍ കാലിടറുന്നു. എട്ട് മണിക്ക് പോസ്റ്റല്‍ ബാലറ്റ് എണ്ണിത്തുടങ്ങിയപ്പോള്‍ തേജസ്വിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യം എന്‍.ഡി.എ സഖ്യത്തെ തറപറ്റിക്കുന്ന കാഴ്ചയായിരുന്നു കണ്ടത്.
35 ഓളം സീറ്റുകളിലെ വ്യത്യാസത്തിലായിരുന്നു മഹാസഖ്യം മുന്നേറിയിരുന്നത്. എന്നാല്‍ പോസ്റ്റല്‍ ബാലറ്റിന് ശേഷം ഇ.വി.എം എണ്ണി തുടങ്ങിയപ്പോള്‍ തുടക്കത്തില്‍ നേടിയ ലീഡ് മഹാസഖ്യത്തിന് നഷ്ടപ്പെട്ടു തുടങ്ങിതാണ് കാണാനാവുന്നത്. 121 സീറ്റുകളില്‍ എന്‍.ഡി.എ മുന്നേറുമ്പോള്‍ 109 സീറ്റുകളിലാണ് നിലവില്‍ മഹാസഖ്യത്തിനുള്ളത്. 13 സീറ്റുകളില്‍ മറ്റുള്ളവര്‍ മുന്നേറുകയാണ്. ഇതില്‍ ഏഴ് സീറ്റുകളില്‍ എല്‍.ജെ.പിയാണ് മുന്നിലുള്ളത്.
കൊവിഡ് മഹാമാരിക്കിടെ രാജ്യത്ത് നടന്ന ആദ്യ തെരഞ്ഞെടുപ്പാണ് ബിഹാറിലേത്. അതേസമയം, പോളിങ് ശതമാനത്തില്‍ ഏറെ വര്‍ധനയാണ് ഇത്തവണ കാണാനായത്. തെരഞ്ഞെടുപ്പ് കമ്മീഷന് കണക്കുകള്‍ പ്രകാരം, ഈ വര്‍ഷം മൊത്തം പോളിംഗ് 57.05 ശതമാനമാണ്, ഇത് 2015 ലെ 56.66 ശതമാനത്തേക്കാള്‍ കൂടുതലാണ്. മൂന്ന് ഘട്ടങ്ങളായിട്ടായിരുന്നു വോട്ടെടുപ്പ്.
ഒക്ടോബര്‍ 28 ന് നടന്ന ആദ്യ ഘട്ടത്തില്‍ 16 ജില്ലകളിലായി 71 സീറ്റുകളിലേക്കായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. രണ്ടാം ഘട്ടത്തില്‍ 17 ജില്ലകളിലായി 94 സീറ്റുകളിലും നവംബര്‍ മൂന്നിന് നടന്ന മൂന്നാം ഘട്ടത്തില്‍ 15 ജില്ലകളിലായി 78 സീറ്റുകല്ലേക്കും തെരഞ്ഞെടുപ്പ് നടന്നു.
31 കാരനായ തേജസ്വി യാദവിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമായ തെരഞ്ഞെടുപ്പ് കൂടിയാണ് ഇത്. ഒരു വര്‍ഷം മുമ്പ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റു പോലും നേടാന്‍ രാഷ്ട്രീയ ജനതാദളിന് സാധിച്ചിരുന്നില്ല. 40 ല്‍ 39 സീറ്റുകള്‍ എന്‍.ഡി.എ നേടിയപ്പോള്‍ ഒരു സീറ്റ് മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്.
243 അംഗ നിയമസഭയുടെ കാലാവധി നവംബര്‍ 29 ന് അവസാനിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."