പ്രധാനമന്ത്രിയായാൽ ആദ്യം ഒപ്പിടുന്നത് ആന്ധ്രക്ക് പ്രത്യേക പദവി നൽകുന്ന ബില്ലിൽ- രാഹുൽ
കുർനൂൽ(ആന്ധ്രപ്രദേശ്): പ്രധാനമന്ത്രിയായി താൻ ആദ്യം ഒപ്പിടുന്നത് ആന്ധ്രപ്രദേശിന് പ്രത്യേക പദവി അനുവദിക്കുന്നതിന് വേണ്ടിയായിരിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആന്ധ്രപ്രദേശിൽ നടത്തിയ പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു കോൺഗ്രസ് അധ്യക്ഷൻ. എന്തെങ്കിലും കാരണവശാൽ പ്രത്യേക പദവി അനുവദിക്കാൻ കഴിഞ്ഞില്ലെങ്കിൽ താൻ ഇസംസ്ഥാനത്ത് കാലു കുത്തുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്തിന് പ്രത്യേക പദവി നൽകുക എന്നത് കേന്ദ്രത്തിന്റെ ഉത്തരവാദിത്വമാണ്. അല്ലാതെ ഔദാര്യമല്ല. ബി.ജെ.പി ജനങ്ങളെ വഞ്ചിക്കുകയാണ്.- രാഹുൽ ചൂണ്ടിക്കാട്ടി.
നാലുവർഷത്തെ ബി.ജെ.പി ഭരണത്തിലൂടെ മോദി കോർപ്പറേറ്റ് മേഖലകളെ ഉപയോഗിച്ച് രാജ്യം കൊള്ളയടിക്കാനാണ് ശ്രമിച്ചതെന്ന് രാഹുൽ പറഞ്ഞു. റഫേൽ ഇടപാടിലൂടെ അനിൽ അംബാനിയെയും കൂട്ടുപിടിച്ച് ബി.ജെ.പി അഴിമതി നടത്തി.കൂടാതെ വിവിധ ബാങ്കുകളിൽ നിന്നായി 45,000 കോടിയോളം തട്ടിപ്പ് നടത്തി ഒരു ബിസ്‌നസ്സുകാരൻ രാജ്യം വിട്ടതും മോദി ഭരണകാലത്താണെന്നും രാഹുൽ കുറ്റപ്പെടുത്തി.
വിജയ് മല്യയ്ക്ക് രാജ്യം വിടാൻ സഹായം ചെയ്തത് കേന്ദ്രമന്ത്രിയായ അരുൺ ജയ്റ്റ്‌ലിയാണ്. മല്യയുടെ തട്ടിപ്പിൽ അരുൺ ജയ്റ്റ്‌ലിക്കും പങ്കുള്ളതു കൊണ്ടാണ് അദ്ദേഹം മല്യയെ തിരിച്ച് സഹായിച്ചതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
കഴിഞ്ഞ യു.പി.എ സർക്കാർ അവസാനമായി ഒപ്പുവച്ചത് ആന്ധ്രയെ വിഭജിക്കുന്നതിനുള്ള ബില്ലായിരുന്നു. ആന്ധ്രയിൽ നിന്നുള്ള എം.പിമാരുടെ സമ്മർദ്ദത്തിന് വഴങ്ങി പാർലമെന്റിൽ അരങ്ങേറിയ വലിയ ബഹളങ്ങൾക്കൊടുവിലായിരുന്നു ആന്ധ്ര വിഭജന ബിൽ ഒപ്പു വയ്ക്കുന്നത്. എന്നാൽ പിന്നീട് ടി.ഡി.പിയും വൈ എസ് ആർ കോൺഗ്രസും കോൺഗ്രസിനെ തള്ളി ബി.ജെ.പിയ്‌ക്കൊപ്പം പോയി. അഞ്ച് വർഷങ്ങൾക്ക് ശേഷം പുതിയ തെരഞ്ഞെടുപ്പിന് കളം തെളിയുമ്പോഴാണ് ടി.ഡി.പിയുമായി സഖ്യത്തിന് ശ്രമിക്കുകയാണ് പാർട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."