അഴിയൂര്‍ പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി
വടകര: അഴിയൂര്‍ പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ നിന്ന് അഞ്ച് എല്‍.ഡി.എഫ് അംഗങ്ങള്‍ ഇറങ്ങിപ്പോയി. ഇന്നലെ നടന്ന ഭരണസമിതി യോഗത്തിനിടെയാണ് മുദ്രാവാക്യം വിളിച്ച് എല്‍.ഡി.എഫ് അംഗങ്ങള്‍ പുറത്തുപോയി കുത്തിയിരിപ്പ് നടത്തിയത്.
യോഗം തുടങ്ങിയ ഉടന്‍ പഞ്ചായത്തംഗം സി.പി.എമ്മിലെ പി.പി ശ്രീധരനെതിരേയുള്ള കേസ് പിന്‍വലിക്കുക, പഞ്ചായത്ത് പ്രസിഡന്റ് അംഗങ്ങളോട് മാന്യമായി പെരുമാറുക തുടങ്ങിയ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ഭരണസമിതി യോഗം ചര്‍ച്ച ചെയ്യണമെന്ന് എല്‍.ഡി.എഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍ അജന്‍ഡയിലെ കാര്യങ്ങള്‍ മാത്രമല്ലാതെ മറ്റൊന്നും ചര്‍ച്ച ചെയ്യില്ലെന്ന് പ്രസിഡന്റ് പറഞ്ഞതോടെയാണ് പ്രതിഷേധവുമായി എല്‍.ഡി.എഫ് അംഗങ്ങള്‍ രംഗത്തുവന്നത്.
കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ ചായ വിതരണവുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കത്തില്‍ പഞ്ചായത്തംഗം കോണ്‍ഗ്രസിലെ മഹിജ തോട്ടത്തിലിന് പരുക്കേറ്റിരുന്നു. സി.പി.എം അംഗം ശ്രീധരന്‍ കൈയേറ്റം ചെയ്തതിനെ തുടര്‍ന്നാണ് പരുക്കേറ്റത്. ഇതുസംബന്ധിച്ച് ശ്രീധരനെതിരേ ചോമ്പാല പൊലിസ് കേസെടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട തുടര്‍വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന ആവശ്യം തള്ളിയതാണ് എല്‍.ഡി.എഫ് അംഗങ്ങളുടെ ഇറങ്ങിപ്പോക്കിന് കാരണമായത്.
വന്‍ തോതില്‍ നടന്ന വികസന പ്രവര്‍ത്തനങ്ങളില്‍ ഭീതിപൂണ്ട ഇടതുപക്ഷം ഭരണസമിതിയെ തകര്‍ക്കാനുള്ള നീക്കമാണ് നടത്തുന്നതെന്നും പ്രസിഡന്റ് അയ്യൂബ് പറഞ്ഞു. എന്നാല്‍ പഞ്ചായത്ത് ഭരിക്കുന്ന യു.ഡി.എഫ് മുന്നണിയുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ പ്രക്ഷോഭം ശക്തമാക്കുമെന്ന് എല്‍.ഡി.എഫ് നേതാക്കള്‍ അറിയിച്ചു. അതേസമയം ഇന്നലെ നടന്ന യോഗത്തില്‍ ആരോപണവിധേയനായ പി.പി ശ്രീധരന്‍ പങ്കെടുത്തിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."