വിദേശത്തു നിന്നെത്തിയ രണ്ടാമത്തെ സംഘവും ഉംറ കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി
ജിദ്ദ: വിശുദ്ധ ഉംറക്കായി വിദേശത്തു നിന്നെത്തിയ രണ്ടാമത്തെ സംഘവും മക്കയിലെത്തി ഉംറ കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി. ഇതിനിടെ ആദ്യ സംഘം പ്രവാചകപള്ളി സന്ദർശിക്കുന്നതിനായി മദീനയില്‍ എത്തിയിട്ടുണ്ട്. ഉംറ കര്‍മ്മത്തിനായി ആഭ്യന്തര തീർത്ഥാടകർക്കായി ലഭിക്കുന്ന മന്ത്രാലയ അനുമതി മറ്റൊരാള്‍ക്ക് കൈമാറാന്‍ സാധിക്കില്ലെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.
ഇന്തോനേഷ്യയില്‍ നിന്നും എത്തിയ രണ്ടാമത്തെ വിദേശ സംഘമാണ് ഉംറ കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കിയത്. വിദേശത്ത് നിന്നെത്തി മൂന്ന് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയാണ് സംഘം ഉംറ നിര്‍വ്വഹിച്ചത്. 39 പേരടങ്ങുന്നതാണ് തീര്‍ഥാടക സംഘം.
ഇതിനിടെ വിദേശ ഉംറ തീർഥാടകരുടെ മൂന്നാമത്തെ ബാച്ച് പുണ്യഭൂമിയിലെത്തിയിട്ടുണ്ട്. ഹജ്, ഉംറ മന്ത്രാലയവും ജവാസാത്തും മറ്റു ബന്ധപ്പെട്ട വകുപ്പുകളും ചേർന്ന് തീർഥാടകരെ ജിദ്ദ എയർപോർട്ടിൽ സ്വീകരിച്ചു. മൂന്നാമത്തെ ബാച്ചിൽ ഇന്തോനേഷ്യയിൽ നിന്നുള്ള തീർഥാടകരാണുള്ളത്. മക്കയിലെ ഹോട്ടലുകളിൽ മൂന്നു ദിവസം ഐസൊലേഷൻ പാലിച്ച ശേഷമാണ് ഇവർക്ക് തീർഥാടന കർമം നിർവഹിക്കാൻ ക്രമീകരണമേർപ്പെടുത്തുക.
അതേ സമയം ആദ്യ ബാച്ചിലെത്തിയ തീർഥാടകർ മസ്ജിദുന്നബവി സിയാറത്തിന് മദീനയിലെത്തിയിട്ടുണ്ട്. ഉംറ പൂർത്തിയാക്കി ബസ് മാർഗം മദീനയിലെത്തിയ തീർഥാടകരെ ഹജ്, ഉംറ മന്ത്രാലയത്തിൽ സിയാറത്ത് കാര്യ വിഭാഗം മേധാവി റാകാൻ അൽസുബാഇയുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
തീർഥാടകരും വിശ്വാസികളും കൊറോണ വ്യാപനം തടയുന്ന മുൻകരുതൽ, പ്രതിരോധ നടപടികൾ പാലിക്കുന്നുണ്ടെന്ന് നിരീക്ഷിക്കുന്നതായി ഹറംകാര്യ വകുപ്പിനു കീഴിൽ പ്രത്യേക കമ്മിറ്റി മേധാവി ബന്ദർ ഖോജ് പറഞ്ഞു. വിശുദ്ധ ഹറമിനകത്തും മുറ്റങ്ങളിലും അംഗശുദ്ധി വരുത്തുന്നതിനുള്ള സ്ഥലങ്ങളിലും മറ്റും മുൻകരുതൽ, പ്രതിരോധ നടപടികൾ ലംഘിക്കുന്നത് നിരീക്ഷിച്ച് കണ്ടെത്തി അപ്പപ്പോൾ പരിഹരിക്കുന്നതിന് 50 ജീവനക്കാർ സേവനമനുഷ്ഠിക്കുന്നുണ്ട്. ഷിഫ്റ്റുകളായി ഇവർ 24 മണിക്കൂറും സേവനമനുഷ്ഠിക്കുന്നതായും ബന്ദർ ഖോജ് പറഞ്ഞു. ഇതിനിടെ ആഭ്യന്തര തീര്‍ഥാടകര്‍ക്ക് മന്ത്രാലയം അനുവദിക്കുന്ന അനുമതി പത്രം മറ്റൊരാള്‍ക്ക് കൈമാറാന്‍ പാടില്ലെന്നും പകരം ആരെയും കര്‍മ്മം ചെയ്യാന്‍ അനുവദിക്കില്ലെന്നും ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. നിലവില്‍ മറ്റുള്ളവര്‍ക്ക് വേണ്ടി കര്‍മ്മം ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും മന്ത്രാലയം കൂട്ടിചേര്‍ത്തു.
അതേ സമയം ത്വവാഫ് കർമം പൂർത്തിയാക്കിയ ശേഷമുള്ള രണ്ടു റഖഅത്ത് സുന്നത്ത് നമസ്‌കാരം നിർവഹിക്കുന്നത് ഹറമിന്റെ അടിയിലെ നിലയിലേക്ക് മാറ്റാൻ ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് നിർദേശം നൽകി. തീർഥാടകർക്കിടയിൽ സാമൂഹിക അകലം ഉറപ്പു വരുത്താനാണിത്. ഉംറ പുനരാരംഭിച്ച മൂന്നാം ഘട്ടത്തിൽ തീർഥാടകരുടെ എണ്ണം വർധിച്ചിട്ടുണ്ട്. മതാഫിലെ മുഴുവൻ ട്രാക്കുകളും ത്വവാഫ് നിർവഹിക്കുന്നവർക്കു വേണ്ടി മാത്രമായി നീക്കിവെക്കാനാണ് സുന്നത്ത് നമസ്‌കാരം ഹറമിന്റെ അടിയിലെ നിലയിലേക്ക് മാറ്റുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."