വടകര മണ്ഡലത്തിലെ റെയില്‍വേ സ്റ്റേഷനുകളുടെ അടിസ്ഥാനസൗകര്യം വികസിപ്പിക്കും: മുല്ലപ്പള്ളി
വടകര: രണ്ടു വര്‍ഷത്തിനുള്ളില്‍ വടകര മണ്ഡലത്തിലെ 12 റെയില്‍വേ സ്റ്റേഷനുകളുടെയും അടിസ്ഥാന സൗകര്യവികസനം ഉറപ്പുവരുത്തുമെന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി. റെയില്‍വേ വികസന പ്രവൃത്തികള്‍ക്കുവേണ്ടി എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്നു കൂടുതല്‍ തുക നീക്കിവയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു.
എം.പി ഫണ്ടില്‍ നിന്നു 1.3 കോടിരൂപ ചെലവില്‍ തലശ്ശേരിയിലെ എസ്‌കലേറ്ററിന്റെ നിര്‍മാണം ടെന്‍ഡര്‍ നടപടിയില്‍ എത്തിയിട്ടുണ്ട്. 1.3 കോടിരൂപ ചെലവില്‍ വടകരയില്‍ നിര്‍മിക്കുന്ന എസ്‌കലേറ്ററിന് ഭരണാനുമതി ലഭിക്കുകയും ചെയ്തിട്ടുണ്ട്. എം.പി ഫണ്ടില്‍നിന്ന് 72.75 ലക്ഷം രൂപ ചെലവില്‍ നിര്‍മിക്കുന്ന ഒഞ്ചിയം അണ്ടര്‍പാസിന്റെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. നാദാപുരം റോഡ്, ഇരിങ്ങല്‍ റെയില്‍വേ സ്റ്റേഷനുകളുടെ വികസനം എന്നിവയ്ക്ക് 50 ലക്ഷം രൂപ അനുവദിച്ചതായും അദ്ദേഹം അറിയിച്ചു.
മൂന്നാം പ്ലാറ്റ്‌ഫോമിന്റെ പണി പൂര്‍ത്തീകരിച്ച വടകര റെയില്‍വേ സ്റ്റേഷനില്‍ ലിഫ്റ്റിന്റെ നിര്‍മാണം അന്തിമ ഘട്ടത്തിലാണ്. മുക്കാളി റെയില്‍വേ സ്റ്റേഷന്‍ നവീകരണ പ്രവൃത്തിയുടെ ഭാഗമായി എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്നു 46.43 ലക്ഷം രൂപ ചെലവില്‍ പൂര്‍ത്തിയാക്കിയ പ്ലാറ്റ്‌ഫോം ദീര്‍ഘിപ്പിക്കല്‍ പ്രവൃത്തിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാഹി റെയില്‍വേ സ്റ്റേഷനില്‍ യശ്വന്ത്പുര എക്‌സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മുക്കാളി റെയില്‍വേ സ്റ്റേഷന്‍ വികസനത്തിന്റെ മൂന്നാം ഘട്ടമായി സ്റ്റേഷനില്‍ കുടിവെള്ള സൗകര്യവും വൈദ്യുതീകരണവും ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി അയ്യൂബ് അധ്യക്ഷനായി.
വാര്‍ഡ് മെംബര്‍ റീന രയരോത്ത്, അഡിഷനല്‍ ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ ടി. രാജ്കുമാര്‍, എ.ടി ശ്രീധരന്‍, പാമ്പള്ളി ബാലകൃഷ്ണന്‍, കെ. അന്‍വര്‍ ഹാജി, കെ.പി ഗോവിന്ദന്‍, പ്രദീപ് ചോമ്പാല, പി.എം അശോകന്‍, കെ.വി രാജന്‍ മാസ്റ്റര്‍, വി.പി പ്രകാശന്‍ സംസാരിച്ചു. കെ. പ്രദീപന്‍ നന്ദി പറഞ്ഞു.
അന്തിമ ഘട്ടത്തിലെത്തിയ ഒഞ്ചിയം അണ്ടര്‍പാസിന്റെ നിര്‍മാണ പ്രവൃത്തി മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പിയും റെയില്‍വേ അധികാരികളും പരിശോധന നടത്തി. അണ്ടര്‍പാസിന്റെ നിര്‍മാണം ഈ മാസത്തില്‍തന്നെ പൂര്‍ത്തീകരിച്ച് ജൂണ്‍ ആദ്യവാരം ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന് അഡിഷനല്‍ ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ ടി. രാജ്കുമാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."