കന്യാസ്ത്രീകളുടെ സമരം: മുഖ്യ രാഷ്ട്രീയകക്ഷികള്‍ അകന്നുതന്നെ
കൊച്ചി: പീഡനകേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ടു കന്യാസ്ത്രീകള്‍ നടത്തുന്ന സമരം 13-ാം ദിവസത്തിലേക്കു കടക്കുമ്പോഴും മുഖ്യ രാഷ്ട്രീയ കക്ഷികളും നേതാക്കളും അകലത്തില്‍തന്നെ.
ഭരണകക്ഷികള്‍ നിയമം നിയമത്തിന്റെ വഴിക്കു പോകട്ടേയെന്ന ഒഴുക്കന്‍ നിലപാടില്‍ നിലകൊള്ളുമ്പോള്‍ പ്രതിപക്ഷ കക്ഷികളും എങ്ങുംതൊടാത്ത നിലപാടിലാണ്. കേരളം മുഴുവന്‍ ശ്രദ്ധയാകര്‍ഷിക്കുന്ന നിലയില്‍ പൊതുസ്വീകാര്യത നേടികഴിഞ്ഞ സമരത്തോട് പ്രമുഖ രാഷ്ട്രീയ കക്ഷികള്‍ അകലം പാലിക്കുന്നത് സംബന്ധിച്ചു കടുത്തവിമര്‍ശനം ഉയരുന്നുണ്ടെങ്കിലും കണ്ടില്ലെന്നു നടിക്കാനാണ് പ്രമുഖ പാര്‍ട്ടികളുടെ നിലപാട്.
വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പു മുന്നില്‍ കണ്ടു സഭയെയും സഭാവിശ്വാസികളെയും വെറുപ്പിക്കേണ്ടെന്ന നിലപാടാണ് പ്രമുഖ കക്ഷികളായ സി.പി.എമ്മും കോണ്‍ഗ്രസും ബി.ജെ.പിയും സ്വീകരിച്ചിരിക്കുന്നത്. സാമുദായിക പ്രീണനവും വോട്ടുബാങ്കുമാണ് പ്രമുഖ പാര്‍ട്ടികളെ സമരത്തില്‍നിന്നു അകറ്റുന്നതെന്നു സമരത്തിനു നേതൃത്വം നല്‍കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.
ചില ഒറ്റപ്പെട്ട നേതാക്കള്‍ സമരപന്തലില്‍ എത്തിയെന്നതു മാറ്റി നിര്‍ത്തിയാല്‍ പ്രമുഖ പാര്‍ട്ടികളുടെ സംസ്ഥാന നേതാക്കളെല്ലാം എറണാകുളത്തു കഴിഞ്ഞ ദിവസങ്ങളിലായി എത്തിയെങ്കിലും സമരപന്തലിന് അരികിലേക്ക് എത്തിനോക്കുകപോലും ചെയ്തില്ല. കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍, സി.പി.എം -സി.പി.ഐ മന്ത്രിമാര്‍, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള,സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം തുടങ്ങിയ നേതാക്കളെല്ലാം തന്നെ കൊച്ചി നഗരത്തില്‍ എത്തിയെങ്കിലും സമരപ്പന്തലിലേക്ക് ചെല്ലാന്‍ തയാറായില്ല. മഹിളാ കോണ്‍ഗ്രസില്‍ ചിലര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതികാ സുഭാഷിന്റെ നേതൃത്വത്തില്‍ മഹിളാനേതാക്കള്‍ ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തി.
സി.പി.എമ്മില്‍ നിന്ന് മുതിര്‍ന്ന നേതാവ് എം.എം ലോറന്‍സ് മാത്രമാണ് സമരപന്തലില്‍ എത്തിയത്. സി.പി.എമ്മിനൊപ്പം ഡി.വൈ.എഫ്.ഐയും മഹിളാ അസോസിയേഷനും സമരപന്തലുമായി അകലത്തിലാണ്. അനീതിക്കെതിരേ സമരം നടത്തുന്ന സ്ഥലങ്ങളിലെല്ലാം ഭരണം നോക്കാതെ ഓടിയെത്തുന്ന സി.പി.ഐയുടെ എ.ഐ.വൈ.എഫും മഹിളാസംഘവും ഹൈക്കോര്‍ട്ട ് ജങ്ഷന്‍ മറന്നമട്ടിലാണ്. ആര്‍.എസ്.പി നേതാക്കള്‍ ഉള്‍പ്പടെ ചെറിയ രാഷ്ട്രീയ കക്ഷികളുടെ നേതാക്കളും മറ്റു സാമുഹ്യസംഘടകളുമാണ് പിന്തുണയുമായി സമരപന്തലില്‍ എത്തുന്നത്. സാംസ്‌കാരിക സംഘടനകളുടെ നേതാക്കളും പ്രമുഖ വ്യക്തികളും സമരപ്പന്തലില്‍ എത്തിയതു സമരത്തിന് ആവേശം നല്‍കി. സാംസ്‌കാരിക പ്രവര്‍ത്തകരും ചില സിനിമാ പ്രവര്‍ത്തകരും രംഗത്തെത്തിയെങ്കിലും മുഖ്യനടന്മാരും നടിമാരുമെല്ലാം സമരപ്പന്തലിലെത്താത്തതും ശ്രദ്ദേയമാണ്.
നടന്‍ മോഹന്‍ലാല്‍ കന്യാസ്്ത്രീകളുടെ സമരത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പോലും അസഹ്ഷുണതയോടെ പ്രതികരിച്ചത് വിവാദമായിരുന്നു. സമരത്തോടുള്ള മുഖ്യരാഷ്ട്രീയ കക്ഷികളുടെ നിലപാടും പ്രമുഖരുടെ മൗനവും നവമാധ്യമങ്ങളില്‍ സജീവചര്‍ച്ചയായി മാറിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."