വൈദ്യുതി മീറ്ററുകള്‍ക്ക് കൃത്രിമ ക്ഷാമമുണ്ടാക്കി ഉദ്യോഗസ്ഥരുടെ ഒത്തുകളി
തിരൂര്‍: ആവശ്യത്തിന് വൈദ്യുതി മീറ്ററുകളില്ലാത്തകാര്യം വൈദ്യുതവകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യാതെ സ്വകാര്യകമ്പനിയുമായി കെ.എസ്.ഇ.ബി അധികൃതര്‍ ഒത്തുകളിക്കുന്നതായി ആക്ഷേപം.
ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ ചെലവില്‍ മീറ്ററുകള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ സംവിധാനമുണ്ടെന്നിരിക്കെ സംസ്ഥാനത്തെ പല കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസുകളിലെയും അസിസ്റ്റന്റ് എന്‍ജിനീയര്‍മാരും മറ്റ് ഉന്നതഉദ്യോഗസ്ഥരും യഥാസമയം സര്‍ക്കാരിനെ അറിയിക്കാതെ കൃത്രിമ മീറ്റര്‍ ക്ഷാമമുണ്ടാക്കി ഉപഭോക്താക്കളെ സ്വകാര്യകമ്പനിയെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാക്കുകയാണ്.
ഇതിനാല്‍ സ്വകാര്യകമ്പനിയില്‍നിന്ന് അധികതുക നല്‍കി മീറ്ററുകള്‍ വാങ്ങേണ്ട ഗതികേടിലാണ് ഉപഭോക്താക്കള്‍.
സര്‍ക്കാര്‍ നിരക്കുപ്രകാരം 1700 രൂപ ഒ.വൈ.സിയായി അടച്ചാല്‍ മീറ്ററും വൈദ്യുതി ലഭ്യമാക്കാനുള്ള ഫീസുമാകും. എന്നാല്‍ സെക്ഷന്‍ ഓഫിസില്‍ മീറ്ററിലെങ്കില്‍ സ്വകാര്യ കമ്പനിയില്‍ നിന്ന് 845 രൂപയ്ക്ക് മീറ്റര്‍ വാങ്ങിയാലും ഒ.വൈ.സിയായി ഉപഭോക്താവ് 1700 രൂപ തന്നെ കെ.എസ്.ഇ.ബിക്ക് നല്‍കണം.
ഉപഭോക്താവ് ആവശ്യപ്പെട്ടാല്‍ മാത്രം സര്‍ക്കിള്‍തലത്തില്‍ ആരംഭിച്ചിട്ടുള്ള സ്വകാര്യകമ്പനിയുടെ സ്റ്റോറുകളില്‍നിന്ന് മീറ്ററുകള്‍ വാങ്ങി ഓഫിസുകളില്‍ ഹാജരാക്കിയാല്‍ കണക്ഷന്‍ നല്‍കാവുന്നതാണെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ മറവിലാണ് ഈ വെട്ടിപ്പ്. ഇത്തരത്തില്‍ സ്വകാര്യ കമ്പനിക്ക് ലാഭമുണ്ടാക്കി കൊടുത്ത് ഉദ്യോഗസ്ഥര്‍ കമ്മിഷന്‍ പറ്റുന്നതായും ആക്ഷേപമുണ്ട്. മലപ്പുറത്തെ മൂന്ന് സര്‍ക്കിള്‍ ഓഫിസുകളിലാണ് സ്വകാര്യകമ്പനിയുടെ മീറ്റര്‍ വില്‍പനകേന്ദ്രം നിലവിലുള്ളത്. ഈ സര്‍ക്കിളുകള്‍ക്ക് കീഴില്‍ നൂറുകണക്കിന് സെക്ഷന്‍ ഓഫിസുകളുണ്ട്. ഇവിടങ്ങളിലെ ഉപഭോക്താക്കളെല്ലാം മീറ്ററിനായി ഈ മൂന്നു വില്‍പനകേന്ദ്രങ്ങളിലായി കാത്തുകെട്ടിക്കിടക്കേണ്ട അവസ്ഥയാണുള്ളത്.
സ്വകാര്യകമ്പനിയില്‍ നിന്ന് വാങ്ങുന്ന മീറ്ററിന്റെ സുരക്ഷിതത്വം സംബന്ധിച്ചു വ്യക്തതയില്ലാത്തതും മറ്റൊരു പ്രശ്‌നമാണ്. മീറ്ററിന് ഏതെങ്കിലും തരത്തിലുള്ള തകരാര്‍ സംഭവിച്ചാല്‍ ആര് മാറ്റിസ്ഥാപിക്കും എപ്പോള്‍ സ്ഥാപിക്കുമെന്നത് സംബന്ധിച്ച ജനങ്ങളുടെ സംശയത്തിന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ വ്യക്തമായ മറുപടിയും നല്‍കാറില്ല. ഇതിനാല്‍ കെ.എസ്.ഇ.ബി കഴിഞ്ഞ കാലങ്ങളില്‍ നല്‍കിയ സര്‍വിസ് കണക്ഷന്‍ നടപടികള്‍ തുടര്‍ന്നും ലഭ്യമാക്കണമെന്നും ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കണമെന്നും ഇലക്ട്രിക്കല്‍ വയര്‍മാന്‍, സൂപ്പര്‍വൈസര്‍ കോട്രാക്ടേഴ്‌സ് ഏകോപന സമിതി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."