പണ്ഡിത നിരയിലെ സൗമ്യ സാന്നിധ്യം
വിടപറഞ്ഞ ഉസ്താദ് സുലൈമാന്‍ ഫൈസി മാളിയേക്കല്‍ സമസ്തയുടെ സംഘടനാ ശാക്തീകരണ രംഗത്ത് മികച്ച സംഘാടകനും പ്രവര്‍ത്തകനുമായിരുന്നു. കോഴിക്കോട് നഗരത്തിലെ പ്രസിദ്ധമായ നടക്കാവ് ജുമുഅത്ത് പള്ളിയില്‍ അദ്ദേഹം സേവനം ചെയ്യുന്ന കാലത്താണ് സമസ്തയില്‍ നിന്ന് ഒരുവിഭാഗത്തെ മാറ്റി നിര്‍ത്തിയത്.
കോഴിക്കോട് ഫ്രാന്‍സിസ് റോഡിലെ സമസ്തയുടെ ഓഫിസ് കേന്ദ്രീകരിച്ചും നടക്കാവ് ജുമുഅത്തു പള്ളി കേന്ദ്രീകരിച്ചുമായിരുന്നു ശക്തമായ പ്രവര്‍ത്തനം. ഓഫിസില്‍ സമസ്തയുടെ അഭിവന്ദ്യനായ സെക്രട്ടറി ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രവര്‍ത്തനങ്ങള്‍ നേരിട്ടേറ്റെടുത്തു നടത്തിയിരുന്ന കാലം. എന്നാല്‍, നടക്കാവ് പള്ളി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്നത് സുലൈമാന്‍ ഫൈസി മാളിയേക്കലായിരുന്നു.
മറുവിഭാഗം വിമത പ്രവര്‍ത്തനവുമായി മുന്നോട്ടു പോകുമ്പോഴാണ് സമസ്തയെ അംഗീകരിക്കുന്ന മദ്‌റസാ അധ്യാപകര്‍ സാക്ഷിപത്രത്തില്‍ ഒപ്പുവയ്ക്കണമെന്ന സര്‍ക്കുലര്‍ കെ.ടി മാനു മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പുറത്തിറക്കുന്നത്. സമസ്തയെ അംഗീകരിക്കുന്ന മഹല്ലുകളില്‍ ജോലി ചെയ്യുന്ന മറുവിഭാഗം അധ്യാപകരില്‍ പലര്‍ക്കും ഇതില്‍ വലിയ നീരസം തോന്നി. ഒപ്പുവയ്ക്കാത്തവരെ മദ്‌റസകളില്‍ നിന്ന് പുറത്താക്കി പുതിയ അധ്യാപകരെ നിയമിക്കാന്‍ മഹല്ല് കമ്മിറ്റികള്‍ നിര്‍ബന്ധിതരായി. വിമത വിഭാഗത്തെ അംഗീകരിക്കുന്ന മഹല്ലുകളില്‍ നിന്ന് പല അധ്യാപകരും ജോലി രാജിവച്ചു.
ഈ സമയത്താണ് കോഴിക്കോട് നടക്കാവ് പള്ളി കേന്ദ്രീകരിച്ച് ഉസ്താദ് സുലൈമാന്‍ ഫൈസി ഉണര്‍ന്നു പ്രവര്‍ത്തിച്ചത്. അദ്ദേഹത്തിന്റെ പള്ളി മുറി അധ്യാപക കൈമാറ്റ കേന്ദ്രമായി വര്‍ത്തിച്ചു. ജോലി നഷ്ടപ്പെട്ടവര്‍ നേരെ നടക്കാവിലേക്ക് വണ്ടി കയറും. സുലൈമാന്‍ ഫൈസിയുടെ ഡയറിയായ മുഅല്ലിം തൊഴിലവസര രജിസ്റ്ററില്‍ പേരു ചേര്‍ക്കാന്‍. പിന്നീട് അദ്ദേഹത്തെ സമീപിക്കുക മഹല്ലു ഭാരവാഹികളായിരിക്കും.
മഹല്ലുകളിലെ മദ്‌റസകളിലേക്ക് സമസ്തക്കാരായ അധ്യാപകരെയും പള്ളികളിലേക്ക് ഖാസി മുദരിസ് ഖത്തീബ്മാരെയും നല്‍കുക എന്ന ചരിത്രപരമായ ദൗത്യമാണ് അന്നദ്ദേഹം നിര്‍വഹിച്ചത്. അക്കാലത്ത് അത്തരം വ്യക്തികള്‍ നടത്തിയ അണിയറപ്രവര്‍ത്തനങ്ങള്‍ സംഘടനാപരമായി സമസ്തക്ക് വലിയ അസ്ഥിത്വമാണ് ഉണ്ടാക്കിക്കൊടുത്തത്. ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ പലപ്പോഴും ഓഫിസില്‍ നിന്ന് നടക്കാവ് വഴി മേരിക്കുന്നിലെ വീട്ടിലേക്ക് മടങ്ങുമ്പോള്‍ നടക്കാവ് ജുമുഅത്ത് പള്ളിയുടെ മുന്‍പില്‍ വന്ന് കാര്‍ നിര്‍ത്തും. ശേഷം പതിഞ്ഞ സ്വരത്തില്‍ സുലൈമാനെ ഇങ്ങോട്ടു വിളിക്കൂ... എന്ന് കല്‍പ്പിക്കും. ഉടനെ മഹാഗുരുവിന്റെ പ്രിയപ്പെട്ട ശിഷ്യന്‍ ഭവ്യതയോടെ അടുത്തെത്തും. ഉടന്‍ ശംസുല്‍ ഉലമയുടെ ചോദ്യം വരും. മുഅല്ലിം എക്‌സ്‌ചെയ്‌ഞ്ചൊക്കെ കാര്യമായി നടക്കുന്നില്ലേ...
സമസ്തയില്‍ വിഘടിത വിഭാഗം ഉടലെടുത്തപ്പോള്‍ ജാമിഅ നൂരിയ്യയിലെ പൂര്‍വ വിദ്യാര്‍ഥി വിഭാഗമായ ഓസ്‌ഫോജനയുടെ നേതൃത്വത്തില്‍ കോഴിക്കോട് ടാഗോര്‍ സെന്ററിനറി ഹാളില്‍ വിളിച്ചുചേര്‍ത്ത പണ്ഡിത ക്യാംപിന്റെ മേഖലാ കണ്‍വീനറായി അദ്ദേഹം നിറഞ്ഞു നിന്നു. ഓസ്‌ഫോജനയെ പിളര്‍ത്താന്‍ ഫൈസീസ് അസോസിയേഷനുമായി രംഗത്തിറങ്ങിയ ചിലരുടെ സങ്കുചിത താല്‍പര്യമാണ് അതോടെ ഇല്ലാതായത്. 89ല്‍ സാമൂതിരി ഹൈസ്‌കൂളില്‍ എസ്.കെ.എസ്.എസ്.എഫ് രൂപീകരണ കണ്‍വെന്‍ഷന്‍ വിജയിപ്പിക്കുന്നതിലും മുന്നില്‍നിന്ന് പ്രവര്‍ത്തിച്ചു. ഗൂഡല്ലൂരില്‍ സേവനം ചെയ്യുന്ന കാലത്ത് സമസ്ത നീലഗിരി ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്നു.
മലപ്പുറം ജില്ലയിലെ കാളികാവിനടുത്ത മാളിയേക്കല്‍ ദേശത്ത് മാട്ടായി ഉണ്ണിമമ്മദ് ഹാജിയുടേയും ഫാത്വിമയുടേയും മകനായ ജനിച്ചു. സൗമ്യമായ പെരുമാറ്റരീതി കൊണ്ടും സ്വതസിദ്ധമായ സ്‌നേഹവായ്പ്പുകള്‍ കൊണ്ടും പരിചിതരായവരുടെയെല്ലാം സ്‌നേഹാദരവുകള്‍ ഏറ്റുവാങ്ങിയ പണ്ഡിതന്‍ കൂടിയായിരുന്നു ഉസ്താദ് സുലൈമാന്‍ ഫൈസി. നാട്ടിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ദര്‍സീരംഗത്തേക്കു തിരിഞ്ഞ ഉസ്താദ് പ്രമുഖരായ പല ഗുരുനാഥരില്‍ നിന്നും കിതാബോതി.
മാളിയേക്കല്‍, വാഴക്കാട്, ആലത്തൂര്‍, പൊട്ടച്ചിറ അന്‍വരിയ്യ അറബിക്കോളജ്, വാഴയൂര്‍, മലപ്പുറം പൊടിയാട്, പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജ് എന്നിവിടങ്ങളിലായിരുന്നു പഠനം. പുഴക്കല്‍ മുഹമ്മദ് മുസ്‌ലിയാര്‍, എടപ്പുലം ബാപ്പുട്ടി മുസ്‌ലിയാര്‍, കെ.കെ അബൂബക്കര്‍ ഹസ്രത്ത്, സമസ്ത കേന്ദ്ര മുശാവറ അംഗവും ഭാര്യാപിതാവുമായ ഒ. കുട്ടി മുസ്‌ലിയാര്‍ അമ്പലക്കടവ്, ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിവരാണ് പ്രധാന ഉസ്താദുമാര്‍. 1972ല്‍ ജാമിഅ നൂരിയ്യയിലെ പഠനം പൂര്‍ത്തീകരിച്ച ശേഷം കണ്ണൂര്‍ ജില്ലയിലെ മാലൂര്‍, പാലോട്ടുപള്ളി, നടക്കാവ്, കാളികാവ്, ഗൂഡല്ലൂര്‍, അടക്കാക്കുണ്ട്, കണ്ണൂക്കര, കരുവാരകുണ്ട് പണത്തുമ്മല്‍ ജുമാമസ്ജിദ് തുടങ്ങിയ സ്ഥലങ്ങളില്‍ സേവനം ചെയ്തു. നടക്കാവില്‍ സേവനം ചെയ്യുന്ന കാലത്താണ് കേരളമുഖ്യമന്ത്രിയും മുസ് ലിം ലീഗ് നേതാവുമായ സി.എച്ച് മുഹമ്മദ് കോയ വിടപറഞ്ഞത്. അന്ന് സി.എച്ചിന്റെ മരണാനന്തര ചടങ്ങുകള്‍ക്കെല്ലാം നേതൃത്വം നല്‍കിയത് സുലൈമാന്‍ ഫൈസിയായിരുന്നു.
അനക്കത്തിലും അടക്കത്തിലും സമസ്തയെന്ന ആദര്‍ശ പ്രസ്ഥാനത്തെ കൂടെക്കൊണ്ടു നടന്ന മറ്റൊരു മഹദ്‌വ്യക്തി കൂടി വിടപറഞ്ഞിരിക്കുകയാണ്. പക്ഷേ, അവര്‍ ചെയ്തുതീര്‍ത്ത സുകൃതങ്ങളാണ് പുതിയ തലമുറ അനുഭവിക്കുന്ന സുഖസൗകര്യങ്ങളത്രയും. അവര്‍ ജീവിതകാലത്ത് അനുഭവിച്ച മാനസിക സങ്കര്‍ഷങ്ങളാണ് പുതിയ തലമുറയുടെ മാനസിക സൗഖ്യങ്ങളത്രയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."