മതപഠന കേന്ദ്രത്തിലേക്ക് രേഖകളില്ലാതെ ട്രെയിനില്‍ കൊണ്ടുവന്ന 16 കുട്ടികളുടെ യാത്ര ആര്‍പിഎഫ് തടഞ്ഞു
പാലക്കാട്: മതപഠന കേന്ദ്രത്തിലേക്ക് രേഖകളില്ലാതെ ട്രെയിനില്‍ കൊണ്ടുവന്ന 16 കുട്ടികളുടെ യാത്ര ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ തടഞ്ഞു. വേദഗ്രന്ഥ പഠനത്തിനായി കേരളത്തിലേക്ക് കൊണ്ടുവന്ന ബിഹാര്‍ സ്വദേശികളായ കുട്ടികളെ പാലക്കാട് ആര്‍പിഎഫ് പിടികൂടി ശിശുക്ഷേമ സമിതിയ്ക്ക് കൈമാറി. പാലക്കാട് കരിങ്കരപ്പുള്ളിയിലെ ശാരദ മതപഠന കേന്ദ്രത്തിലേക്ക് ട്രെയിനില്‍ കൊണ്ടുവന്ന കുട്ടികളുടെ യാത്രയാണ് ആര്‍പിഎഫ് തടഞ്ഞത്. കേരള എക്‌സ്പ്രസ് ട്രെയിനില്‍ രാവിലെ 6.20 നാണ് ബിഹാര്‍ സ്വദേശികളായ 16 കുട്ടികള്‍ പാലക്കാട് ഒലവക്കോട് റെയില്‍വേ സ്റ്റേഷനിലെത്തിയത്.
25 വയസുകാരനായ രാം നാരായണ പാണ്ഡ്യയാണ് കെയര്‍ ടേക്കറായി കുട്ടികളോടൊപ്പമുണ്ടായിരുന്നത്. 9 മുതല്‍ 16 വയസുവരെയുള്ള കുട്ടികളെ കണ്ടതോടെ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ സംഘത്തിന്റെ യാത്ര തടഞ്ഞ് പരിശോധിക്കുകയായിരുന്നു. പാലക്കാട് കരിങ്കരപുള്ളിയിലെ ശാരദ ട്രസ്റ്റ് എന്ന സ്ഥാപനത്തില്‍ വേദഗ്രന്ഥ പഠനത്തിനെത്തിയതാണെന്നാണ് രാം നാരായണ പാണ്ഡ്യ പറഞ്ഞത്. എന്നാല്‍ ഇതിനാവശ്യമായ രേഖകളെന്നും രാം നാരായാണ പാണ്ഡ്യയുടെ പക്കലുണ്ടായിരുന്നില്ല. 10 കുട്ടികള്‍ക്ക് മാത്രമാണ് യാത്രാ ടിക്കറ്റ് ഉണ്ടായിരുന്നത്.
ഇതോടെ ചൈല്‍ഡ് ലൈന്‍ അധികൃതരെ ആര്‍പിഎഫ് വിളിച്ചുവരുത്തി. വിവരം അറിഞ്ഞതിനെ തുടര്‍ന്ന് ശാരദ ട്രസ്റ്റ് ജീവനക്കാരും ഒലവക്കോടെത്തി. കുട്ടികള്‍ ട്രസ്റ്റിലെ വിദ്യാര്‍ത്ഥികളാണെന്നും ലോക്ഡൗണ്‍ കാലത്ത് ഇവര്‍ ബിഹാറിലേക്ക് മടങ്ങിയതാണെന്നും ട്രസ്റ്റ് ജീവനക്കാര്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു. എന്നാല്‍ രക്ഷിതാക്കളുടെ സമ്മത പത്രമടക്കമുള്ള രേഖകള്‍ ഹാജരാക്കാതെ കുട്ടികളെ വിട്ടുതരില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 10 ദിവസത്തിനുള്ളില്‍ കുട്ടികളുടെയും സ്ഥാപനത്തിന്റെയും എല്ലാ രേഖകളും ഹാജരാക്കാനാണ് നിര്‍ദ്ദേശം. അതുവരെ വടക്കന്തറയിലെ ചൈല്‍ഡ് കെയര്‍ സെന്ററില്‍ കുട്ടികളെ പാര്‍പ്പിക്കാനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."