കല്ലടയെ തൊടാന്‍ പേടി
കൊച്ചി: കല്ലട ബസില്‍ ഡ്രൈവര്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം പുറത്ത് വരുമ്പോള്‍ കല്ലടക്കെതിരേ നേരത്തെയുള്ള കേസിലെ നടപടികള്‍ കടലാസില്‍. ഒരു മാസം മുന്‍പ് യാത്രക്കാരായ യുവാക്കളെ മര്‍ദിച്ച സംഭവത്തില്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ നടപടിയായില്ല. ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുവാന്‍ മോട്ടോര്‍വാഹന വകുപ്പ് നടപടികള്‍ തുടങ്ങിയെങ്കിലും ഒരു മാസം പിന്നിട്ടിട്ടും നടപടി എവിടെയും എത്തിയില്ല. എറണാകുളം ആര്‍.ടി.ഒ പെര്‍മിറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇരിങ്ങാലക്കുട ജോയിന്റ് ആര്‍.ടി.ഒയ്ക്ക് നിര്‍ദേശം നല്‍കിയിട്ടും കാര്യമുണ്ടായില്ല.
ആര്‍.ടി.ഒ ബോര്‍ഡ് യോഗം ചേരാത്തതാണ് പെര്‍മിറ്റ് റദ്ദാക്കല്‍ നീണ്ടുപോയതെന്നാണ് വിശദീകരണം. കല്ലട ബസില്‍ യുവതിക്ക് നേരെ പീഡനശ്രമമുണ്ടായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊച്ചിയില്‍ യാത്രക്കാരെ മര്‍ദിച്ച കേസില്‍ മോട്ടോര്‍വാഹന വകുപ്പ് കാര്യമായ നിയമനടപടികള്‍ സ്വീകരിച്ചില്ലെന്ന് തെളിഞ്ഞത്. കോടതിയുടെ പരിഗണനയില്‍ നില്‍ക്കുന്ന കേസായതുകൊണ്ട് ജോയിന്റ് ആര്‍.ടി.ഒയ്ക്ക് നേരിട്ട് വിഷയത്തില്‍ ഇടപെടുവാനോ പെര്‍മിറ്റ് റദ്ദാക്കുവാനോ സാധിക്കില്ല. അതുകൊണ്ടാണ് ഇരിങ്ങാലക്കുട ജോയിന്റ് ആര്‍.ടി.ഒ പെര്‍മിറ്റ് റദ്ദാക്കല്‍ കേസ് ആര്‍.ടി.ഒ ബോര്‍ഡിന് കൈമാറിയത്. തൃശൂര്‍ ആര്‍.ടി.ഒയുടെ കീഴില്‍ വരുന്ന ആര്‍.ടി.ഒ ബോര്‍ഡായിരുന്നു ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. എന്നാല്‍ ഉദ്യോഗസ്ഥരുടെ അഭാവവും അടിക്കടിയുണ്ടായ സ്ഥലം മാറ്റവും ബോര്‍ഡ് യോഗം ചേരുന്നതിന് തടസമായെന്നാണ് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നത്. എന്നാല്‍ ഉന്നതതല ഇടപടല്‍ കാരണവും ഉടമ സുരേഷ് കല്ലടയുടെ രാഷ്ട്രീയ സ്വാധീനവുമാണ് ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുന്നതില്‍ വീഴ്ച വരുത്തിയിരിക്കുന്നതിന്റെ കാരണമെന്നാണ് ആക്ഷേപം.
അതേ സമയം കല്ലട ബസില്‍ യുവാക്കള്‍ക്ക് മര്‍ദനമേറ്റ കേസില്‍ തുടക്കം മുതല്‍ തന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മേല്‍ കടുത്ത സമ്മര്‍ദമുണ്ടായിരുന്നു. ബസിനുള്ളിലും പുറത്തും വച്ച് യാത്രക്കാരെ മര്‍ദിച്ച സംഭവത്തില്‍ ബസുടമയുടെ ഗൂഢാലോചനയാണ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ പൊലിസ് പ്രധാനമായും പരിശോധിച്ചത്. ഇതേക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ലെന്ന ഉടമ സുരേഷ് കല്ലടയുടെ മൊഴി പൊലിസ് മുഖവിലയ്‌ക്കെടുത്തിരുന്നില്ല.സംഭവമുണ്ടായ രാത്രി പന്ത്രണ്ടരക്കും പുലര്‍ച്ചെ നാലരയ്ക്കും ഇടയ്ക്ക് നടന്ന സംഭവങ്ങളില്‍ ഉടമ സുരേഷ് കല്ലടയുടെ പങ്കാളിത്തമോ മുന്നറിവോ സമ്മതമോ ഉണ്ടായിരുന്നോയെന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ നിലവിലെ അന്വേഷണത്തിന് കഴിഞ്ഞിട്ടില്ല.കേസില്‍ ഏഴു പ്രതികള്‍ അറസ്റ്റിലായെങ്കിലും കൃത്യത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന മദനമേറ്റവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാവുമെന്ന് പൊലിസ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഉന്നതതല ഇടപെടലിനെ തുടര്‍ന്ന് ഇതും അട്ടിമറിക്കപ്പെട്ടതായാണ് വിവരം. ബസിന് വെളിയില്‍ വച്ച് യുവാക്കളെ മര്‍ദ്ദിച്ച എട്ടോളം പേരെയാണ് ഇനി കസ്റ്റഡിയിലെടുക്കാനുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."