സഊദിയില്‍ വിദേശികള്‍ക്ക് കന്നത്ത തിരിച്ചടി നല്‍കി സ്വദേശിവല്‍ക്കരണ അനുപാതം കുത്തനെ കൂട്ടി
ജിദ്ദ: സഊദിയില്‍ വിദേശികള്‍ക്ക് കനത്ത തിരിച്ചടി നല്‍കി പരിഷ്‌കരിച്ച സ്വദേശിവല്‍ക്കരണ അനുപാതം കുത്തനെ കൂട്ടി. ചെറുകിട സ്ഥാപനങ്ങള്‍ ഗ്രീന്‍ കാറ്റഗറി വിഭാഗത്തില്‍ ഉള്‍പ്പെടുന്നതിന് നടപ്പാക്കേണ്ട സഊദിവല്‍ക്കരണ അനുപാതം വലിയ തോതില്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇടത്തരം പച്ച വിഭാഗത്തില്‍ പെടുന്നതിന് നഴ്‌സറി സ്‌കൂളുകള്‍ നടപ്പാക്കേണ്ട സഊദിവല്‍ക്കരണം 46 ശതമാനത്തില്‍ നിന്ന് 85 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്.
നിര്‍മാണ മേഖലയിലെ ചെറുകിട സ്ഥാപനങ്ങള്‍ ഇടത്തരം പച്ചയില്‍ പെടുന്നതിന് പതിനാറു ശതമാനം സഊദിവല്‍ക്കരണം നടപ്പാക്കണം. നിലവില്‍ ഇത്തരം സ്ഥാപനങ്ങള്‍ ഇടത്തരം പച്ചയില്‍ പെടുന്നതിന് പത്തു ശതമാനം സഊദിവല്‍ക്കരണം നടപ്പാക്കിയാല്‍ മതി. ജ്വല്ലറി മേഖലയിലെ ചെറുകിട സ്ഥാപനങ്ങള്‍ പച്ച വിഭാഗത്തില്‍ പെടുന്നതിന് നടപ്പാക്കേണ്ട സഊദിവല്‍ക്കരണം 28 ശതമാനത്തില്‍ നിന്ന് 33 ശതമാനമായി ഉയര്‍ത്തി.
ഫാര്‍മസികള്‍ പച്ചയില്‍ പെടുന്നതിന് 19 ശതമാനം സഊദിവല്‍ക്കരണം നടപ്പാക്കണം.
നിലവില്‍ ഫാര്‍മസികള്‍ പച്ചയില്‍ പെടുന്നതിന് പതിനൊന്നു ശതമാനം സഊദിവല്‍ക്കരണം നടപ്പാക്കിയാല്‍ മതി. ഇടത്തരം പച്ചയിലാകുന്നതിന് നടപ്പാക്കേണ്ട സഊദിവല്‍ക്കരണം ബസ് കമ്പനികള്‍ക്ക് പത്തു ശതമാനത്തില്‍ നിന്ന് പതിനഞ്ചു ശതമാനമായും വ്യോമ ഗതാഗത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 33 ശതമാനത്തില്‍ നിന്ന് 38 ശതമാനമായും ടെലികോം കമ്പനികള്‍ക്ക് 33 ശതമാനത്തില്‍ നിന്ന് 45 ശതമാനമായും സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് നടപടികള്‍ പൂര്‍ത്തിയാക്കി നല്‍കുന്ന തഅ്ഖീബ് ഓഫീസുകള്‍ക്ക് 50 ശതമാനത്തില്‍ നിന്ന് 69 ശതമാനമായും ആരോഗ്യ സേവന സ്ഥാപനങ്ങള്‍ക്ക് 19 ശതമാനത്തില്‍ നിന്ന് 28 ശതമാനമായും വര്‍ധിപ്പിച്ചിട്ടുണ്ട്.
പ്ലാറ്റിനം വിഭാഗത്തില്‍ പെടുന്നതിന് മുഴുവന്‍ സ്ഥാപനങ്ങളും നൂറു ശതമാനം സൗദിവല്‍ക്കരണം നടപ്പാക്കണം. നിതാഖാത്തില്‍ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം പതിനഞ്ചു മേഖലകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആഭരണ നിര്‍മാണം, ഹജ്ജ് ഉംറ ട്രാന്‍സ്‌പോര്‍ട്ടേഷന്‍, ഡയറി ഫാക്ടറികള്‍, അലക്കുകടകള്‍, ക്രഷെകള്‍, വികലാംഗ പരിചരണ കേന്ദ്രങ്ങള്‍, ലേഡീസ് ഉല്‍പന്നങ്ങള്‍, സ്ട്രാറ്റജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, ഹെല്‍ത്ത് കോളജുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍,ലേഡീസ് ടൈലറിംഗ് കേന്ദ്രങ്ങള്‍, ക്ലീനിംഗ്,കാറ്ററിംഗ് കരാറുകള്‍, യൂനിവേഴ്‌സിറ്റി കോളജുകള്‍, മൊബൈല്‍ ഫോണ്‍ വില്‍പന,അറ്റകുറ്റപ്പണി, കെമിക്കല്‍ ധാതു വ്യവസായം, ഭക്ഷ്യവസ്തു പ്ലാസ്റ്റിക് നിര്‍മാണം എന്നീ മേഖലകളാണ് നിതാഖാത്തില്‍ പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."