രൂപയുടെ മൂല്യം ഇടിയുന്നു, സ്റ്റീല്‍ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കും
ന്യൂഡല്‍ഹി: രൂപയുടെ മൂല്യം കുത്തനെ ഇടിയുന്ന സാഹചര്യത്തില്‍ സ്റ്റീല്‍ ഉല്‍പന്നങ്ങളില്‍ ചിലതിന് ഇറക്കുമതി തീരുവ വര്‍ധിപ്പിക്കാന്‍ കേന്ദ്ര ഇരുമ്പുരുക്കു മന്ത്രാലയം ശുപാര്‍ശ ചെയ്തു. നിലവില്‍ ഇവക്ക് ഇറക്കുമതി തീരുവ അഞ്ച് ശതമാനം മുതല്‍ 12.5 ശതമാനം വരെയാണ്. ഇത് 15 ശതമാനമായി വര്‍ധിപ്പിക്കണമെന്നാണ് മന്ത്രാലയം നിര്‍ദേശിച്ചത്.
ഡോളറിനെതിരേ രൂപയുടെ മൂല്യം വന്‍തോതില്‍ ഇടിയുന്ന സാഹചര്യത്തിലാണ് ഇറക്കുമതി തീരുവ വര്‍ധിപ്പിച്ച് അതുവഴി ഡോളറിന്റെ ഒഴുക്ക് തടയാന്‍ തീരുമാനിച്ചത്.
അതേസമയം, മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി വഴി ആഭ്യന്തര ഇരുമ്പ്-ഉരുക്ക് ഉല്‍പാദനം വര്‍ധിപ്പിക്കുകയെന്നതും ലക്ഷ്യമാണ്. എന്നാല്‍ ഇതുസംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കാന്‍ വ്യാപാര മന്ത്രാലയമോ ഉരുക്ക് മന്ത്രാലയമോ തയാറായില്ല.
ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവന്നതോടെ ഇന്നലെ വൈകുന്നേരത്തോടെ രാജ്യത്തെ ഉരുക്കുനിര്‍മാണ കമ്പനികള്‍ ഓഹരി വിപണയില്‍ വന്‍നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്. ജെ.എസ്.ഡബ്ല്യു സ്റ്റീല്‍ ലിമിറ്റഡ് 3.3 ശതമാനമാണ് ഓഹരി വിപണിയില്‍ നേട്ടം കൊയ്തത്. ടാറ്റ സ്റ്റീലും ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍ ലിമിറ്റഡും രണ്ട് ശതമാനമാണ് ഓഹരി വിപണിയില്‍ നേട്ടം കാഴ്ചവച്ചത്.
രാജ്യത്തെ പൊതുമേഖലാ സ്ഥാപനമായ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡും രണ്ട് ശതമാനത്തിലധികം നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.
ഡോളറിനെതിരേ രൂപയുടെ മൂല്യം 72.99 ആയി താഴ്ന്നിട്ടുണ്ട്. ഇതോടെ ഡോളര്‍ വിറ്റഴിച്ച് രൂപയുടെ മൂല്യം സംരക്ഷിക്കാന്‍ ആര്‍.ബി.ഐ തീരുമാനിച്ചിട്ടുണ്ട്. ഇതിനുപിന്നാലെയാണ് സ്റ്റീല്‍ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.
2017-18 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സ്റ്റീല്‍ ഇറക്കുമതി 650 കോടി ഡോളറിന്റേതായിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷത്തിലെ ഏറ്റവും കൂടുതല്‍ സ്റ്റീല്‍ ഇറക്കുമതിയാണ് ജൂണില്‍ അവസാനിച്ച മൂന്നുമാസത്തില്‍ ഉണ്ടായത്. 21 ലക്ഷം ടണ്‍ സ്റ്റീല്‍ ആണ് മൂന്നുമാസത്തെ ഇറക്കുമതി.
ജപ്പാന്‍, ദ.കൊറിയ എന്നീ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവച്ചതിനെ തുടര്‍ന്ന് രാജ്യത്തെ ഇറക്കുമതി ചെയ്യുന്ന 84 ലക്ഷം ടണ്ണില്‍ 45 ശതമാനവും ഈ രാജ്യങ്ങളില്‍ നിന്നാണ്. എന്നാല്‍ സ്റ്റീല്‍ ഇറക്കുമതി ചെയ്യുന്ന മറ്റു രാജ്യങ്ങളായ ചൈന, ദ.ആഫ്രിക്ക, മലേഷ്യ, റഷ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങള്‍ക്ക് തീരുവ വര്‍ധിപ്പിച്ചത് തിരിച്ചടിയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."