മെസ്സിക്കരുത്തില്‍ ബാഴ്‌സലോണ
കാംപ് നൗ: ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ബാഴ്‌സലോണക്കും ലിവര്‍പൂളിനും ജയം. സ്വന്തം മൈതാനമായ കാംപ് നൗവില്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് ബാഴ്‌സലോണ പി.എസ്.വി ഐന്തോവനെ പരാജയപ്പെടുത്തിത്. ക്യാപ്റ്റന്‍ ലയണല്‍ മെസ്സിയുടെ ഹാട്രിക്കിന്റെ പിന്‍ബലത്തിലായിരുന്നു ബാഴ്‌സ മികച്ച വിജയം നേടിയത്. 31, 77, 87 മിനുട്ടുകളിലായിരുന്നു മെസ്സിയുടെ ഗോള്‍. പുതിസ സീസണില്‍ ചാംപ്യന്‍സ് ലീഗിലെ ആദ്യത്തെ ഹാട്രിക്കും മെസ്സി സ്വന്തമാക്കി. 74-ാം മിനുട്ടില്‍ ഫ്രഞ്ച് താരം ഒസ്മാന്‍ ഡംബലേയാണ് ബാഴ്‌സയുടെ ഒരു ഗോള്‍ നേടിയത്. 79-ാം മിനുട്ടില്‍ ബാഴ്‌സയുടെ പ്രതിരോധ താരം സാമുവല്‍ ഉംറ്റിറ്റി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി.
ബാഴ്‌സ പത്തുപേരായി ചുരുങ്ങിയിട്ടും പി.എസ്.വിക്ക് അവസരം മുതലാക്കാനായില്ല. ഇറ്റാലിയന്‍ ക്ലബായ ഇന്റര്‍മിലാനെതിരായ മത്സരത്തില്‍ 2-1 എന്ന സ്‌കോറിന് ടോട്ടനം പരാജയപ്പെട്ടു. ഇന്റര്‍മിലാന് വേണ്ടി അര്‍ജന്റീനന്‍ താരം മോറോ ഇക്കാര്‍ഡി (85), മാതിയാസ് വെസിനോ (92) എന്നിവര്‍ ഗോളുകള്‍ സ്വന്തമാക്കി. 53-ാം മിനുട്ടില്‍ ക്രിസ്റ്റ്യന്‍ എറിക്‌സനാണ് ടോട്ടനത്തിന്റെ ഗോള്‍ നേടിയത്. ബെല്‍ജിയം ക്ലബായ ബ്രുഗയെ എതിരില്ലാത്ത ഒരു ഗോളിന് ജര്‍മന്‍ ക്ലബായ ബൊറൂസിയ ഡോര്‍ട്മുണ്ട് പരാജയപ്പെടുത്തി. ക്രിസ്റ്റ്യന്‍ പള്‍സിച്ചാണ് ബൊറൂസിയക്കായി ഗോള്‍ നേടിയത്. ഷാല്‍ക്കെയും പോര്‍ട്ടോയും തമ്മിലുള്ള മത്സരം 1-1 സ്‌കോറില്‍ സമനിലയില്‍ കലാശിച്ചു. ലാലിഗ കരുത്തന്‍മാരായ അത്‌ലറ്റിക്കോ മാഡ്രിഡ് 2-1 എന്ന സ്‌കോറിന് മോണോക്കോയെ പരാജയപ്പെടുത്തി. ഡീഗോ കോസ്റ്റ (31), ജോസ് ജിമെനസ് (46) എന്നിവരാണ് അത്‌ലറ്റിക്കോക്ക് വേണ്ടി ഗോള്‍ സ്വന്തമാക്കിയത്.
18-ാം മിനുട്ടില്‍ സാമുവല്‍ ഗ്രാന്‍ഡ്‌സറിലൂടെ മോണോക്കോയാണ് ആദ്യം ഗോള്‍ നേടിയത്. പിന്നീട് രണ്ട് ഗോളടിച്ച് അത്‌ലറ്റിക്കോ മാഡ്രിഡ് മത്സരം സ്വന്തം വരുതിയിലാക്കുകയായിരുന്നു. ഇംഗ്ലിഷ് കരുത്തന്‍മാരായ ലിവര്‍പൂളും ഫ്രഞ്ച് ശക്തികളായ പി.എസ്.ജിയും തമ്മിലുള്ള മത്സരത്തില്‍ 3-2ന് പി.എസ്.ജി പരാജയപ്പെട്ടു. നെയ്മറടക്കമുള്ള മികച്ച നിരയുണ്ടായിട്ടും പി.എസ്.ജിക്ക് ജയിക്കാനായില്ല. ആദ്യ പകുതിയില്‍ രണ്ട് ഗോളുകള്‍ക്ക് ലിവര്‍പൂള്‍ മുന്നിട്ട് നില്‍ക്കുകയായിരുന്നു.
മികച്ച പോരാട്ടത്തിലൂടെ പി.എസ്.ജി രണ്ടാം പകുതിക്ക് ശേഷം ഗോള്‍ മടക്കി സമനില പാലിച്ചെങ്കിലും 91-ാം മിനുട്ടില്‍ ഗോള്‍ നേടി ലിവര്‍പൂള്‍ ജയം കൈക്കലാക്കുകയായിരുന്നു. ഡാനിയേല്‍ സ്റ്ററിഡ്ജ് (30), ജെയിംസ് മില്‍നര്‍ (36), റോബര്‍ട്ട് ഫെര്‍മിഞ്ഞോ (91) എന്നിവരാണ് ലിവര്‍പൂളിന് വേണ്ടി ഗോളുകള്‍ സ്വന്തമാക്കിയത്. തോമസ് മൂനിയര്‍ (40), കിലിയന്‍ എംബാപ്പെ (83) എന്നിവരാണ് പി.എസ്.ജിക്കായി ഗോളുകള്‍ നേടിയത്. സെര്‍ബിയന്‍ ക്ലബായ റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡും ഇറ്റാലിയന്‍ ടീം നാപോളിയും തമ്മിലുള്ള മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു.
ടര്‍ക്കിഷ് ക്ലബായ എസ്.കെ ഗലാത് സറെക്കെതിരായ മത്സരത്തില്‍ റഷ്യന്‍ ക്ലബായ ലോകോമോട്ടീവ് മോസ്‌കോ 3-0ന് പരാജയപ്പെട്ടു. ഗരി റോഡ്രിഗസ് (9), എറന്‍ ഡെര്‍ഡിയോക്ക് (67), സെലുക്ക് ഇനാന്‍ (94) എന്നിവരാണ് ഗലാത് സറെക്ക് വേണ്ടി ഗോളുകള്‍ നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."