ഇസ്‌റാഈല്‍ വെടിവയ്പില്‍ മൂന്ന് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
ഗസ്സ: അധിനിവിഷ്ട കിഴക്കന്‍ ജറൂസലമിലും ഗസ്സയിലും ഇസ്‌റാഈല്‍ സൈന്യം നടത്തിയ വെടിവയ്പില്‍ മൂന്ന് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.
ഇസ്‌റാഈലുമായി അതിര്‍ത്തി പങ്കിടുന്ന ചെക്ക് പോസ്റ്റായ ബൈത്ത് ഹനൂനില്‍ ചൊവ്വാഴ്ച ഉച്ചക്ക് ശേഷം നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കെതിരേയുണ്ടായ വെടിവയ്പിലാണ് രണ്ട് പേര്‍ കൊല്ലപ്പെട്ടത്. മുഹമ്മദ് അബൂ നാജി (34), മുഹമ്മദ് ഉമര്‍(20) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം പറഞ്ഞു.
30 പേര്‍ക്ക് പരുക്കേറ്റുവെന്ന് മന്ത്രാലയം അറിയിച്ചു. ഗസ്സക്കെതിരേയുള്ള ഉപരോധം പിന്‍വലിക്കണമെന്നും യു.എന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കുള്ള ധന സഹായം റദ്ദാക്കിയതിനുമെതിരേയാണ് പ്രതിഷേധം നടത്തിയത്. അധിനിവിഷ്ട കിഴക്കന്‍ ജറൂസലമിലെ മുസ്‌റാറയിലാണ് മറ്റൊരു ഫലസ്തീനിയെ സൈന്യം കൊലപ്പെടുത്തിയത്. ഖലന്ദിയ അഭയാര്‍ഥി ക്യംപിലെ മുഹമ്മദ് യൂസുഫ് അലിയാന്‍ (26) ആണ് കൊല്ലപ്പെട്ടതെന്ന് ഫലസ്തീന്‍ വാര്‍ത്താ ഏജന്‍സിയായ വഫ റിപ്പോര്‍ട്ട് ചെയ്തു. ഇസ്‌റാഈലുകാരനെ കുത്തിപ്പരുക്കേല്‍പ്പിക്കാന്‍ ഇദ്ദേഹം ആയുധം കൈവശംവച്ചുവെന്നാണ് സൈന്യത്തിന്റെ ആരോപണം. എന്നാല്‍ ഇദ്ദേഹത്തില്‍ നിന്ന് ആയുധങ്ങളൊന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
അലിയാന്‍ രക്ഷപ്പെടാനായി ശ്രമിച്ചെങ്കിലും സൈന്യം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷി പറഞ്ഞു. പരുക്കേറ്റ അലിയാന് ചികിത്സ നല്‍കുന്നതില്‍നിന്ന് പൊലിസ് തടഞ്ഞുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മൃതദേഹം ഇസ്‌റാഈല്‍ ഇതുവരെ വിട്ടുകൊടുത്തിട്ടില്ല.
സൈന്യത്തിന്റെ വ്യോമാക്രമണത്തില്‍ തിങ്കളാഴ്ച രണ്ടു ഫലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു. ഇബ്രാഹിം അല്‍ നജ്ജാര്‍, മുഹമ്മദ് ഖാദര്‍ എന്നിവരാണു കൊല്ലപ്പെട്ടിരുന്നത്. അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ സൈന്യം അറസ്റ്റ് ചെയ്ത മുഹമ്മദ് അല്‍ റിമാവി (24) കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ മരിച്ചിരുന്നു. സൈന്യത്തിന്റെ മര്‍ദനത്തിലാണ് ഇദ്ദേഹം മരിച്ചത്. ഇസ്‌റാഈല്‍ അധിനിവേഷത്തിനെതിരേ മാര്‍ച്ച് മുതല്‍ ഗസ്സയില്‍ ആരംഭിച്ച പ്രതിഷേധത്തില്‍ ഇതുവരെ 172 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."