അംഗീകൃത കേന്ദ്രങ്ങളില്‍ നിന്നുമാത്രം വാങ്ങണമെന്ന് ഉത്തരവ്
തിരുവനന്തപുരം: അങ്കണവാടികള്‍ക്ക് ആവശ്യമായ ഭക്ഷ്യ വസ്തുക്കള്‍ സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ അംഗീകൃത വിതരണ കേന്ദ്രങ്ങളില്‍ നിന്ന് മാത്രമേ വാങ്ങാന്‍ പറ്റുകയുള്ളുവെന്ന് കര്‍ശന നിര്‍ദേശം നല്‍കി സാമൂഹ്യനീതി വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. അങ്കണവാടികള്‍ക്കാവശ്യമായ ഭക്ഷ്യ വസ്തുക്കള്‍ നല്‍കാന്‍ സാധിക്കുകയില്ലെന്ന് സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ അധികൃതരില്‍ നിന്നും എന്‍.ഒ.സി വാങ്ങിയതിന് ശേഷം മാത്രമേ ഭക്ഷ്യസാധനങ്ങള്‍ മറ്റ് വിപണന കേന്ദ്രങ്ങള്‍ വഴി വാങ്ങാവൂ. ഇത്തരത്തില്‍ ഏതെങ്കിലും അങ്കണവാടിയില്‍, സഹകരണ സ്ഥാപനങ്ങളില്‍ നിന്നോ സഹകരണ വിപണന സംഘങ്ങളില്‍ നിന്നോ ഭക്ഷ്യ സാധനങ്ങള്‍ വാങ്ങുന്നുണ്ടെങ്കില്‍ ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍ ഒരു മാസത്തിനുള്ളില്‍ കുട്ടികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധത്തില്‍ സിവില്‍ സപ്ലൈസ് സ്‌റ്റോറുകളില്‍ നിന്ന് വാങ്ങാന്‍ ബദല്‍ സംവിധാനം സ്വീകരിക്കേണ്ടതാണ്. അല്ലാത്തപക്ഷം ഭക്ഷണ സാധനങ്ങള്‍ വാങ്ങിയതിലെ അധികമായി വരുന്ന വില ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാരുടെ ബാധ്യതയായി കണക്കാക്കി തുടര്‍നടപടി സ്വീകരിക്കും.
സംയോജിതശിശു വികസന പദ്ധതിയുടെ ഭാഗമായി അങ്കണവാടികള്‍ മുഖേന നടപ്പാക്കുന്ന പോഷകാഹാര പദ്ധതിയുടെ നടത്തിപ്പ് ചുമതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും കൈമാറിയിരുന്നുവെങ്കിലും പദ്ധതിയുടെ നിര്‍വഹണ ഉദ്യോഗസ്ഥര്‍ ഐ.സി.ഡി.എസ് സുപ്പര്‍വൈസര്‍മാരാണ്. ഭക്ഷ്യ സാധനങ്ങള്‍ ഏത് സ്ഥാപനത്തില്‍ നിന്നും വാങ്ങണമെന്ന് തീരുമാനിക്കുന്നതും തുക ചെലവഴിക്കുന്നതും പഞ്ചായത്ത് കമ്മിറ്റി തീരുമാന പ്രകാരമാണ്.
പലപ്പോഴും സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ വിപണന കേന്ദ്രങ്ങളില്‍ നിന്നും കുറഞ്ഞ വിലക്ക് അങ്കണവാടികള്‍ക്കാവശ്യമായ ഭക്ഷ്യ സാധനങ്ങള്‍ ലഭ്യമാകുമെന്നിരിക്കെ അതിനേക്കാള്‍ കൂടിയ വിലക്ക് മറ്റ് വിപണന കേന്ദ്രങ്ങളില്‍ നിന്നും വാങ്ങുന്ന പ്രവണതയുള്ളതായും ഇത് നിലവിലുള്ള സര്‍ക്കുലറുകള്‍ക്ക് വിരുദ്ധമാണെന്നും അതിന്റെ ബാധ്യത വകുപ്പ് ഉദ്യോഗസ്ഥരുടെ മേല്‍ വരുന്നതായും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിന്റെയടിസ്ഥാനത്തിലാണ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."