വയനാട്ടില്‍ മാവോയിസ്റ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം
കല്‍പ്പറ്റ: വയനാട് പടിഞ്ഞാറത്തറ മീന്‍മുട്ടിക്ക് സമീപം നടന്ന ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് വേല്മുരുകന് കൊല്ലപ്പെട്ട സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവ്. വയനാട് ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുല്ലയെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
മൂന്നുമാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആഭ്യന്തര വകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറി ടി.കെ ജോസ് ഇറക്കിയ ഉത്തരവില്‍ നിര്‍ദേശിച്ചിരിക്കുന്നത്.
അതേസമയം, മജിസ്ട്രേറ്റുതല അന്വേഷണം പൊലിസിനെ സംരക്ഷിക്കാനാണെന്ന ആക്ഷേപം മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നുണ്ട്. നേരത്തെ വൈത്തിരിയില്‍ മാവോയിസ്റ്റ് സി.പി ജലീല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലിസിന് അനുകൂലമായ റിപ്പോര്‍ട്ടാണ് മജിസ്റ്റീരിയല്‍ അന്വേഷണത്തിനൊടുവില്‍ സമര്‍പ്പിക്കപ്പെട്ടത്.
സി.പി ജലീലിന്റെ തോക്കില്‍ നിന്ന് വെടിയുതിര്ന്നിട്ടില്ലെന്ന ഫൊറന്‍സിക് റിപ്പോര്‍ട്ട് പരിഗണിക്കാതെയാണ് ഈ കേസില്‍ മജിസ്റ്റീരിയല്‍ അന്വേഷണം പൂര്‍ത്തിയാക്കിയതെന്ന് സഹോദരന് സി.പി റഷീദ് ആരോപിച്ചിരുന്നു. വേല്മുരുകന് കൊല്ലപ്പെട്ട സംഭവത്തില്‍ തണ്ടര്‍ബോള്‍ട്ട് സേനാംഗങ്ങള്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സഹോദരനും അഭിഭാഷകനുമായ മുരുകന് കഴിഞ്ഞദിവസം കല്‍പ്പറ്റ ജില്ലാ കോടതിയില്‍ ഹരജിയും നല്‍കിയിട്ടുണ്ട്. ഇതിനുപിന്നാലെയാണ് സര്‍ക്കാര്‍ മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."