ബിഹാര്‍ തെരഞ്ഞെടുപ്പ്; നിതീഷിനെ വിഴുങ്ങി
ന്യൂഡല്‍ഹി: ലീഡ് നില മാറി മറിഞ്ഞ ബിഹാറില്‍ ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എയും ആര്‍.ജെ.ഡി നേതൃത്വത്തിലുള്ള മഹാസഖ്യവും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. 243 അംഗ നിയമസഭയില്‍ 123 സീറ്റുകളുമായി എന്‍.ഡി.എയാണ് അല്‍പം മുന്നില്‍. എന്നാല്‍ 112 സീറ്റുകളുമായി മഹാസഖ്യം തൊട്ടുപിന്നാലെയുണ്ട്. 122 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ഫലം മാറി മറിയുന്ന സാഹചര്യമാണുള്ളത്. വോട്ടെണ്ണല്‍ ഇഴഞ്ഞു നീങ്ങുന്നതിനാല്‍ ഫല പ്രഖ്യാപനവും അര്‍ധരാത്രിയിലേക്ക് നീണ്ടു. ഏറ്റവും വലിയ ഒറ്റക്കക്ഷിയാരെന്ന കാര്യത്തിലും ബി.ജെ.പിയും ആര്‍.ജെ.ഡിയും തമ്മില്‍ മത്സരം തുടരുകയാണ്. 76 സീറ്റുകളില്‍ ആര്‍.ജെ.ഡിയും 73 സീറ്റുകളില്‍ ബി.ജെ.പിയും മുന്നിട്ട് നില്‍ക്കുകയാണ്.
ഈ നില തുടര്‍ന്നാല്‍ തൂക്കു മന്ത്രിസഭയായിരിക്കും ബിഹാറില്‍ അധികാരത്തിലെത്തുക. അങ്ങനെ വന്നാല്‍ ചെറുപാര്‍ട്ടികളുടെ നിലപാടുകള്‍ നിര്‍ണായകമാവും. 2015ലെ തെരഞ്ഞടുപ്പില്‍ 71 സീറ്റുകളില്‍ വിജയിച്ച ജെ.ഡി.യുവിന്റെ മുന്നേറ്റം 41 സീറ്റുകളിലേക്ക് ചുരുങ്ങിയതാണ് ഈ തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രധാനപ്പെട്ട സംഭവങ്ങളിലൊന്ന് അതോടൊപ്പം 2015ല്‍ 53 ആയിരുന്ന ബി.ജെ.പി സീറ്റു നില ഇത്തവണ ഉയരാന്‍ സാധ്യതയുണ്ട്.
ബിഹാറില്‍ എന്‍.ഡി.എയിലെ ഏറ്റവും വലിയ കക്ഷിയായി ബി.ജെ.പി ഇതോടെ മാറും. ഇത്തവണ ചിരാഗ് പാസ്വാന്റെ എല്‍.ജെ.പി ഒറ്റയ്ക്ക് മത്സരിച്ചെങ്കിലും ജെ.ഡി.യുവിനെതിരേയാണ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്. ഇതും എന്‍.ഡി.എയില്‍ ഒന്നാമതെത്താന്‍ ബി.ജെ.പിയെ സഹായിച്ചിട്ടുണ്ട്. എല്‍.ജെ.പിക്ക് ഒരു സീറ്റില്‍ മാത്രമാണ് ലീഡുള്ളുവെങ്കിലും ജെ.ഡി.യു മുന്നേറ്റം തടഞ്ഞു.
27 സീറ്റുകളുണ്ടായിരുന്ന കോണ്‍ഗ്രസ് ലീഡ് ഇത്തവണ 19ലേക്ക് താഴ്ന്നു. അസദുദ്ദീന്‍ ഉവൈസിയുടെ ഓള്‍ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ അഞ്ചു സീറ്റുകളില്‍ ഏകദേശം വിജയമുറപ്പിച്ചിട്ടുണ്ട്. ബി.എസ്.പി ഒരു സീറ്റിലും രണ്ട് സ്വതന്ത്രരും മൂന്നേറുന്നുണ്ട്.
തൂക്കു മന്ത്രിസഭ വരികയാണെങ്കില്‍ ഇവരുടെ നിലപാടുകള്‍ നിര്‍ണായകമാവും. തൂക്കു മന്ത്രിസഭ വന്നാല്‍ ആരെ പിന്തുണക്കണമെന്ന കാര്യം ഉവൈസി തീരുമാനിക്കുമെന്ന് ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ ദേശീയ വക്താവ് അസിം വഖാര്‍ പറഞ്ഞു.
രോഗോപൂരില്‍ ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് മുന്നേറുന്നുണ്ട്. ഹസന്‍പൂരില്‍ തേജസ്വി യാദവിന്റെ സഹോദരന്‍ തേജ് പ്രതാപ് യാദവ് വിജയിച്ചു.
എച്ച്.എ.എം നേതാവ് ജിതന്‍ റാം മാഞ്ചി ഇമാം ഗഞ്ച് സീറ്റിലും വിജയിച്ചു. അതേസമയം, വോട്ടെണ്ണല്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ച് മഹാസഖ്യം രംഗത്തുവന്നു. വിഷയത്തില്‍ ആര്‍.ജെ.ഡിയും കോണ്‍ഗ്രസും തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരിക്കുകയാണ്. മൂന്നു മണ്ഡലങ്ങളില്‍ വീണ്ടും വോട്ടെണ്ണണമെന്ന് സി.പി.ഐ (എം.എല്‍)യും ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."