പൊതുസ്ഥലങ്ങളില്‍ പ്ലാസ്റ്റിക് കത്തിക്കല്‍; ഹൈക്കോടതി ഉത്തരവ് അട്ടിമറിച്ചു മഹേഷ്ബാബു
കണ്ണൂര്‍: പൊതുസ്ഥലങ്ങളില്‍ പ്ലാസ്റ്റിക് കത്തിക്കല്‍ തടയണമെന്ന ഹൈക്കോടതി ഉത്തരവ് പൊലിസ് അട്ടിമറിച്ചു. കഴിഞ്ഞമാസം പത്തിനാണ് പൊതുസ്ഥലങ്ങളില്‍ പ്ലാസ്റ്റിക്കും റബറും കത്തിക്കുന്നത് തടഞ്ഞുകൊണ്ട് കോടതി ഉത്തരവിട്ടത്. ആള്‍കേരള റിവര്‍പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജിയെ തുടര്‍ന്നായിരുന്നു നിര്‍ദേശം. ഇതില്‍ നടപടിയെടുക്കുന്നതിനായി ഡി.ജി.പി ലോകനാഥ് ബഹ്‌റ മുഴുവന്‍ പൊലിസ് സ്‌റ്റേഷനുകളിലേക്കും കഴിഞ്ഞ മാസം 23ന് അടിയന്തരസര്‍ക്കുലര്‍ അയക്കുകയും ചെയ്തു. എന്നാല്‍ ഇതിനെതിരേ ചെറുവിരലനക്കാന്‍ പോലും പൊലിസ് ഇതുവരെ തയാറായിട്ടില്ല. കേരളത്തിലെ നഗരങ്ങളില്‍ പട്ടാപ്പകല്‍പ്പോലും നിര്‍ബാധം പ്ലാസ്റ്റിക് കത്തിച്ചുവരികയാണ്. ചെറുനഗരങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ശുചീകരണ തൊഴിലാളികളാണ് ട്രഞ്ചിങ് ഗ്രൗണ്ടുകളില്‍ മാലിന്യം കൂട്ടിയിട്ട് തീകൊടുക്കുന്നത്. വന്‍കിട ഹോട്ടലുകള്‍, ഓഡിറ്റോറിയങ്ങള്‍, വര്‍ക്‌ഷോപ്പുകള്‍, ഷോപ്പിങ് മാളുകള്‍ എന്നിവയൊക്കെ പ്ലാസ്റ്റിക് കത്തിക്കാന്‍ കരാറുകാരെ ഏല്‍പ്പിക്കുന്നുമുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കുന്നതിനെതിരേ പരാതി നല്‍കിയാല്‍ നോക്കാമെന്നാണു പൊലിസ് നിലപാട്. പൊതുസ്ഥലങ്ങളില്‍ പുകവലിക്കുന്നവര്‍ക്കെതിരേ പെറ്റിയടിക്കുന്ന പൊലിസ് ഇതിനെക്കാള്‍ നൂറിരട്ടി ഹാനികരമായ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കുന്നതില്‍ മൗനംപാലിക്കുകയാണെന്ന് പരിസ്ഥിതിപ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."