കുന്ദമംഗലത്തെ വ്യാജമദ്യ നിര്‍മാണ കേന്ദ്രത്തില്‍ റെയ്ഡ്: 600 ലിറ്റര്‍ മദ്യവും നിര്‍മാണ സാമഗ്രികളും പിടികൂടി
കുന്ദമംഗലം: വ്യാജമദ്യ നിര്‍മാണ കേന്ദ്രത്തില്‍ റെയ്ഡ്. 600 ലിറ്റര്‍ മദ്യവും നിര്‍മാണസാമഗ്രികളും പിടികൂടി. ഒരാള്‍ അറസ്റ്റില്‍. കുന്ദമംഗലം പെരിങ്ങൊളം മില്‍മക്ക് പിറകുവശത്തു വീട് വാടകയ്‌ക്കെടുത്ത് നടത്തിയ നിര്‍മാണ കേന്ദ്രത്തില്‍ ഇന്നലെ രാവിലെ പത്തിനായിരുന്നു റെയ്ഡ് നടന്നത്. കണ്ണൂര്‍ ഇരിട്ടി സ്വദേശി ഷിനു എന്ന ജിനോ സെബാസ്റ്റ്യനെയാണ് പിടികൂടിയത്. കുപ്പികള്‍, മെഷീനുകള്‍, സ്പിരിറ്റ് എന്നിവയാണ് പിടികൂടിയ സാമഗ്രികള്‍. വ്യാജ സെക്യൂരിറ്റി ലേബല്‍ പതിച്ചായിരുന്നു വില്‍പന.
ആറു മാസങ്ങള്‍ക്ക് മുന്‍പാണ് ജിനു സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ ജില്ലയിലെ പെരുവയല്‍ പഞ്ചായത്തിലെ പെരിങ്ങൊളം മില്‍മ പ്ലാന്റിന് സമീപത്തു വീട് വാടകയ്‌ക്കെടുത്തത്. ഇന്റീരിയര്‍ വര്‍ക്ക് നടത്തുന്ന തൊഴിലാളികളെന്നു പറഞ്ഞാണ് 10,000 രൂപ വാടകക്ക് അഞ്ചു പേരടങ്ങുന്ന കണ്ണൂര്‍ ഇരിട്ടി സ്വദേശികളായ സംഘം വീടെടുത്തിരുന്നത്.
കഴിഞ്ഞദിവസം ബാലുശ്ശേരിയില്‍ ചില്ലറവില്‍പന കേന്ദ്രത്തില്‍ നടത്തിയ റെയ്ഡില്‍ അറസ്റ്റിലായ ആളില്‍ നിന്നാണ് ഇവിടെ ഇത്തരത്തില്‍ നിര്‍മാണം നടക്കുന്നതായി വിവരം ലഭിച്ചത്.
കഴിഞ്ഞ ഒരുമാസമായി ജില്ലയില്‍ ഓണം സ്‌പെഷല്‍ റെയ്ഡ് നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി പുതിയൊരു പദ്ധതിയും എക്‌സൈസ് വകുപ്പ് ആവിഷ്‌കരിച്ചിരുന്നു. കാംപയിന്‍ എഗൈന്‍സ്റ്റ് ഡ്രഗ് ആന്‍ഡ് ലിക്വര്‍ എന്ന ഈ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ പിടികൂടുന്ന വ്യാജമദ്യ വില്‍പനക്കാര്‍ക്ക് മദ്യം ലഭിക്കുന്ന കേന്ദ്രങ്ങളെ കുറിച്ചും അന്വേഷണം നടത്തിവരികയായിരുന്നു. ഇതിന്റെ ഭാഗമായി ഇന്നലെ ബാലുശ്ശേരിയില്‍ 60 കുപ്പി മദ്യവുമായി പിടികൂടിയ ആളില്‍നിന്ന് ലഭിച്ച മദ്യത്തിന്റെ ലേബലുകള്‍ പരിശോധിച്ചപ്പോള്‍ വ്യാജമാണെന്നു തിരിച്ചറിയുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പെരിങ്ങൊളത്തെ നിര്‍മാണ കേന്ദ്രം പ്രവര്‍ത്തിക്കുന്നതായി വിവരം ലഭിച്ചത്. ഇവിടെ നിന്ന് ബാലുശ്ശേരിക്കു പുറമെ ഏതെല്ലാം കേന്ദ്രങ്ങളിലേക്കാണ് മദ്യം കടത്തിയതെന്ന് അന്വേഷിച്ചുവരുന്നുണ്ട്.
റോഡില്‍നിന്ന് അധികം ദൂരമില്ലെങ്കിലും ചുറ്റും തെങ്ങും മറ്റു കൃഷികളുമായതിനാല്‍ ഈ വീട് പെട്ടെന്ന് ശ്രദ്ധയില്‍ പെടില്ല. ഇതു മറയാക്കിയാണ് ഇവിടെ വ്യാജമദ്യ നിര്‍മാണം നടത്തിയത്. കഴിഞ്ഞ ഒരാഴ്ചയായി വീട്ടുടമസ്ഥന്‍ ഈ വീടിന് സമീപത്തു തെങ്ങിന് തടംതുറക്കാനും മറ്റുമായി വരാറുണ്ട്. എന്നാല്‍ ഇവിടെ ഇത്തരത്തിലൊരു വ്യാജമദ്യ നിര്‍മാണം നടക്കുന്നതായി ആര്‍ക്കും അറിവില്ലായിരുന്നു. ജിനോ സെബാസ്റ്റ്യന്റെ ജീപ്പിലാണ് നിര്‍മാണത്തിനുള്ള സ്പിരിറ്റും മറ്റു സാമഗ്രികളും കൊണ്ടുവരുന്നതും നിര്‍മിച്ചവ പുറത്തേക്കു കൊണ്ടുപോയിരുന്നതും. വാടകയും കൃത്യമായി നല്‍കിയിരുന്നു. ഒരു ലിറ്റര്‍ സ്പിരിറ്റ് ഉപയോഗിച്ച് മൂന്നു കുപ്പി മദ്യമാണ് നിര്‍മിച്ചിരുന്നത്.
ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ ടി. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."