സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി യു.ഡി.എഫ് തെരഞ്ഞെടുപ്പ് ഒരുക്കത്തിലേക്ക്
കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കത്തിലേക്ക് യു.ഡി.എഫ് കടന്നു. ഇന്നലെ മുക്കത്തു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്ത വയനാട് ലോക്‌സഭാ മണ്ഡലം കണ്‍വന്‍ഷനോടെയാണു യു.ഡി.എഫ് അടുത്തവര്‍ഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള ജില്ലയിലെ തയാറെടുപ്പിനു തുടക്കംകുറിച്ചത്. വരുംദിവസങ്ങളില്‍ മുഴുവന്‍ ഘടകങ്ങളിലും കണ്‍വന്‍ഷനുകള്‍ ചേരുന്നുണ്ട്. തികഞ്ഞ ആത്മവിശ്വാസത്തിലാണു ജില്ലയില്‍ യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്കു നീങ്ങിയിരിക്കുന്നതും.
ഒരുമുഴംമുന്‍പേ ഇറങ്ങാന്‍ കഴിഞ്ഞത് വളരെയേറെ ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണു ജില്ലാ യു.ഡി.എഫ് നേതൃത്വത്തിനുള്ളത്. മുന്നണിയുടെ പ്രമുഖ നേതാക്കളെയെല്ലാം ജില്ലയില്‍ നടന്ന ഉദ്ഘാടന പരിപാടിയില്‍ പങ്കെടുപ്പിക്കാനും കഴിഞ്ഞു.
ജില്ല ഉള്‍ക്കൊള്ളുന്ന മൂന്നു ലോക്‌സഭാ മണ്ഡലത്തിലും നിലവില്‍ യു.ഡി.എഫ് പ്രതിനിധികളാണ്. അതിനാല്‍ തന്നെ കരുതലോടെയുള്ള തെരഞ്ഞെടുപ്പു തന്ത്രങ്ങളാണു യു.ഡി.എഫ് ലക്ഷ്യമിടുന്നത്.
ജില്ലയിലെ പ്രളയദുരന്തത്തെയും സര്‍ക്കാര്‍ സംവിധാനത്തില്‍ വന്ന വീഴ്ചയെയും മുഖ്യ ആയുധമാക്കിയിട്ടുള്ള പ്രചാരണ തന്ത്രമാണ് യു.ഡി.എഫ് പുറത്തെടുക്കുന്നത്. കരിഞ്ചോലമലയില്‍ ഉരുള്‍പൊട്ടി 14 പേര്‍ മരിച്ചിട്ടും സര്‍ക്കാര്‍ തീര്‍ത്തും നിസംഗതയോടെ നേരിട്ടുവെന്നതെന്നാണ് യു.ഡി.എഫിന്റെ പ്രധാന ആരോപണം. ദുരന്തബാധിതരെ മാറ്റിപ്പാര്‍പ്പിച്ചതിന്റെ വാടകപോലും മൂന്നു മാസമായി കൊടുക്കാന്‍ തയാറായിട്ടില്ല.
അര്‍ഹമായ സാമ്പത്തികസഹായം പോലും ഇവര്‍ക്ക് ലഭ്യമായിട്ടില്ലെന്നും യു.ഡി.എഫ് ചൂണ്ടിക്കാട്ടുന്നു. ഇതിനെതിരേ അടുത്ത മാസം 15നു കലക്ടറേറ്റ് മാര്‍ച്ചും യു.ഡി.എഫ് സംഘടിപ്പിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിനെതിരേയും യു.ഡി.എഫ് രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. ഇതു പ്രകടമാകുന്നതാണ് ഇന്നലെ മുക്കത്തു നടന്ന ആദ്യ കണ്‍വന്‍ഷനും.
വയനാട് ലോക്‌സഭാ മണ്ഡലം കണ്‍വന്‍ഷനു പിന്നാലെ 29നു രാവിലെ 10ന് വടകര പാര്‍ലമെന്റുതല യു.ഡി.എഫ് കണ്‍വന്‍ഷന്‍ വടകര ടൗണ്‍ ഹാളിലും വൈകിട്ട് മൂന്നിന് കോഴിക്കോട് പാര്‍ലമെന്റ് കണ്‍വന്‍ഷന്‍ ഡി.സി.സി ഓഫിസിലെ രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിലും നടക്കും. ഇതോടൊപ്പം നിയോജക മണ്ഡലംതല യോഗങ്ങള്‍ക്കും ഇന്നലെ തുടക്കമായി. ഇന്നലെ പേരാമ്പ്രയിലായിരുന്നു ആദ്യയോഗം.
22ന് നാദാപുരം (10 മണി), കുറ്റ്യാടി (4), വടകര (3), ബാലുശ്ശേരി (6), കോഴിക്കോട് നോര്‍ത്ത് (6), കോഴിക്കോട് സൗത്ത് (7), കുന്ദമംഗലം (3), കൊടുവള്ളി (5), ബേപ്പൂര്‍ (6.30 ), 24ന് കൊയിലാണ്ടി (4 മണി), എലത്തൂര്‍ (6) എന്നിങ്ങനെയാണ് മണ്ഡലംതല യോഗങ്ങള്‍ നടക്കുന്നത്. ഈമാസം 24, 25 തിയതികളില്‍ പഞ്ചായത്തുതല യു.ഡി.എഫ് കണ്‍വന്‍ഷനുകളും ചേരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."