HOME
DETAILS
MAL
മികച്ച പ്രകടനവുമായി ഇടതു പാര്‍ട്ടികള്‍
backup
November 11 2020 | 00:11 AM
ന്യൂഡല്‍ഹി: ബിഹാറില്‍ മികച്ച പ്രകടനവുമായി ഇടതു പാര്‍ട്ടികളുടെ തിരിച്ചുവരവ്. മഹാസഖ്യത്തിന്റെ ഭാഗമായി മത്സരിച്ച 29 സീറ്റുകളില്‍ 18 സീറ്റുകളിലും ഇടതുപാര്‍ട്ടികള്‍ മികച്ച പ്രകടനം നടത്തി. സി.പി.ഐ.(എം.എല്‍), സി.പി.ഐ, സി.പി.എം എന്നീ മൂന്ന് ഇടതുപാര്‍ട്ടികളാണ് ബിഹാറില്‍ മത്സരിച്ചത്. ഇതില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയത് സി.പി.ഐ.(എം.എല്‍) ആണ്. മത്സരിച്ച 19 ല്‍ 12 സീറ്റിലും സി.പി.ഐ.(എം.എല്‍) മുന്നിലാണ്. രണ്ടര ദശകത്തിന് ശേഷമാണ് ഇടതുപക്ഷ പാര്‍ട്ടികള്‍ ബിഹാറില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത്.
സി.പി.എം മത്സരിച്ച നാലില്‍ രണ്ടില്‍ വിജയിച്ചു. ഒന്നില്‍ മുന്നിലാണ്. സി.പി.ഐ മത്സരിച്ച ആറില്‍ രണ്ടില്‍ വിജയിച്ചു. ഒന്നില്‍ മുന്നിലാണ്. ഇടത് പാര്‍ട്ടികളുടെ ശക്തികേന്ദ്രമായ ബെഗുസരായ് ജില്ലയില്‍ മത്സരിച്ച നാലിലും ഇടത് മുന്നേറ്റമാണ്.
മാഞ്ചിയില്‍ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം ഡോ. സത്യേന്ദ്ര യാദവ് സ്വതന്ത്രന് റാണാപ്രതാപ് സിങ്ങിനെ 25,000 ത്തിലേറെ വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്. വിഭൂതിപ്പുരില്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം അജയകുമാര്‍ ജെ.ഡി.യുവിലെ രാംബാലക് സിങ്ങിനെ തോല്‍പ്പിച്ചു. ത്രികോണ മല്സരമുണ്ടായ ബെഗുസരായിലെ മട്ടിഹാനിയില്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗവും ബെഗുസരായ് മുന്‍ എം.എല്‍.എയുമായ രാജേന്ദ്രപ്രസാദ് സിങ് മുന്നിലാണ്.
പിപ്രയില്‍ സംസ്ഥാന കമ്മിറ്റിയംഗം രാജ്മംഗല്‍ പ്രസാദ് ബി.ജെ.പിയുടെ ശ്യാംബാബു പ്രസാദിനോട് തോറ്റു.
ഒരിക്കല്‍ ബിഹാര്‍ രാഷ്ട്രീയത്തിലെ ശക്തികളായിരുന്ന ഇടതുപാര്‍ട്ടികള്‍. എന്നാല്‍ 2010ലെ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ സി.പി.ഐ മാത്രമാണ് വിജയിച്ചത്. 2015ലെ തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എം.എല്‍ മൂന്ന് സീറ്റുകളില്‍ വിജയിച്ചു. മറ്റു രണ്ടു പാര്‍ട്ടികള്‍ക്കും സീറ്റുകളൊന്നും കിട്ടിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."