യു.എന്‍.എയിലെ സാമ്പത്തിക ക്രമക്കേട്: ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി
കൊച്ചി: നഴ്‌സുമാരുടെ സംഘടനയായ യുനൈറ്റഡ് നഴ്‌സസ് അസോസിയേഷനി (യു.എന്‍.എ)ലെ സാമ്പത്തിക ക്രമക്കേട് കേസ് റദ്ദാക്കണമെന്ന ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.
സംഘടനയുടെ ശക്തി തകര്‍ക്കാന്‍ കരുതിക്കൂട്ടി ഉണ്ടാക്കിയ കേസാണിതെന്ന് ചൂണ്ടിക്കാട്ടി കേസിലെ പ്രതികളായ യു.എന്‍.എ ദേശീയ പ്രസിഡന്റ്് എം. ജാസ്മിന്‍ ഷാ, ഷോബി ജോസഫ്, നിതിന്‍ മോഹന്‍, പി.ഡി ജിത്തു എന്നിവര്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി വിശദീകരണം തേടിയത്. സംഘടനയുടെ മുന്‍ വൈസ് പ്രസിഡന്റായ സിബി മുകേഷ് നല്‍കിയ പരാതിയിലാണ് ക്രൈം ബ്രാഞ്ച് കേസെടുത്തത്.
ജാസ്മിന്‍ ഷായാണ് ഒന്നാം പ്രതി. സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ്, ഓഫിസ് ജീവനക്കാരന്‍ ജിത്തു, ഡ്രൈവര്‍ നിതിന്‍ മോഹന്‍ എന്നിവരാണ് മറ്റ് പ്രതികള്‍. സാമ്പത്തിക തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന എന്നിവ ഉള്‍പ്പടെയുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. സംഘടനയുടെ അക്കൗണ്ടില്‍നിന്ന് 3.71 കോടി രൂപ കാണാനില്ലെന്നായിരുന്നു പരാതി.
നഴ്‌സുമാരില്‍നിന്ന് ലെവി പിരിച്ചതടക്കമുള്ള തുകയില്‍നിന്നാണ് തട്ടിപ്പ് നടത്തിയതെന്നാണ് ആരോപണം. സംഘടനയുടെ അക്കൗണ്ടില്‍നിന്ന് ജാസ്മിന്‍ ഷായുടെ ഡ്രൈവര്‍ പണമെടുത്തിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. ഡി.ജി.പിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."