പേപ്പട്ടി ആക്രമണം;ഡി.സി.സി വൈസ് പ്രസിഡന്റ് ഉള്‍പ്പെടെ എട്ടുപേര്‍ക്ക് കടിയേറ്റു
ശാസ്താംകോട്ട: പ്രഭാതസവാരിക്കിറങ്ങിയ ഡി.സി.സി വൈസ് പ്രസിഡന്റ് ഉള്‍പ്പെടെ എട്ടുപേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റു. ശൂരനാട് തെക്ക്, പതാരം, ഇരവിച്ചിറ മേഖലകളില്‍ ഇന്നലെ പുലര്‍ച്ചെ അഞ്ചിനും ഒന്‍പതിനും ഇടയിലായിരുന്നു സംഭവം.
ഡി.സി.സി വൈസ് പ്രസിഡന്റ് പതാരം പെരുമനവടക്കതില്‍ കെ കൃഷ്ണന്‍കുട്ടിനായരടക്കമുള്ളവരെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. കൃഷ്ണന്‍കുട്ടിനായരെ പതാരം പുല്ലമ്പള്ളിക്കാവ് ക്ഷേത്രത്തിനു സമീപമാണ് നായ ആദ്യം ആക്രമിച്ചത്. തനിച്ചായിരുന്ന ഇദ്ദേഹം നായയുടെ അപ്രതീക്ഷിത ആക്രമണത്തില്‍ റോഡിലേക്ക് മറിഞ്ഞുവീണെങ്കിലും കടിയേറ്റില്ല. 10 മിനിട്ടോളം നായയുമായി നടന്ന മല്‍പിടുത്തത്തിനൊടുവില്‍ ശരീരത്താകമാനം പരുക്കേറ്റു. പിന്നീട് ഇദ്ദേഹത്തെ ശാസ്താംകോട്ട താലൂക്കാശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി.
ആളുകള്‍ ഓടിക്കൂടിയപ്പോഴേക്കും ഇവിടെ നിന്ന് രക്ഷപ്പെട്ട നായ പിന്നീട് നാട്ടിലാകെ ഭീതി വിതയ്ക്കുകയായിരുന്നു. വീട്ടുമുറ്റത്തു നിന്നവരും വഴിയാത്രക്കാരുമാണ് പേപ്പട്ടിയുടെ ആക്രമണത്തിനിരയായത്.
കാവിന്റെപടിഞ്ഞാറ്റതില്‍ പാരീഷാ ബീവി, കുറ്റിയില്‍വീട്ടില്‍ സുലൈമാന്‍കുഞ്ഞ്, കാവിന്റെതെക്കതില്‍ നാസര്‍, കുഴിയത്ത് വീട്ടില്‍ രാധാകൃഷ്ണപിള്ള, കാവിന്റെ തെക്കതില്‍ സുമേഷ്‌കുമാര്‍, സജീവ് എന്നിവര്‍ക്കും കടിയേറ്റു. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടുകളില്‍ വളര്‍ത്തുന്നതും അല്ലാത്തതുമായ നിരവധി നായകള്‍ക്കും പേപ്പട്ടിയുടെ കടിയേറ്റിട്ടുണ്ട്. എന്നാല്‍ നാട്ടില്‍ ഭീതിവിതച്ച പേപ്പട്ടി ഓടിരക്ഷപ്പെട്ടത് ജനങ്ങളില്‍ ഭീതി വിതച്ചിരിക്കയാണ്.
അതിനിടെ എല്‍.ഡി.എഫ് ഭരണസമിതിയുടെ നിസംഗതമൂലമാണ് പതാരം മേഖലയില്‍ തെരുവ്‌നായ്ക്കളുടെയും പേപ്പട്ടിയുടെയും ആക്രമണം വര്‍ധിക്കുന്നതെന്നാരോപിച്ച് പൊതുപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പേപ്പട്ടിയുടെ കടിയേറ്റവരെ അണിനിരത്തി ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്ത് ഓഫിസ് പടിക്കല്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."