കുനിയില്‍ ഇരട്ടക്കൊലക്കേസ്: വിചാരണ ആരംഭിച്ചു
മഞ്ചേരി: കുനിയില്‍ ഇരട്ട കൊലപാതക കേസിലെ വിചാരണ മഞ്ചേരി മൂന്നാം അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചു. ആദ്യ ദിവസം ഒന്‍പത് സാക്ഷികളെയാണ് വിസ്തരിച്ചത്. നോട്ടീസ് നല്‍കിയിരുന്ന 116 മുതല്‍ 127 വരെയുള്ള സാക്ഷികളില്‍ വിദേശത്തുള്ള രണ്ടു പേര്‍ വിചാരണയ്ക്കു ഹാജരായില്ല. കൊലപാതക സംഘം സഞ്ചരിച്ചെന്നു പറയുന്ന വാഹനം മുന്‍ ഉടമയായ ഒന്നാം സാക്ഷി കോഴിക്കോട് സ്വദേശി അലിമോന്‍ തിരിച്ചറിഞ്ഞു. വാഹനം കേസിനു മുന്‍പ് നിരവധി തവണ കൈമാറ്റം ചെയ്തതാണ്.
ഇതേ വാഹനം വാങ്ങി കൈമാറ്റം ചെയ്ത മുഹമ്മദ് സുനി, കേസിലെ ഒന്നാം പ്രതി മുക്താറിന്റെ ഭാര്യാ മാതാവ് മറിയുമ്മ, കേസിനാസ്പദമായ സംഭവത്തിനു മുന്‍പ് കൊല്ലപ്പെട്ട അത്തീഖ് റഹ്മാന്റെ ഭാര്യ റുബീന, ഇവരുടെ ബന്ധുക്കള്‍, അയല്‍വാസികള്‍ തുടങ്ങി ഒന്‍പതു പേരാണ് കോടതിയില്‍ ഹാജരായത്. കേസില്‍ 138 മുതല്‍ 149 വരെയുള്ള സാക്ഷികളെ ഈ മാസം 24ന് വിസ്തരിക്കും. പ്രതിഭാഗത്തിന് വേണ്ടി അഭിഭാഷകരായ അഡ്വ. യു.എ ലത്തീഫ്, അഡ്വ.എം.പി ലത്തീഫ്, അഡ്വ. കെ. രാജേന്ദ്രന്‍ എന്നിവര്‍ കോടതിയില്‍ ഹാജരായി.
പൊലിസിന്റെ കനത്ത സുരക്ഷാ വലയത്തിലായിരുന്നു കോടതി നടപടികള്‍. കോടതിക്കു പുറത്ത് പോലിസ് പ്രത്യേക നിരീക്ഷണ സംവിധാനവും ഏര്‍പെടുത്തിയിരുന്നു. അത്തീഖ് റഹ്മാന്‍ കൊലപാതകത്തിനു പ്രതികാരമായി കേസിലെ പ്രതികളായ കൊളക്കാടന്‍ അബ്ദുല്‍ കലാം ആസാദ്, കൊളക്കാടന്‍ അബൂബക്കര്‍ എന്ന ബാപ്പുട്ടി എന്നിവരെ കൊലപ്പെടുത്തി എന്നാണ് കേസ്. 2012 ജൂണ്‍ പത്തിന് രാത്രി 7.30ന് കുനിയില്‍ ന്യൂ ബസാറിലാണ് കേസിനാസ്പദമായ സംഭവം. 21 പ്രതികളുള്ള കേസില്‍ 365 സാക്ഷികളുണ്ട്. 2012 ജനുവരി അഞ്ചിനായിരുന്നു അതീഖ് റഹ്മാനെ കുനിയില്‍ അങ്ങാടിയില്‍ നടുറോഡില്‍ വച്ച് കൊലപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."