ഉപേക്ഷിക്കപ്പെട്ട സ്വര്‍ണം പത്ത് കിലോ
നെടുമ്പാശേരി: ഒന്നര മാസത്തിനിടെ നെടുമ്പാശേരി വിമാനത്താവളത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത് 10 കിലോ സ്വര്‍ണം. വിമാനത്തിലെയും വിമാനത്താവളത്തിലെയും ശുചിമുറികളിലാണ് സ്വര്‍ണം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ജനുവരി,ഫെബ്രുവരി മാസങ്ങളിലായിരുന്നു സംഭവം.ഇതില്‍ രണ്ടരക്കിലോഗ്രാം കടത്തിക്കൊണ്ടുവന്ന യുവതിയെ മൂന്നര മാസത്തിന് ശേഷം കഴിഞ്ഞ ദിവസം കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം അറസ്റ്റ് ചെയ്തിരുന്നു.ദുബൈയില്‍ നിന്നും എത്തിയ ആലപ്പുഴ സ്വദേശിനി ശ്രീലക്ഷ്മി ജയന്തി (27)യെയാണ് കസ്റ്റംസ് പിടികൂടിയത്.എന്നാല്‍ പിടിയിലായ സ്വര്‍ണത്തിന് ഒരു കോടി രൂപയില്‍ താഴെയാണ് മൂല്യമെന്ന് ചൂണ്ടിക്കാട്ടി ഇവരെ നെടുമ്പാശേരിയില്‍ നിന്നുതന്നെ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. സാധാരണ പിടിക്കപ്പെടുന്ന സ്വര്‍ണത്തിന് ഒരു കോടി രൂപയില്‍ കൂടുതല്‍ മൂല്യം കണക്കാക്കിയാല്‍ മാത്രമേ ഏറണാകുളത്തെ സാമ്പത്തിക കുറ്റാന്വേഷണ കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ് ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുകയുള്ളൂ.
മാത്രമല്ല ചൊവ്വാഴ്ച പിടിയിലായ യുവതി സ്ഥിരം കള്ളക്കടത്ത് സംഘത്തിന്റെ കാരിയറല്ല എന്നാണ് കസ്റ്റംസ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ദുബൈയില്‍ നിന്നും പെട്ടെന്ന് നാട്ടിലേക്ക് തിരിക്കേണ്ടി വന്നപ്പോള്‍ വിമാന ടിക്കറ്റ് ലാഭിക്കാനാണ് സ്വര്‍ണക്കടത്തിന് തയാറായതെന്നാണ് യുവതി കസ്റ്റംസിന് നല്‍കിയ മൊഴി.എന്നാല്‍ ഇതിനിടയിലും ബാക്കി 7.5 കിലോഗ്രാം സ്വര്‍ണം കടത്തിക്കൊണ്ടുവന്നത് ആര് എന്ന ചോദ്യം ഇപ്പോഴും ബാക്കിയാകുകയാണ്.
ജനുവരി 15ന് ഷാര്‍ജയില്‍ നിന്ന് വന്ന ജെറ്റ് എയര്‍വേയ്‌സ് വിമാനത്തിലെ ശുചിമുറിയില്‍ നിന്നും എട്ട് കിലോഗ്രാം സ്വര്‍ണ മിശ്രിതമാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കസ്റ്റംസ് കണ്ടെടുത്തിരുന്നത്.ഇതില്‍ നിന്നും 1.9 കോടി രൂപ വില വരുന്ന 5.7 കിലോഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തിരുന്നു.
നടുവേദനയ്ക്ക് അരയില്‍ ധരിക്കുന്ന തരത്തിലുള്ള രണ്ട് ബെല്‍റ്റുകളിലാണ് സ്വര്‍ണ മിശ്രിതം ഒളിപ്പിച്ചിരുന്നത്.അതുകൊണ്ടുതന്നെ രണ്ട് പേരാണ് സ്വര്‍ണം കടത്തിക്കൊണ്ടു വന്നതെന്നും വ്യക്തമാണ്. ഈ കേസിന്റെ അന്വേഷണവും കാര്യമായി മുന്നോട്ടു പോയില്ല.പിന്നീട് ഫെബ്രുവരി 25ന് റിയാദില്‍ നിന്നും എത്തിയ എയര്‍ ഇന്ത്യ വിമാനത്തിന്റെ ശുചിമുറിയില്‍ നിന്നാണ് രണ്ട് കിലോഗ്രാം സ്വര്‍ണം കണ്ടെത്തിയത്.11 സ്വര്‍ണക്കട്ടികളും ഒരു മാലയുമാണ് ഉണ്ടായിരുന്നത്.ശുചിമുറിയിലെ ഹീറ്ററിനകത്താണ് ഇവ ഒളിപ്പിച്ചിരുന്നത്.ഈ മൂന്ന് കേസുകളിലും സ്വര്‍ണം പിടികൂടാനായത് യാദൃശ്ചികമായാണെന്ന പ്രത്യേകതയുമുണ്ട്.
ജനുവരി 15നും ഫെബ്രുവരി 22നും സ്വര്‍ണം കണ്ടെത്തിയത് ശുചീകരണ തൊഴിലാളികളായിരുന്നെങ്കില്‍ ഫെബ്രുവരി 25ന് ശുചിമുറിയിലെ ഹീറ്ററിനകത്ത് സ്വര്‍ണം ഒളിപ്പിച്ചത് മൂലം ഹീറ്റര്‍ തകരാറിലാകുകയായിരുന്നു.വിമാനം നെടുമ്പാശേരിയില്‍ എത്തിയപ്പോള്‍ എയര്‍ ഇന്ത്യ ജീവനക്കാര്‍ നിര്‍ദേശിച്ചതനുസരിച്ച് ഹീറ്റര്‍ തകരാര്‍ പരിഹരിക്കാന്‍ എത്തിയ ജീവനക്കാരനാണ് സ്വര്‍ണം കണ്ടെത്തിയത്.വിമാനത്താവളത്തിലെ കരാര്‍ ജീവനക്കാരെയോ കസ്റ്റംസ്,എമിഗ്രേഷന്‍ ജീവനക്കാരെയോ ഉപയോഗിച്ച് സ്വര്‍ണം പുറത്തെത്തിക്കാന്‍ ലക്ഷ്യമിട്ടാണ് ശുചിമുറിയില്‍ ഉപേക്ഷിക്കുന്നതെന്ന് വ്യക്തമാണ്.കസ്റ്റംസ് പരിശോധനകള്‍ കാര്യക്ഷമമാണെന്ന് ചൂണ്ടിക്കാണിക്കുമ്പോഴും പലപ്പോഴും ഇത്തരത്തിലുള്ള സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വ്യക്തമായ പങ്കും സംശയിക്കപ്പെടുന്നുണ്ട്.
എന്നാല്‍ അപൂര്‍വം ചില കേസുകളില്‍ മാത്രം പ്രതികള്‍ പിടിക്കപ്പെടുമ്പോള്‍ ഭൂരിഭാഗം കേസുകളിലും കുറ്റവാളികള്‍ രക്ഷപ്പെടുകയാണ് പതിവ്. ഇത് തന്നെയാണ് സ്വര്‍ണ കള്ളക്കടത്ത് വന്‍ തോതില്‍ വര്‍ധിക്കാന്‍ ഇടയാക്കുന്നതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."