പ്രളയക്കെടുതി: ജില്ലയില്‍ നശിച്ചത് 5,259 ഹെക്ടര്‍ കൃഷി
മഞ്ചേരി: പ്രളയക്കെടുതിയില്‍ ജില്ലയില്‍ കൃഷിമേഖലക്ക് നേരിടേണ്ടി വന്നത് കനത്ത നഷ്ടം. 5259.08 ഹെക്ടര്‍ ഭൂമിയിലെ വിവിധ കൃഷികളാണ് നശിച്ചത്. പ്രളയജലം കയറിയിറങ്ങിയ സ്ഥലങ്ങളില്‍ 50 ലക്ഷം വാഴകളും 1.59 ലക്ഷം കമുകുകളും നശിച്ചിരുന്നു. ഓണ വിപണി ലക്ഷ്യമിട്ട് കൃഷിചെയ്ത നേന്ത്രവാഴകള്‍ കൂട്ടത്തോടെ നശിച്ചതുമൂലം ഉണ്ടായത് 74.16 കോടി രൂപയുടെ നഷ്ടമാണ്. കമുകള്‍ നശിച്ചതില്‍ നഷ്ടം 8.57 കോടി. 157.76 ഹെക്ടറിലെ തെങ്ങുകള്‍ നശിച്ചുണ്ടായ നഷ്ടം 6.79 കോടി രൂപയാണ്. കായ്ക്കുന്ന 26,819 തെങ്ങുകളും കായ്ക്കാത്ത 14,263 എണ്ണവും നശിച്ചു. റബര്‍ കൃഷിയിലെ ആകെ നഷ്ടം 6.51 കോടി. 73,227 മരങ്ങള്‍ നശിച്ചു. ജാതി, കൊക്കോ, ഗ്രാമ്പൂ, കശു മാവ്, കുരുമുളക്, കപ്പയുള്‍പ്പെടെ കിഴങ്ങുവര്‍ഗങ്ങള്‍, ഇഞ്ചി, എള്ള്, മഞ്ഞള്‍ കൃഷികളെയും പ്രളയം ബാധിച്ചു. 1.75 കോടി രൂപയുടെ പച്ചക്കറിക്കൃഷിയാണ് നശിച്ചത്.
ജില്ലയിലെ കാര്‍ഷികമേഖലയിലുണ്ടായ നഷ്ടം നികത്താന്‍ സര്‍കാര്‍ ആദ്യ ഗഡുവായി 24.4 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ആപേക്ഷകള്‍ പരിശോധിച്ച് കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം വിതരണം ചെയ്തുവരുന്നതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എന്‍.യു സദാനന്ദന്‍ പറഞ്ഞു. 2013-18 വര്‍ഷം മുതലുള്ള കുടിശ്ശികയും ഓഗസ്റ്റിലെ മഹാപ്രളയത്തെ തുടര്‍ന്നുണ്ടായ കൃഷി നഷ്ടം കൂടി കണക്കാക്കിയാണ് ആദ്യഗഡു അനുവദിച്ചത്. ഇത് 10,440 കര്‍ഷര്‍ക്ക് സഹായമാകും. കുടിശിക ഇനത്തില്‍ 11.16 കോടിയും, പ്രളയത്തില്‍ നഷ്ടമുണ്ടായ കര്‍ഷകര്‍ക്ക് 8.85 കോടിയും ബാങ്ക് അകൗണ്ടിലൂടെ നല്‍കികഴിഞ്ഞു. പല കര്‍ഷകരും ഇതുവരെ കൃഷിനാശത്തിന് നഷ്ടപരിഹാരം ലഭിക്കാന്‍ അപേക്ഷ നല്‍കിയിട്ടുമില്ല. ജൂലൈ മുതല്‍ ഓഗസ്റ്റ്‌വരെ ജില്ലയില്‍ 116.76 കോടി രൂപയുടെ കൃഷിനഷ്ടമുണ്ടായി. 5259.08 ഹെക്ടറിലെ കൃഷി നശിക്കുകയും 26,866 കര്‍ഷകരെ ബാധിക്കുകയും ചെയ്തു. അവധിയെടുക്കാതെ ജോലി ചെയ്താണ് അധികൃതര്‍ നാശനഷ്ടം സംബന്ധിച്ച അപേക്ഷകളില്‍ നേരിട്ട് പരിശോധന നടത്തിയത്. നടപടികള്‍ പൂര്‍ത്തിയാക്കി ആഴ്ചകള്‍ക്കുള്ളില്‍ തന്നെ നഷടപരിഹാരം വിതരണം ചെയാനാണ് ലക്ഷ്യം. രണ്ടുവര്‍ഷം മുമ്പാണ് നഷ്ടപരിഹാര തുക സര്‍ക്കാര്‍ വര്‍ധിപ്പിച്ചതും ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പാക്കിയതും കര്‍ഷകര്‍ക്ക് ഗുണം ചെയ്തു.
തുലമാമഴ ചതിക്കില്ലെന്ന വിശ്വാസത്തോടെ ജില്ലയിലെ കര്‍ഷകര്‍ വിത്ത് മുളപ്പിക്കാനുള്ള ശ്രമത്തിലാണ്. പുഴകള്‍ ഗതിമാറി ഒഴികിയതും ദിവസങ്ങളോളം വെള്ളം കെട്ടികിടന്നും ഉരുള്‍പ്പൊട്ടലുമാണ് കര്‍ഷകരുടെ സ്വപ്നങ്ങള്‍ തകര്‍ത്തത്.
ദീര്‍ഘകാല വിളകള്‍ നശിച്ചവരുടെ നഷ്ടം നികത്താന്‍ വര്‍ഷങ്ങളെടുക്കും.
1.74 കോടിയുടെ ദുരിതാശ്വാസ ധനസഹായം
മലപ്പുറം: ജില്ലയില്‍ പ്രകൃതിക്ഷോഭം മൂലം കാര്‍ഷിക വിളകള്‍ നശിച്ച കര്‍ഷകര്‍ക്കാശ്വാസമായി 1.74 ലക്ഷം രൂപയുടെ ദുരിതാശ്വാസ സഹായം അനുവദിച്ചു. 32,939 കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. വിളകള്‍ നശിച്ച കര്‍ഷകര്‍ക്ക് പുതുകൃഷിയിറക്കുന്നതിനും ഇത് ഉപകാരപ്രദമാവുമെന്നാണ് കരുതുന്നത്.
ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ പ്രകൃതിക്ഷോഭം മൂലമുണ്ടായ വിളനാശങ്ങള്‍ക്ക് 52.74 ലക്ഷം രൂപയാണ് പ്രാഥമിക ദുരിതാശ്വാസ സഹായമായി അനുവദിച്ചിരിക്കുന്നത്. കൃഷി അസി. ഡയറക്ടര്‍മാര്‍ ഈമാസം 29നകം തുക കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കും.
പ്രകൃതിക്ഷോഭ ദുരിതാശ്വാസ വിതരണത്തിന്റെ ഭാഗമായി മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, ത്രിതലതദ്ദേശസ്വയംഭരണസ്ഥാപന പ്രതിനിധികള്‍, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍ മുതലായവരെ പങ്കെടുപ്പിച്ചുകൊണ്ട് പഞ്ചായത്ത്തലത്തില്‍ കൃഷിഭവനുകളുടെ ആഭിമുഖ്യത്തില്‍ പരിപാടികള്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. പ്രകൃതിക്ഷോഭത്തിന് ശേഷമുള്ള കാര്‍ഷിക മേഖലയുടെ പുനരുജ്ജീവനത്തിനായി കാര്‍ഷിക സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍, കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിലെ ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ശില്‍പശാല 22 ന് രാവിലെ 10ന് നടക്കും.
വിളകള്‍ക്ക് നാശനഷ്ടം സംഭവിച്ച കൃഷിയിടങ്ങളില്‍ പുതിയതായി കൃഷിയിറക്കുന്നതിനുള്ള സാങ്കേതിക നിര്‍ദ്ദേശങ്ങള്‍ കൃഷി ഭവനുകളില്‍നിന്നും ലഭിക്കും.
നഷ്ടപരിഹാര തുക ഈമാസം 29നകം ഗുണഭോക്താക്കളുടെ ബാങ്ക് എക്കൗണ്ടിലേക്ക് നല്‍കാന്‍ നടപടി സ്വീകരിച്ചു വരുന്നതായി പ്രിന്‍സിപ്പല്‍ ക്യഷി ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."