പയ്യാമ്പലം ബീച്ച് പത്തരമാറ്റ് തിളക്കത്തിലേക്ക്
കണ്ണൂര്‍: വിനോദ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണമായ പയ്യാമ്പലം ബീച്ച് അടിമുടി മാറുന്നു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ രണ്ട് പ്രധാന പ്രവൃത്തികളാണ് പയ്യാമ്പലം ബീച്ചില്‍ പുരോഗമിക്കുന്നത്. ബീച്ചിലെ നടപ്പാതയും അനുബന്ധ പ്രവൃത്തികള്‍ക്കുമായി 2.28 കോടിയും പള്ളിയാന്‍മൂല റോഡ് സൗന്ദര്യവല്‍ക്കരിക്കുന്നതിനും അനുബന്ധ പ്രവൃത്തികള്‍ക്കുമായി 3.50 കോടിയുമാണ് പദ്ധതി ചെലവ്. പള്ളിയാന്‍മൂല റോഡ് സൗന്ദര്യവല്‍ക്കരണത്തിന്റെ കൂടെ കഫ്റ്റീരിയ നിര്‍മാണവും ഉള്‍പ്പെടും.
ബീച്ച് നടപ്പാത നിര്‍മാണത്തില്‍ ഇരിപ്പിടം, ബീച്ചിലെ മണലില്‍ താഴ്ന്നുപോകാത്ത രീതിയിലുള്ള കോണ്‍ക്രീറ്റ് നടപ്പാത, പൂന്തോട്ട നിര്‍മാണം, വ്യത്യസ്ത നിറത്തോടെയുള്ള തെരുവ് വിളക്കുകള്‍ എന്നിവയാണ് ഒരുക്കുന്നത്. ഹാര്‍ബര്‍ എന്‍ജിനിയറിങ് വിഭാഗത്തിനാണ് നിര്‍മാണ ചുമതല. പദ്ധതിയുടെ 60 ശതമാനം പ്രവൃത്തികളും പൂര്‍ത്തിയായിട്ടുണ്ട്. മൂന്ന് മാസക്കാലയളവ് കൊണ്ട് പദ്ധതി നാടിന് സമര്‍പ്പിക്കാനാകും എന്നാണ് പ്രതീക്ഷ.
പയ്യാമ്പലം ബീച്ചിന് സമാന്തരമായുള്ള പള്ളിയാന്‍മൂല റോഡ് സൗന്ദര്യവല്‍ക്കരണവും ആരംഭിച്ചിട്ടുണ്ട്. റോഡില്‍ ഒരു കിലോമീറ്റര്‍ ദൂരമാണ് പദ്ധതി നടപ്പാക്കുന്നത്. തെരുവ് വിളക്കുകള്‍, റെയിന്‍ ഷെല്‍ട്ടര്‍, കഫ്റ്റീരിയ എന്നിവയും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. ബാംബു സോളാര്‍ കഫെ എന്ന പേരിലാണ് കഫ്റ്റീരിയ. ഡി.ടി.പി.സിയുടെ ഓണ്‍ ഫണ്ടാണ് പദ്ധതിക്കായി ഉപയോഗിക്കുന്നത്.
പയ്യാമ്പലം ബീച്ചിനോട് ചേര്‍ന്നുള്ള ഓപ്പണ്‍ ജിംനേഷ്യം നേരത്തെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തിരുന്നു. 25 ലക്ഷം രൂപയാണ് പദ്ധതിക്കായി മുടക്കിയത്. കന്റോന്‍മെന്റിന്റെയും കോര്‍പറേഷന്റെയും ചില ഇടപെടല്‍ കാരണം നിര്‍മാണ പ്രവൃത്തികള്‍ മാസങ്ങളോളം നിര്‍ത്തിവയ്‌ക്കേണ്ടി വന്നിരുന്നു. പയ്യാമ്പലം ബീച്ചിന് ചുറ്റുമുള്ള പ്രദേശം ഡി.എസ്.സിയുടെയും കോര്‍പറേഷന്റെയും ഉടമസ്ഥതയിലാണ്. ഇപ്പോള്‍ ബീച്ചിനോട് ചേര്‍ന്നുള്ള പ്രദേശത്താണ് ടൂറിസം വകുപ്പ് പദ്ധതി നടപ്പാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."