വാഹന പരിശോധന; 85,300 രൂപ പിഴയിട്ടു
തൃശൂര്‍: ഗുരുവായൂര്‍ സബ് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിന്റെ പരിധിയില്‍ വരുന്ന ചാവക്കാട് താലൂക്കില്‍ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ എം.പി അജിത്കുമാറിന്റെ നേതൃത്വത്തില്‍ തൃശൂര്‍ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ്, പൊലിസ് വകുപ്പുമായി ചേര്‍ന്ന് നടത്തിയ വാഹന പരിശോധനയില്‍ ആകെ 202 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് 85,300 രൂപ പിഴ ഈടാക്കി.
എയര്‍ ഹോണ്‍ ഘടിപ്പിച്ച 15 ബസ്സുകള്‍ക്കെതിരെയും അപകടകരമായും അശ്രദ്ധമായും വാഹനമോടിച്ച 4 വാഹനങ്ങള്‍ക്കെതിരേയും നടപടി എടുത്തു. രജിസ്ട്രേഷനും ഫിറ്റ്നസ്സും ഇല്ലാത്ത 8 വാഹനങ്ങള്‍ക്കെതിരേയും കേസ്സെടുത്തിട്ടുണ്ട്.
ഹെല്‍മറ്റില്ലാതെ ഇരുചക്രവാഹനമോടിച്ച 57 കേസുകളും വ്യക്തത ഇല്ലാത്ത നമ്പര്‍ പ്ലേറ്റുകള്‍ ഉപയോഗിച്ച 33 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ച 17 പേര്‍ക്കെതിരേയും, സീറ്റ് ബെല്‍റ്റ് ധരിക്കാത്ത 11 പേര്‍ക്കെതിരേയും നടപടി സ്വീകരിച്ചതായി ആര്.ടി.ഒ അറിയിച്ചു.
മോട്ടോര്‍ വാഹന നിയമം പാലിക്കാത്ത മറ്റു 29 കേസുകള്‍കൂടി കണ്ടെത്തിയിട്ടുണ്ട്. ഹാന്‍ഡ് ബ്രേക്ക് ഇല്ലാത്ത ഒരു വാഹനവും ഇന്‍ഷുറന്‍സ് ഇല്ലാത്ത 16 വാഹനങ്ങളും, ടാക്സ് അടക്കാത്ത 4 വാഹനങ്ങളും പരിശോധനയാല്‍ കണ്ടെത്തി നടപടി എടുത്തു.
ബോഡി മെക്കനിക്കല് കണ്ടീഷന്‍ ഫിറ്റ് അല്ലാത്ത കൊടുങ്ങല്ലൂര്ഗുരുവായൂര് റൂട്ടില്‍ ഓടുന്ന ഒരു ബസ്സിന്റെ ഫിറ്റ്നസ്സ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി.
അനുവദനീയമായ സീറ്റുകളേക്കാള്‍ കൂടുതല്‍ സീറ്റ് ഘടിപ്പിച്ച 2 കോണ്ട്രാക്റ്റ് കാര്യേജ് വാഹനങ്ങള്‍ക്കെതിരെയും കേസ്സെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."