'ഞങ്ങള്‍ അന്ത്യശ്വാസം വരെ പോരാടും, ഒപ്പം നില്‍ക്കുമോ അവസാനം വരെ'- ഇന്ത്യന്‍ ജനതക്കു മുന്നില്‍ ചോദ്യവുമായി ശ്വേത സഞ്ജീവ് ഭട്ട്
അഹമ്മദാബാദ്: ജനാധിപത്യത്തെ തകര്‍ത്തു കൊണ്ടിരിക്കുന്ന സര്‍ക്കാറിനെതിരായ പോരാട്ടത്തില്‍ അവസാനം നിമിഷം വരെ കൂടെ നില്‍ക്കുമോ നിങ്ങള്‍- കോടിക്കണക്കായ ഇന്ത്യന്‍ ജനതക്കു മുന്നില്‍ ചോദ്യമെറിഞ്ഞ് ഗുജറാത്ത് ഐ.പി.എസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ടിന്റൈ ഭാര്യ ശ്വേത. കഴിഞ്ഞ ദിവസം സഞ്ജീവ് ഭട്ടിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചതിന് പിന്നാലെയാണ് വിഷയത്തില്‍ തന്റെ ഉറച്ച നിലപാട് ശ്വേത ഫേസ് ബുക്കില്‍ വ്യക്തമാക്കിയത്. സഞ്ജീവിനെതിരെ നടന്നത് പ്രതികാരനടപടിയാണെന്ന് ശ്വേത തന്റെ പോസ്റ്റില്‍ കുറ്റപ്പെടുത്തുന്നു.
'ചെയ്യാത്ത കുറ്റത്തിനാണ് ഇന്ന് സെഷന്‍സ് കോടതി സഞ്ജീവിനെ ജീവപര്യന്തം ശിക്ഷിച്ചത്. സഞ്ജീവിന് ശക്തമായ പിന്തുണയായി കൂടെ നിന്ന നിങ്ങളോടൊരു കാര്യം. നിങ്ങളുടെ വാക്കുകള്‍ ഞങ്ങള്‍ക്കാശ്വാസവും പ്രോത്സാഹനവുമാണ്. പക്ഷേ, പ്രവൃത്തിയിലില്ലാത്ത വാക്കുകള്‍ക്ക് ഒട്ടും വിലമതിക്കുന്നില്ല. രാജ്യത്തെയും ജനങ്ങളേയും സത്യസന്ധമായി സേവിച്ച ഒരു മനുഷ്യനെ നീതിയുടെ അസംബന്ധനാടകത്തിന് ഇരയായായവാന്‍ വിട്ടുനല്‍കിയാല്‍ നിങ്ങളുടെ പിന്തുണ വ്യര്‍ത്ഥമാണ്.'ശ്വേത ഫേസ്ബുക്കില്‍ കുറിച്ചു.
ഐ.പി.എസ് അസോസിയേഷന്‍കാരോട് ഒരു വാക്ക്, നിങ്ങളുടെ കൂട്ടത്തില്‍ പെട്ട ഒരാളാണ് ഇത്തരത്തില്‍ ഒരു പകപോക്കലിനിരയായത്. അതും ഒരു യഥാര്‍ത്ഥ ഐപിഎസുകാരനായതിന്റെ പേരില്‍. നിങ്ങളദ്ദേഹത്തോടൊപ്പം നിന്നില്ല. നിങ്ങള്‍ അദ്ദേഹത്തെ സംരക്ഷിച്ചില്ല. ഈ ഭരണകൂടത്തിനെതിരെ അദ്ദേഹം എന്നിട്ടും പോരാടിക്കൊണ്ടിരുന്നു. നിങ്ങളിനിയും എത്രകാലം നിശബ്ദ കാഴ്ചക്കാരായി തുടരുമെന്നാണ് എന്റെ ചോദ്യം. വളരെ ഇരുണ്ട ഒരു കാലത്തേക്കാണ് രാജ്യം പോകുന്നത്. ഞങ്ങള്‍ അവസാന ശ്വാസം വരെ പൊരുതും. ഞങ്ങളൊറ്റക്കാണോ ഈ പോരാട്ടം നയിക്കേണ്ടി വരിക എന്ന് മാത്രമാണ് ഇനി കാണാനുള്ളത്. ഉത്കൃഷ്ടമായ ഈ രാഷ്ട്രത്തിലെ പൗരന്മാര്‍ പോരാട്ടമവസാനിപ്പിക്കാത്ത ആ മനുഷ്യനോടൊപ്പം ചേരുമോ?- ശ്വേത ചോദിക്കുന്നു. ഇന്ന് ഞങ്ങളാണെങ്കില്‍ നാളെ നിങ്ങളായിരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്ന ശ്വേത ഇന്ത്യന്‍ ജനതയോട് ഉണര്‍ന്നെഴുനേല്‍ക്കാനും ആവശ്യപ്പെടുന്നു.
കേസിന്റെ വിശദാംശങ്ങള്‍ പ്രതിപാദിക്കുന്ന പ്രസ് റിലീസും ശ്വേദ തന്റെ പോസ്റ്റില്‍ അറ്റാച്ച് ചെയ്തിട്ടുണ്ട്. സഞ്ജീവിന്റെ മൊഴികളും ഫോറന്‍സിക് റിപ്പോര്‍ട്ടുകളും അവര്‍ പങ്കുവച്ചിട്ടുണ്ട്.
വ്യാഴാഴ്ചയാണ് 1990 ലെ ഒരു കസ്റ്റഡി മരണക്കേസില്‍ സഞ്ജീവ് ഭട്ടിനെ ജീവപര്യന്തം തടവിന് വിധിച്ചത്. മുപ്പതു വര്‍ഷം മുമ്പത്തെ കസ്റ്റഡി മരണമായിരുന്നു കേസ്.
2002ലെ ഗുജറാത്ത് കലാപത്തിന്റെ പേരില്‍ അന്നത്തെ നരേന്ദ്രമോദി ഭരണകൂടത്തെ കുറ്റപ്പെടുത്തി സംസാരിച്ചതിന്റെ പേരില്‍ 2015ലാണ് ഭട്ടിനെ ഉദ്യോഗത്തില്‍ നിന്ന് പുറത്താക്കിയത്. 2002ലെ കലാപത്തെ തടയാന്‍ മോദി ഒന്നും ചെയ്തില്ലെന്ന് ആരോപിച്ച് സഞ്ജീവ് ഭട്ട് സുപ്രിം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."