മാറിക ചര്‍ച്ചിലെ നേര്ച്ചപ്പെട്ടികള് കുത്തിത്തുറന്ന് മോഷണം
തൊടുപുഴ: മാറിക സെന്റ് ആന്റണീസ് പള്ളിയിലെ നേര്ച്ചപ്പെട്ടികള് കുത്തിതുറന്ന് മോഷണം. പള്ളിയുടെ പുറകുവശത്തെ വാതില്‍ പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തു കയറിയത്. അള്‍ത്താരക്കു മുന്നില്‍ സ്ഥാപിച്ചിരുന്ന മൂന്നു നേര്‍ച്ചപ്പെട്ടികളാണ് കുത്തിത്തുറന്ന് പണം അപഹരിച്ചത്.
ഒരു ഇരുമ്പു പെട്ടിയുടെയും രണ്ടു തടിപ്പെട്ടികളുടെയും താഴുകള്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ കവര്‍ച്ച നടത്തിയത്. അയ്യായിരത്തോളം രൂപ നഷ്ടപ്പെട്ടതായാണ് കണക്കാക്കുന്നത്. ഇരുമ്പു പെട്ടി സെമിത്തേരിക്കു സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഇടിമിന്നല്‍ ഉണ്ടായിരുന്നതിനാല്‍ സി.സി.ടി.വി കാമറകള്‍ ഓഫ് ചെയ്തിരുന്നു. ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് മോഷണം നടന്നതെന്നാണ് നിഗമനം. പുലര്‍ച്ചെ അഞ്ചരയോടെ പള്ളിയില്‍ എത്തിയ കപ്യാര് ജോസ് കുഞ്ഞാണ് പിന്‍ഭാഗത്തെ വാതില്‍ തുറന്നു കിടക്കുന്നതു ആദ്യം കാണുന്നത്.
തുടര്‍ന്ന് വിവരം പള്ളി വികാരിയെ അറിയിക്കുകയും തുടര്‍ന്ന് ഇവര്‍ പൊലിസില്‍ വിവരം നല്‍കുകയുമായിരുന്നു. തൊടുപുഴയില്‍ നിന്നും എ.എസ്.ഐ പി.എസ്.നാസറിന്റെ നേതൃത്വത്തില്‍ പൊലിസ് സംഘമെത്തി പരിശോധന നടത്തി. ഇടുക്കിയില്‍ നിന്നും വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും എത്തി തെളിവുകള്‍ ശേഖരിച്ചു. ഈ പള്ളിയില്‍ മൂന്നാം തവണയാണ് മോഷണം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."