എട്ട് ദിവസത്തിന് ശേഷം അര്‍ണബ് ഗോസ്വാമിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു
ദില്ലി: മുംബൈയിലെ ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വയ് നായിക്കിന്റെ മരണവുമായി ബന്ധപ്പെട്ട ആത്മഹത്യാപ്രേരണക്കേസില്‍ റിപ്പബ്‌ളിക് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. അമ്പതിനായിരം രൂപ കെട്ടിവെച്ച് അര്‍ണബിനെയും മറ്റ് രണ്ട് പ്രതികളെയും മോചിപ്പിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ കോടതിയാണ് ഹര്‍ജി പരിഗണിച്ച് ജാമ്യം അനുവദിച്ചത്. എട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് അര്‍ണബിന് ജാമ്യം ലഭിക്കുന്നത്. ജാമ്യ ഉത്തരവ് നടപ്പിലാക്കിയശേഷം അത് തങ്ങളെ അറിയിക്കണമെന്നും കോടതിയെ ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാനസര്‍ക്കാര്‍ വിരോധം തീര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ അത് കണ്ട് നില്‍ക്കാനാകില്ലെന്ന് നേരത്തെ കോടതി വാക്കാല്‍ നിരീക്ഷിച്ചിരുന്നു. പണം നല്‍കാനുള്ളതിന്റെ പേരില്‍ ആത്മഹത്യാപ്രേരണക്കേസ് ചുമത്താന്‍ കഴിയില്ലെന്നും വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ഹൈക്കോടതികള്‍ക്ക് കഴിയണമെന്ന് സുപ്രീംകോടതി വിശദമാക്കി.
കേസില്‍ സംസ്ഥാന സര്‍ക്കാറിനെയും മുംബൈ ഹൈക്കോടതിയെയും സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വിരോധമുള്ളവരോട് ഇത്തരം നടപടി സ്വീകരിച്ചാല്‍ സുപ്രീംകോടതിക്ക് ഇടപെടേണ്ടി വരും. ഹൈക്കോടതികള്‍ അവരുടെ കടമ നിര്‍വ്വഹിക്കുന്നതില്‍ പരാജയപ്പെടുന്നു എന്നും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് നിരീക്ഷിച്ചു. ഇടക്കാല ജാമ്യം നല്‍കണമെന്ന അര്‍ണബ് ഗോസ്വാമിയുടെ ആവശ്യം മുംബൈ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഈ ഉത്തരവിനെതിരെയാണ് അര്‍ണബ് സുപ്രീംകോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."