ആത്മഹത്യ കൊലപാതകമാക്കുമെന്ന് ഭീഷണിപ്പെടുത്തി കൈക്കുലി
നെടുങ്കണ്ടം: പണം കൊടുത്തില്ലെങ്കില്‍ ആത്മഹത്യ കൊലപാതകമാക്കി കേസില്‍പ്പെടുത്തുമെന്ന് ഭീഷണിപെടുത്തി കൈക്കുലി വാങ്ങിയ നെടുങ്കണ്ടം സിഐ ബി അയ്യുബ്ഖാനെയും, എഎസ്ഐ സാബു എം മാത്യൂവിനെയും ജില്ലാ പൊലിസ് മേധാവി കെ ബി വേണുഗോപാല്‍ സ്ഥലംമാറ്റി.
ആത്മഹത്യ ചെയ്ത ഗൃഹനാഥന്റെ മകന് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് സ്ഥലം മാറ്റിയത്. രണ്ടുപേരെയും സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പൊലിസ് മേധാവി ഏറണാകുളം റെയ്ഞ്ച് ഐജിയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കഴിഞ്ഞ 6നാണ് തൂക്കുപാലം പ്രകാശ്ഗ്രാം ഇളപ്പുങ്കല്‍ മീരാന്‍ റാവുത്തറെ(86)നെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം.രാവിലെ 8.30ന് വീടിനുള്ളിലെ ശുചിമുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ശുചിമുറിയില്‍ കയറിയ ശേഷം ദീര്‍ഘ സമയം പുറത്തിറങ്ങാത്തതിനെ തുടര്‍ന്നു വീട്ടുകാര്‍ ശുചിമുറിയുടെ വാതില്‍ തകര്‍ത്തു പരിശോധിച്ചപ്പോള്‍ രക്തത്തില്‍ കുളിച്ചു മരിച്ച നിലയിലാണ് മീരാന്‍ റാവുത്തറെ കണ്ടെത്തിയത്. അസുഖ ബാധിതനായതിനെ തുടര്‍ന്നുള്ള മനോവേദനയിലാണ് മീരാന്‍ റാവുത്തര്‍ മരിച്ചതെന്നാണ് ഫോറന്‍സിക് വിഭാഗത്തിന്റെ പ്രാഥമിക നിഗമനം.
എന്നാല്‍ സ്ഥലത്തെത്തിയ സിഐയും എസ്ഐയും മീരാന്‍ റാവുത്തറുടെ മകനെ ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് 11നു രാവിലെ 10.30നു നെടുങ്കണ്ടം സിഐയുടെ ഓഫിസിലെത്തി റാവുത്തറുടെ മകന് പണം കൈമാറി. പണം കൈമാറിയ മീരാന്‍ റാവുത്തറുടെ മകന്റെ മകന് ഹൈറേഞ്ച് മേഖലയിലെ പോലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ്. പണം നല്കിയ ശേഷം അസ്വസ്ഥനായ കാണപ്പെട്ട മീരാന്‍ റാവുത്തറുടെ മകനില്‍ നിന്നും പോലിസുകാരനായ മകനാണ് വിവരങ്ങള്‍ ശേഖരിച്ചത്. തുടര്‍ന്ന് ജില്ലാ പൊലിസ് മേധാവിയ്ക്ക് പരാതി നല്‍കുകയുമായിരുന്നു.
ജില്ലാ ക്രൈം റെക്കോര്‍ഡ്സ് ഡിവൈഎസ്പി പി സുകുമാരനാണ് പരാതിയെക്കുറിച്ചു അന്വേഷിച്ചത്. പ്രാഥമിക അന്വേഷണത്തില്‍ത്തന്നെ പണം നല്‍കിയതിനു തെളിവു ലഭിച്ചതോടെയാണ് രണ്ടുപേരെയും ഇന്നലെ രാവിലെ സ്ഥലംമാറ്റിയത്. ബി അയ്യുബ്ഖാനെ മുല്ലപ്പെരിയാറിലേയ്ക്കും സാബുവിനെ ജില്ലാ െ്രെകം റെക്കോര്‍ഡ്സ് ബ്യൂറോയിലേയ്ക്കുമാണ് മാറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."