പ്രവാസി വ്യവസായിയുടെ ആത്മഹത്യ: ആശങ്കയറിയിച്ച് ഹൈക്കോടതി, സര്‍ക്കാരിന്റെ വിശദീകരണം തേടി
കൊച്ചി: പ്രവാസി വ്യവസായിയുടെ ആത്മഹത്യയില്‍ ആശങ്കയറിയിച്ച് ഹൈക്കോടതി. വിഷയത്തില്‍ കോടതി സര്‍ക്കാരിന്റെ വിശദീകരണവും തേടി. അപേക്ഷകളില്‍ മൗനം പാലിക്കുന്നത് മാപ്പര്‍ഹിക്കാത്ത തെറ്റാണെന്നും ഇത്തരം വിഷയത്തിന്റെപേരില്‍ ഒരാള്‍ക്ക് ആത്മഹത്യ ചെയ്യേണ്ടിവരുന്നത് അപൂര്‍വ സാഹചര്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. അടുത്ത മാസം 15നകം ഇതു സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
അപേക്ഷയില്‍ തീര്‍പ്പുതേടി ഓടി നടക്കുന്നവര്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും കോടതി പറഞ്ഞു.
ആന്തൂര്‍ നഗരസഭയുടെ അനാസ്ഥമൂലം പ്രവാസി വ്യവസായി ആത്മഹത്യചെയ്ത സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്ത് കേസ് ഇന്ന് തന്നെ പരിഗണിക്കുകയായിരുന്നു.
ഈ മരണം കോടതിയെ അസ്വസ്ഥമാക്കുന്നു. അപേക്ഷകൾ സർക്കാരിന് മുന്നിൽ ഇങ്ങനെ കെട്ടിക്കിടക്കുമ്പോൾ അതിൽ മൗനം പാലിക്കുന്നത് മാപ്പർഹിക്കാത്ത കുറ്റമാണ്. മരിച്ചയാളെ കോടതിക്ക് തിരിച്ച് കൊണ്ടുവരാനാകില്ല. പക്ഷേ, ഇനിയെങ്കിലും സർക്കാർ ഉചിതമായ നടപടിയെടുക്കണം - ഹൈക്കോടതി പറഞ്ഞു.
ഇതിനൊപ്പം ആന്തൂർ നഗരസഭയിൽ സാജൻ അപേക്ഷ നൽകിയ ദിവസം മുതൽ ഉള്ള ഫയലുകളും രേഖകളും സാജന് നൽകിയ കുറിപ്പുകളും കത്തുകളും അടക്കം എല്ലാ രേഖകളും ഹൈക്കോടതിക്ക് മുമ്പാകെ സമർപ്പിക്കാനും ചീഫ് ജസ്റ്റിസ് നിർദേശിച്ചു. സംഭവത്തിൽ സർക്കാരിന്‍റെ ഭാഗത്ത് നിന്ന് തന്നെ വകുപ്പ് തല അന്വേഷണം വേണം. സർക്കാർ തന്നെ എല്ലാ വശങ്ങളും പുറത്തു കൊണ്ടുവരണം.
അങ്ങനെയൊരു നടപടിയുണ്ടാകുമ്പോൾ മാത്രമേ സമൂഹത്തിന് ഇതിൽ എന്തെങ്കിലും ചെയ്തു എന്ന് തോന്നുകയുള്ളു. ഇത്തരം ആത്മഹത്യകൾ ഉണ്ടാകുന്നത് വ്യവസായ സംഭകർക്ക് തെറ്റായ സന്ദേശമാണ് നൽകുക. ഈ അവസ്ഥ തുടരുമ്പോൾ നിക്ഷേപകർക്ക് ദുരിതപൂർണമായ അവസ്ഥയുണ്ടാകും - കോടതി പറഞ്ഞു.
നഗരസഭാ അധ്യക്ഷയും പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗവുമായ പി.കെ ശ്യാമളയെ രക്ഷിച്ച് നഗരസഭാ ഉദ്യോഗസ്ഥരെ കരുവാക്കി കൈകഴുകാനുള്ള പാര്‍ട്ടി നടപടിക്കെതിരേയും പ്രതിഷേധം വ്യാപകമായിരുന്നു.
അതേ സമയം പ്രവാസിയുടെ ആത്മഹത്യയില്‍ ആന്തൂര്‍ നഗരസഭാ അധികൃതര്‍ക്കെതിരേ കേസെടുത്തതായി ഡി.ജി.പി ലോക്നാഥ് ബഹ്റയും അറിയിച്ചിട്ടുണ്ട്.
നഗരസഭാ അധ്യക്ഷയെ രക്ഷിച്ച് തടിയൂരാനുള്ള നടപടി സി.പി.എം പ്രാദേശിക ഘടകത്തില്‍ തന്നെ വലിയ വിവാദമായിരിക്കുകയാണ്.
പ്രശ്നം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സി.പി.എം തളിപ്പറമ്പ് ഏരിയാ കമ്മിറ്റി യോഗത്തില്‍ പി.കെ ശ്യാമളയ്ക്ക് എതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. യോഗത്തില്‍ പികെ ശ്യാമള വികാരാധീനയായി. നാളെ വിഷയത്തില്‍ പൊതു വിശദീകരണം നല്‍കാന്‍ തലശ്ശേരിയില്‍ സിപിഎം രാഷ്ട്രീയ വിശദീകരണ യോഗം വിളിക്കും.
പാര്‍ട്ടി ഏരിയാകമ്മിറ്റി അംഗങ്ങള്‍ തന്നെ പി.കെ ശ്യാമളക്കെതിരേ രംഗത്തെത്തിയിട്ടുണ്ട്. ഇവര്‍ക്കെതിരേ വേറെയും പരാതികളുണ്ടെന്നതിനാല്‍ നടപടിയെടുക്കാനുള്ള നീക്കത്തിലാണ് സി.പി.എം. പ്രവാസി വ്യവസായിയും പാര്‍ട്ടി അനുഭാവിയുമായ സാജന്റെ ആത്മഹത്യയിലേക്ക് നയിച്ച കാര്യങ്ങളില്‍ ശ്യാമളക്ക് വീഴ്ച സംഭവിച്ചതായാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍. വിഷയം ചര്‍ച്ച ചെയ്യാന്‍ അടിയന്തര ജില്ലാ നേതൃയോഗം വിളിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."