സബ് രജിസ്ട്രാര്‍ ഓഫിസില്‍ വിജിലന്‍സ് പരിശോധന
തൃപ്രയാര്‍: വിജിലന്‍സ് സംഘം തൃപ്രയാര്‍ സബ് രജിസ്ട്രാര്‍ ഓഫിസില്‍ പരിശോധന നടത്തി. ഫയല്‍ മുറിയില്‍ പണം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശപ്രകാരമാണ് വിജിലന്‍സ് സംഘമെത്തിയത്.
ഭൂമി രജിസ്ട്രേഷന് എത്തുന്നവരെ രേഖകള്‍ നല്‍കാതെ കാലതാമസം വരുത്തി ബുദ്ധിമുട്ടിക്കുന്നുവെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് ലഭിച്ച പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് സംഘം പരിശോധന നടത്തിയത്. കുടികിട, പോക്കുവരവ് എന്നിവയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് അപേക്ഷകള്‍ നല്കിയാല് ഇതു സംബന്ധിച്ച സര്‍ട്ടിഫിക്കറ്റുകള്‍ സമയബന്ധിതമായി നല്‍കാതെ വൈകിപ്പിക്കുന്നുവെന്നാണ് പ്രധാന പരാതി. സബ് രജിസ്ട്രാര്‍ ഓഫിസിലെ രജിസ്റ്ററുകള്‍, കുടികിട, പോക്കുവരവ് അപേക്ഷകള്‍ ഫീസായി ലഭിച്ച പണം, ട്രഷറിയില്‍ അടച്ച പണം എന്നിവയുടെ രേഖകളെല്ലാം വിജിലന്‍സ് സംഘം പരിശോധിച്ചു.
വിജിലന്‍സ് സംഘത്തെ കണ്ടതോടെ കൈവശമുണ്ടായിരുന്ന പണം ജീവനക്കാര്‍ ഫയല്മുറിയില് ഉപേക്ഷിച്ചതാകാമെന്നാണ് സൂചന. പരിശോധനാ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറുമെന്ന് വിജിലന്‍സ് സംഘം വ്യക്തമാക്കി. വിജിലന്‍സ് സി.ഐ കെ.പി സലീല്കുമാറിന്റെ നേതൃത്വത്തില്‍ തൃശൂര്‍ അഡീഷണല്‍ തഹസില്‍ദാര്‍ എം.കെ പരമേശ്വരന്റെ സാന്നിധ്യത്തിലായിരുന്നു റെയ്ഡ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."