മൂന്നാം രാജ്യത്തിന്റെ ഇടപെടല്‍ വേണ്ട, ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ തയാറെന്ന് ചൈന
ബെയ്ജിങ്: ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കുന്നതിന് സന്നദ്ധത വ്യക്തമാക്കി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. എന്നാല്‍ മൂന്നാമതൊരു രാജ്യത്തിന്റെ മധ്യസ്ഥത അദ്ദേഹം നിരാകരിച്ചു. ഷാങ്ഹായ് അംഗരാജ്യങ്ങളുടെ തലവന്‍മാരുടെ കൗണ്‍സിലിനെ ഓണ്‍ലൈനില്‍ അഭിസംബോധന ചെയ്യവെയാണ് അംഗരാജ്യങ്ങള്‍ തമ്മിലെ തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ഷി ജിന്‍പിങ് പറഞ്ഞത്. ഷാങ്ഹായ് സഹകരണ സംഘടന(എസ്.സി.ഒ)യിലെ അംഗരാജ്യങ്ങള്‍ പരസ്പരവിശ്വാസവും ഐക്യവും ശക്തിപ്പെടുത്തണമെന്നും ഇന്ത്യയെ പേരെടുത്തു പറയാതെ അദ്ദേഹം ആവശ്യപ്പെട്ടു.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിര്‍ച്വല്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റു എട്ട് എസ്.സി.ഒ അംഗരാജ്യങ്ങളുടെ തലവന്മാരും പങ്കെടുത്തിരുന്നു. സുരക്ഷയും സ്ഥിരതയുമാണ് ഒരു രാജ്യം അതിന്റെ വികസനവുമായി ബന്ധപ്പെട്ട് പ്രഥമ പരിഗണന നല്‍കേï വിഷയം. എല്ലാ വെല്ലുവിളികളെയും നമുക്ക് ഫലപ്രദമായി നേരിടേണ്ടതുണ്ട്. മേഖലയില്‍ സുരക്ഷാ അന്തരീക്ഷം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും ഷി വ്യക്തമാക്കിയതായി സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഷാങ്ഹായ് അംഗരാജ്യങ്ങള്‍ ആഭ്യന്തരകാര്യങ്ങളില്‍ വിദേശസേനകളുടെ ഇടപെടലിനെ എതിര്‍ക്കണമെന്നും മേഖലയിലെ യു.എസ് ഇടപെടലിനെ പരോക്ഷമായി സൂചിപ്പിച്ച് ചൈനീസ് പ്രസിഡന്റ് ആവശ്യപ്പെട്ടു. ചൈനീസ് സമ്പദ്‌വ്യവസ്ഥയെ കുറിച്ച് സംസാരിക്കവെ മറ്റു രാജ്യങ്ങളുടെ സഹകരണമില്ലാതെ ചൈനക്ക് വികസനം സാധ്യമല്ലെന്നു പറഞ്ഞ ഷി ചൈനയെ കൂടാതെ ലോകത്തിന് മുന്നേറാനാവില്ലെന്നും വ്യക്തമാക്കി.
അതേസമയം ഭീകരതയെയും വിഘടനവാദത്തെയും കൊവിഡിനെ ഉപയോഗപ്പെടുത്താനുള്ള തീവ്രവാദികളുടെ ശ്രമത്തെയും ചെറുത്തുതോല്‍പിക്കണം. തീവ്രവാദ ആശയങ്ങള്‍ ഇന്റര്‍നെറ്റ് വഴി പ്രചിപ്പിക്കുന്നത് അടിച്ചമര്‍ത്തണം. നീതിനിര്‍വഹണരംഗത്ത് അംഗരാജ്യങ്ങള്‍ സഹകരണം ശക്തമാക്കണം. രാജ്യങ്ങള്‍ തമ്മില്‍ നല്ല സൗഹൃദവും അയല്‍പക്ക ബന്ധവും വളര്‍ത്തിയെടുക്കുകയും വേണം. ഇത് എസ്.സി.ഒയുടെ ദീര്‍ഘകാല വികസനത്തിന് പൊതുജന പിന്തുണ നേടിയെടുക്കാന്‍ സഹായിക്കുമെന്നും ഷി ജിന്‍പിങ് പറഞ്ഞു.
ചൈനയും റഷ്യയും മറ്റു നാല് മുന്‍ സോവിയറ്റ് റിപ്പബ്ലിക്കുകളും ചേര്‍ന്ന് സ്ഥാപിച്ച എസ്.സി.ഒയില്‍ 2017ലാണ് ഇന്ത്യയും പാകിസ്താനും അംഗങ്ങളായത്. അടുത്തവര്‍ഷം ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥ എന്ന വിഷയത്തിലുള്ള എസ്.സി.ഒ ഫോറത്തിന് ചൈന ആതിഥ്യമരുളുമെന്നും പ്രസിഡന്റ് ഷി അറിയിച്ചു. ഈമാസം 30ന് എസ്.സി.ഒ തലവന്മാരുടെ വിര്‍ച്വല്‍ യോഗം ഇന്ത്യയുടെ അധ്യക്ഷതയിലാണ് നടക്കുക. അതില്‍ ചൈനീസ് പ്രധാനമന്ത്രി ലീ കെക്വിയാങ് പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 17ന് ബ്രസീല്‍, റഷ്യ, ചൈന, ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്‌സ് ഉച്ചകോടിയും വിര്‍ച്വലായി നടക്കാനിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."