ഉവൈസിക്കെതിരേ കോണ്‍ഗ്രസ്: പ്രതിഷേധവുമായി ന്യൂനപക്ഷ വിഭാഗങ്ങള്‍
പാലക്കാട് : ബിഹാര്‍ തെരഞ്ഞെടുപ്പില്‍ മതേതര കൂട്ടായ്മയെ തുരങ്കംവച്ചതും ബി.ജെ.പിയുടെ വിജയവഴി ഉറപ്പാക്കിക്കൊടുത്തതും അസദുദ്ദീന്‍ ഉവൈസിയാണെന്ന കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവന ന്യൂനപക്ഷവിഭാഗങ്ങളില്‍ പ്രതിഷേധത്തിനിടയാക്കുന്നു. രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്ന ഒരു തെരഞ്ഞെടുപ്പിനെ സമീപിക്കാനൊരുങ്ങുന്ന ഒരു ഘട്ടത്തിലും വിജയ സാധ്യതയുറപ്പാക്കുന്ന നീക്കങ്ങളോ കൂട്ടുകെട്ടുകള്‍ക്കോ ശ്രമിക്കാതെ കപട മതേതരത്വം പറഞ്ഞ് ഉവൈസി ഉള്‍പ്പെടെയുള്ളവരെ മാറ്റി നിര്‍ത്തിയാണ് കോണ്‍ഗ്രസ് മുന്നോട്ടുപോയത്.
ബി.ജെ.പിയുടെ തീവ്രഹിന്ദുത്വത്തിന്റെ മറുവശമാണ് ഉവൈസിയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി പ്രസ്താവനകള്‍ നടത്തുകയും ചെയ്തു. അതേസമയം, ബി.ജെ.പിക്കെതിരേ വിശാല മതേതര സഖ്യത്തിന് തയാറാവണമെന്നും അതില്‍ താന്‍ സഹകരിക്കാമെന്നും നിരവധി തവണ കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടും അത് ചെവിക്കൊള്ളാത്ത കോണ്‍ഗ്രസ് ഇപ്പോള്‍ തങ്ങളുടെ ദയനീയ പരാജയത്തിന്റെ ജാള്യത മറയ്ക്കാനാണ് ഉവൈസിയെ കുറ്റപ്പെടുത്തുന്നതെന്നാണ് വിമര്‍ശനം. രാജ്യത്തിന്റെ നിലനില്‍പ് അപകടത്തിലാണെന്നും ദലിത്, ആദിവാസി, മുസ്‌ലിം, ക്രൈസ്തവ കൂട്ടായ്മകളെയും മറ്റു പിന്നോക്ക വിഭാഗങ്ങളെയും വിശ്വാസത്തിലെടുത്ത് വിശാല സഖ്യത്തിനുള്ള ശ്രമങ്ങളാണെന്ന് വേണ്ടതെന്ന് പല തവണ കോണ്‍ഗ്രസ് നേതൃത്വത്തോട് ഉവൈസി അഭ്യര്‍ത്ഥിച്ചിരുന്നുവെന്നാണ് ഉവൈസിയുടെ അനുയായികള്‍ വ്യക്തമാക്കുന്നത്.
ബി.ജെ.പിക്കെതിരേ വിശാല സഖ്യത്തിന് കോണ്‍ഗ്രസെന്ന പോലെ ഇടതുപാര്‍ട്ടികളും താല്‍പര്യം കാണിച്ചില്ല. ഇത്തരത്തില്‍ ചെറുതെങ്കിലും ഉള്ള സ്വാധീനം ഉപയോഗപ്പെടുത്തി തെരഞ്ഞെടുപ്പ് രംഗത്തേക്ക് ഇറങ്ങുകയായിരുന്നുവെന്നും ഉവൈസിയുടെ അനുയായികള്‍ വിശദീകരിക്കുന്നു. കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ നിലപാടാണ് ന്യൂനപക്ഷവിഭാഗങ്ങളെ ഒന്നിപ്പിച്ച് മുന്നോട്ടുപോകാന്‍ തടസമായതെന്ന് കോണ്‍ഗ്രസിലെ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട നേതാക്കളും വിലയിരുത്തുന്നുണ്ട്. ഉവൈസിയുടെ തെരഞ്ഞെടുപ്പിലെ ഇടപെടല്‍ മതേതര വോട്ടുകളെ ഭിന്നിപ്പിച്ചുവെന്നത് യാഥാര്‍ത്ഥ്യമാണെങ്കിലും, ഇന്ത്യന്‍ മതേതരത്വം കാത്തുസൂക്ഷിക്കേണ്ട ബാധ്യത ഉവൈസിയുടെ മാത്രമല്ലെന്നും കോണ്‍ഗ്രസിനും ഇക്കാര്യത്തില്‍ ഉത്തരവാദിത്വം ഉണ്ടെന്നും പ്രമുഖ കോണ്‍ഗ്രസ് നേതാവ് സുപ്രഭാതത്തോടു പറഞ്ഞു.
ഒരുകാലത്ത് ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായിരുന്ന കോണ്‍ഗ്രസസിന് മതേതരത്വം കാത്തുസൂക്ഷിക്കാന്‍ കഴിയാത്തതിനു ഉവൈസിയെ മാത്രം കുറ്റപ്പെടുത്തുകയാണ്. പരാജയത്തിന്റെ ഉത്തരവാദിത്വം തലയില്‍വയ്ക്കാന്‍ ഒരു അത്താണി മാത്രമാണ് ഉവൈസിയെന്നും അദ്ദേഹം പറഞ്ഞു. ഉവൈസിക്കും തെറ്റുപറ്റിയിട്ടുണ്ട്. എന്നാല്‍ ഉവൈസി ഉള്‍പ്പെടേയുള്ളവര്‍ക്ക് തെറ്റുതിരുത്താന്‍ അവസരം നല്‍കി കൂടെനിര്‍ത്തേണ്ടിയിരുന്ന കോണ്‍ഗ്രസ് ആ ബാധ്യത നിറവേറ്റിയില്ലെന്നതില്‍ ഖേദമുണ്ടെന്നാണ് പ്രമുഖ യൂത്ത് കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കിയത്. ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസ് 19 സീറ്റില്‍ ഒതുങ്ങിയപ്പോള്‍ ആളില്ലാ പാര്‍ട്ടിയായ ഉവൈസി നേടിയത് അഞ്ച് സീറ്റാണ്. മാത്രമല്ല വംശനാശം നേരിടുന്നവര്‍ എന്ന് രാഷ്ട്രീയ എതിരാളികള്‍ പരിഹസിക്കുന്ന ഇടതുപാര്‍ട്ടികളും നേടി 18 സീറ്റുകള്‍.
രാജ്യത്തിന്റെ പോക്ക് എങ്ങോട്ടാണെന്നും എങ്ങനെയാണെന്നും തിരിച്ചറിഞ്ഞ് പ്രവര്‍ത്തിച്ചില്ലെങ്കില്‍ മതേതരത്വത്തോടൊപ്പം കോണ്‍ഗ്രസും ശിഥിലമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലും കോണ്‍ഗ്രസ് നിലപാടിനെതിരേ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ബാബരി വിഷയത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച കാപട്യം മുതല്‍ പൗരത്വപ്രശ്‌നവും സംവരണ നിലപാടും വരെയുള്ള കോണ്‍ഗ്രസിന്റെ നിസംഗതയും മൗനവും സവര്‍ണ പ്രീണനവും എല്ലാം വീണ്ടും ചര്‍ച്ചയാകുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."