മരം വീടിനുമുകളിലേക്ക് കടപുഴകി; കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
തലയോലപ്പറമ്പ്: റോഡിന് എതിര്‍വശത്തുള്ള പാഴ്മരം വൈദ്യുതി ലൈനിനു മുകളിലൂടെ കടപുഴകി തെങ്ങിനുമുകളിലേക്കു വീണ് ഓടുമേഞ്ഞ വീടിന്റെ മേല്‍ക്കൂരയും മതിലും തകര്‍ന്നു.
വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ ബ്രഹ്മമംഗലം ചാലുങ്കല്‍ തേനേത്ത് ബിജുവിന്റെ പുരയിടത്തിനു മുകളിലേക്കാണ് മരം കടപുഴകി വീണത്.
ഈ സമയം വീടിന്റെ മുന്‍വശത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ബിജുവിന്റെ മക്കളായ അലന്‍ (ഏഴ്), ഐവന്‍ (അഞ്ച്) എന്നിവര്‍ പരുക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപെട്ടു.
അപകടത്തെ തുടര്‍ന്ന് നീര്‍പ്പാറ-തട്ടാവേലി റോഡില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. കടപുഴകിയ മരം ലൈനിനു മുകളിലേക്ക് വീണതിനാല്‍ വൈദ്യുതി പോസ്റ്റും തകര്‍ന്നു. സമീപ പ്രദേശങ്ങളിലെ വൈദ്യുതിബന്ധം മണിക്കൂറുകളോളം തടസ്സപ്പെട്ടു. പാഴ്മരത്തിന്റെ ചുവടുഭാഗം ദ്രവിച്ച് മാസങ്ങളായി അപകടാവസ്ഥയിലായിരുന്നു.
ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസമാണ് ഈ മരം മുറിച്ചുമാറ്റുന്നതിനു വനം വകുപ്പില്‍ നിന്നും ഉത്തരവായത്. ഇതിനിടെയാണ് അപ്രതീക്ഷിതമായി ഇന്നലെ വൈകുന്നേരം ബ്രഹ്മമംഗലം പ്രദേശത്തു വീശിയ കാറ്റില്‍ അപകടാവസ്ഥയിലായിരുന്ന മരം കടപുഴകി വീണത്.
കടുത്തുരുത്തിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് മരം മുറിച്ചുമാറ്റിയത്.
സംഭവസമയത്ത് റോഡില്‍ യാത്രക്കാരില്ലാതിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവാകുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."