എന്തുകൊണ്ട് സഞ്ജീവ് ഭട്ട് വേട്ടയാടപ്പെടുന്നു
അര്‍ധ ജനാധിപത്യം, മാനേജ്ഡ് ഡെമോക്രസി എന്നെല്ലാം വിളിക്കാവുന്ന ഭരണക്രമങ്ങള്‍ ലോകത്ത് നിലവിലുണ്ട്. ഈ രാജ്യങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കും. തെരഞ്ഞെടുപ്പു നടത്തുന്ന സര്‍ക്കാരുകള്‍ തന്നെ അധികാരത്തിലെത്തും, വ്യക്തമായ ഭൂരിപക്ഷത്തോടെ തന്നെ. അതെല്ലാം തെരഞ്ഞെടുപ്പു കൃത്രിമം ആവണമെന്നു പോലുമില്ല. ഭൂരിപക്ഷം വോട്ടുകള്‍ പെട്ടിയിലാക്കാനുള്ള തന്ത്രങ്ങള്‍ അവര്‍ക്കുണ്ടാവും. അത് ചിലപ്പോള്‍ ദേശീയതയാകാം, യുദ്ധവെറിയാകാം, വംശീയതയാകാം, മതമാവാം. അത്തരം രാജ്യങ്ങള്‍ക്കുള്ള പ്രത്യേകത അവിടെ പ്രതിപക്ഷം ദുര്‍ബലമായിരിക്കുമെന്നതാണ്. പ്രതിപക്ഷ പാര്‍ട്ടികളെ നിര്‍ദയം അടിച്ചമര്‍ത്തും. അവരുടെ നേതാക്കളെ കള്ളക്കേസുകളാല്‍ വേട്ടയാടും. മാധ്യമസ്വാതന്ത്ര്യം പേരിന് മാത്രമായിരിക്കും. മാധ്യമങ്ങള്‍ ഭരണകൂടത്തെ വാഴ്ത്തിപ്പാടും. ഭരണാധിപനെ അതിമാനുഷനായി അവതരിപ്പിക്കും. സിവില്‍ സമൂഹത്തില്‍ നിന്നുള്ള എതിര്‍പ്പുകളെ ലാത്തിയും തോക്കും വേണ്ടിവന്നാല്‍ കോടതികളുമുപയോഗിച്ച് അടിച്ചമര്‍ത്തും. എന്‍.ജി.ഒകള്‍, മനുഷ്യാവകാശ സംഘടനകള്‍ എന്നിവയെ രാജ്യദ്രോഹികളായി മുദ്രകുത്തും. അത്തരത്തില്‍ എല്ലാം തികഞ്ഞ ഒരു മാനേജ്ഡ് ഡെമോക്രസിയാണ് റഷ്യ. നമ്മുടെ രാജ്യവും ഒരു മാനേജ്ഡ് ഡെമോക്രസിയായി മാറുന്നുവെന്ന ഗുരുതരമായ സൂചനകള്‍ പുറത്തുവരുന്നു. മാനേജ്ഡ് ഡെമോക്രസികളില്‍ ജുഡിഷ്യറി സ്വതന്ത്രമായിരിക്കില്ല. 'കംഗാരൂ കോടതി'കള്‍ എന്ന് വിളിക്കാവുന്നവയായിരിക്കും നീതിന്യായ സംവിധാനങ്ങള്‍.
മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ടിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് ഗുജറാത്തിലെ ജാംനഗര്‍ സെഷന്‍സ് കോടതിയുടെ വിധി വ്യാഴാഴ്ച പുറത്തുവന്നിരിക്കുന്നു. നിലവില്‍ സഞ്ജീവ് ഭട്ട് മറ്റൊരു കേസില്‍ എട്ടുമാസത്തിലേറെയായി ജുഡിഷ്യല്‍ കസ്റ്റഡിയിലാണ്. ഇതിനിടെയാണ് 29 വര്‍ഷം മുമ്പുള്ള ഒരു കേസില്‍ അദ്ദേഹം ശിക്ഷിക്കപ്പെട്ടത്. എന്താണ് സഞ്ജീവ് ഭട്ട് ചെയ്ത കുറ്റമെന്ന് അന്വേഷിക്കും മുമ്പ് ആരായിരുന്നു സഞ്ജീവ് ഭട്ട് എന്ന് കൂടി അറിയണം.
1988 ബാച്ച് ഗുജറാത്ത് കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്നു ഭട്ട്. തൊണ്ണൂറുകളുടെ തുടക്കത്തില്‍ ബാബരി മസ്ജിദ് തകര്‍ക്കുന്നതില്‍ കലാശിച്ച ബി.ജെ.പിയുടെ അയോധ്യ പ്രസ്ഥാനം കൊടുമ്പിരി കൊണ്ടകാലം. സംഘ്പരിവാറിന്റെ ശക്തിദുര്‍ഗമായ ഗുജറാത്തിലും സംഘര്‍ഷങ്ങള്‍ പതിവായി. അദ്വാനി കേന്ദ്ര സര്‍ക്കാരിനെ വെല്ലുവിളിച്ച് ഡല്‍ഹിയില്‍ കുറച്ച് ദിവസം രഥയാത്ര നിര്‍ത്തിവച്ച് തങ്ങി. വി.പി സിങ് ആയിരുന്നു. പ്രധാനമന്ത്രി. ബിഹാറിലേക്ക് രഥയാത്ര അനുവദിക്കില്ലെന്ന് അന്ന് മുഖ്യമന്ത്രിയായ ലാലു പ്രസാദ് യാദവ് നിലപാടെടുത്തു. മാത്രമല്ല, ഡല്‍ഹിയിലെത്തി ലാലുപ്രസാദ് യാദവ് നേരിട്ട് അദ്ദേഹത്തോടക്കാര്യം പറഞ്ഞു. ആയിരത്തോളം മുസ്‌ലിംകള്‍ കൊല്ലപ്പെട്ട 1988ലെ ഭഗല്‍പൂര്‍ കലാപത്തിന്റെ മുറിവുകളുണക്കാന്‍ പാടുപെടുകയായിരുന്നു അന്ന് ലാലുപ്രസാദ്.
മുഫ്തി മുഹമ്മദ് സഈദ് പോലും ആവശ്യപ്പെട്ടിട്ടും ലാലുപ്രസാദ് രഥയാത്ര അനുവദിച്ചില്ല. നിങ്ങള്‍ക്കെല്ലാം അധികാരത്തിന്റെ ലഹരിബാധിച്ചുവെന്നായിരുന്നു ലാലുവിന്റെ പ്രതികരണം. സമസ്തിപൂരില്‍ നിന്ന് അറസ്റ്റ് ചെയ്ത അദ്വാനിയെ മസന്‍ജോര്‍ ഗസ്റ്റ് ഹൗസില്‍ തടവില്‍ പാര്‍പ്പിച്ചു, പൂര്‍ണ സൗകര്യങ്ങളോടെ. എന്നാല്‍, അദ്വാനിയോടൊപ്പമുണ്ടായിരുന്ന കര്‍സേവകര്‍ അയോധ്യയിലേക്ക് മാര്‍ച്ച് നടത്തി. ബാബരി മസ്ജിദിന് മുകളില്‍ കാവിക്കൊടി പാറിച്ചു. പൊലിസും കര്‍സേവകരുമായുള്ള ഏറ്റുമുട്ടല്‍ മൂന്നുദിവസം നീണ്ടു. 20 കര്‍സേവകര്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന മുലായം സിങ് യാദവ് അവരെയെല്ലാം അറസ്റ്റ് ചെയ്തു. ഒന്നരലക്ഷം കര്‍സേവകരെയാണ് മുലായം സിങ് സര്‍ക്കാര്‍ ജയിലിലാക്കിയത്. ഇതോടെ, ഉത്തരേന്ത്യയില്‍ പലയിടത്തും കലാപം പൊട്ടിപ്പുറപ്പെട്ടു.
ഗുജറാത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. സഞ്ജീവ് ഭട്ട് അന്ന് ജാംനഗര്‍ റൂറല്‍ എ.എസ്.പിയായിരുന്നു. ജില്ലയിലെ മറ്റ് രണ്ട് ഡിവിഷന്‍ മേധാവികള്‍ അവധിയായിരുന്നതിനാല്‍ ഫലത്തില്‍ ജാംനഗര്‍ ജില്ലയുടെ മുഴുവന്‍ ചുമതല സഞ്ജീവ് ഭട്ടിനായിരുന്നു. ജാംനഗറില്‍ മുസ്‌ലിം സ്ഥാപനങ്ങളും വീടുകളും വ്യാപകമായി ആക്രമിക്കപ്പെട്ടു. വ്യാപാരസ്ഥാപനങ്ങള്‍ കൊള്ളയടിച്ച ശേഷം ചുട്ടെരിച്ചു. കലക്ടര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. അക്രമാസക്തരായ വി.എച്ച്.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകരെ നിയന്ത്രിക്കലായിരുന്നു സഞ്ജീവ് ഭട്ട് നേരിട്ട വെല്ലുവിളി. ജാംനഗറിലെ ജാംഝോധ്പൂര്‍ പൊലിസ് സ്റ്റേഷനില്‍ രാവിലെ 9.30നും 12.30നുമിടയില്‍ മാത്രം 133 വി.എച്ച്.പി പ്രവര്‍ത്തകര്‍ അറസ്റ്റിലായി. ഈ സമയത്ത് ഭട്ട് കലാപം നിയന്ത്രിക്കുന്ന തിരക്കിലായിരുന്നു. അറസ്റ്റ് നടന്ന ജാംഝോധ്പൂര്‍ സ്റ്റേഷനിലെത്തിയ ഭട്ട് അറസ്റ്റിലായവരെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ച ശേഷം മടങ്ങി.
അറസ്റ്റ് ചെയ്യപ്പെട്ട വി.എച്ച്.പി പ്രവര്‍ത്തകരിലൊരാളായ പ്രഭുദാസ് മാധവ്ജി വൈഷ്ണാനിയെന്നയാള്‍ ജാമ്യത്തിലിറങ്ങി 18 ദിവസത്തിന് ശേഷം കിഡ്‌നി രോഗംമൂലം മരിച്ചു. ഇയാളുടെ മരണം പൊലിസ് പീഡനത്തെ തുടര്‍ന്നാണെന്ന് വി.എച്ച്.പി പ്രവര്‍ത്തകനായ അമൃത്‌ലാല്‍ വൈഷ്ണാനി പരാതി നല്‍കി. ഇതേകുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സി.ഐ.ഡി സംഘത്തെ മുഖ്യമന്ത്രി ചിമന്‍ഭായ് പട്ടേല്‍ നിയോഗിച്ചു. സി.ഐ.ഡി അന്വേഷണത്തില്‍ പൊലിസ് മര്‍ദനം നടന്നിട്ടില്ലെന്ന് കണ്ടെത്തി. പോസ്റ്റ്‌മോര്‍ട്ടം പരിശോധനയിലും മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോഴും വൈദ്യപരിശോധനാ സമയത്തും മര്‍ദനം നടന്നതായി കണ്ടെത്തുകയോ പരാതി പോലുമുയരുകയോ ചെയ്തിരുന്നില്ല. ജാമ്യത്തിലിറങ്ങി കിഡ്‌നി രോഗത്തിന് ചികില്‍സ തേടിയപ്പോഴും പൊലിസ് മര്‍ദനത്തെ കുറിച്ച് മരിച്ചയാള്‍ പരാതിപ്പെട്ടിരുന്നില്ല. ഇത് കള്ളപ്പരാതിയാണെന്ന് തിരിച്ചറിഞ്ഞ അന്നത്തെ ഗുജറാത്ത് ആഭ്യന്തരമന്ത്രി നരേന്ദ്ര അമിന്‍, സഞ്ജീവ് ഭട്ടിന് നിയമസഹായം നല്‍കാന്‍ ഉത്തരവിട്ടു. പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതിയും നിഷേധിച്ചു.
പിന്നെ എന്നു മുതലാണ്, എങ്ങനെയാണ് ജീവപര്യന്തം തടവ് ലഭിക്കുന്ന വിധത്തില്‍ സഞ്ജീവ് ഭട്ടിനെതിരെ കസ്റ്റഡി മരണം എന്ന പരാതിയുയര്‍ന്നത് കലാപം നടത്തിയ വി.എച്ച്.പി പ്രവര്‍ത്തകര്‍ക്കെതിരേ ടാഡ നിയമപ്രകാരമാണ് കേസെടുത്തത്. ഇത് പിന്‍വലിക്കണമെന്ന് ഗുജറാത്തിലെ നിര്‍ണായക വോട്ടുബാങ്കായ പട്ടേല്‍ സമുദായ നേതാക്കള്‍ മുഖ്യമന്ത്രി ചിമന്‍ഭായ് പട്ടേലിനോട് അഭ്യര്‍ഥിച്ചിരുന്നു. കോണ്‍ഗ്രസുകാരനായ ചിമന്‍ഭായ് പട്ടേലാകട്ടെ ആ സമയത്ത് ഒരു അവിശ്വാസ പ്രമേയ ഭീഷണിയിലായിരുന്നു. പട്ടേല്‍ സമുദായംഗങ്ങളായ കോണ്‍ഗ്രസ്- ബി.ജെ.പി എം.എല്‍.എമാരുടെ പിന്തുണ പ്രതീക്ഷിച്ച് ആ ആവശ്യം പരിഗണിക്കാമെന്ന് ചിമന്‍ഭായ് പട്ടേല്‍ ഉറപ്പുനല്‍കിയെങ്കിലും കലാപവും കൊള്ളയും കൊള്ളിവയ്പും നടത്തിയവര്‍ക്കെതിരെയുള്ള ടാഡ ഒഴിവാക്കാന്‍ ഭട്ട് തയ്യാറായില്ല. ഇതിനുള്ള പ്രതികാരമായിരുന്നു ആ കള്ളക്കേസ്.
എങ്കിലും സത്യം അറിയാവുന്ന അന്നത്തെ സംസ്ഥാന സര്‍ക്കാര്‍ ഭട്ടിന് പൂര്‍ണ പിന്തുണ നല്‍കി. കേസ് സംബന്ധിച്ച് ഗുജറാത്ത് സര്‍ക്കാരിന്റെ ഔദ്യോഗിക നിലപാട് ഇത് തന്നെയായിരുന്നു. ഇതിനിടെയാണ് ഭട്ട് ഗുജറാത്ത് ഇന്റലിജന്‍സില്‍ ഡെപ്യൂട്ടി കമ്മീഷണറാവുന്നത്. അപ്പോഴേക്കും സംസ്ഥാനത്ത് ബി.ജെ.പി അധികാരത്തിലെത്തിയിരുന്നു. മുഖ്യമന്ത്രി കേശുഭായ് പട്ടേലിന്റെ ഭരണശേഷിയില്‍ സംശയം തോന്നി ആര്‍.എസ്.എസ് അദ്ദേഹത്തെ ഒഴിവാക്കി നരേന്ദ്രമോദിയെ ഭരണത്തില്‍ കൊണ്ടുവന്നു.
ഭരണത്തിലേറിയ ആദ്യവര്‍ഷം തന്നെ, 2002 ഫെബ്രുവരിയില്‍ ഗുജറാത്ത് കലാപം നടന്നു. കലാപമാരംഭിച്ച ഫെബ്രുവരി 27ന് നരേന്ദ്ര മോദി ഉന്നത പൊലിസ്- ഇന്റലിജന്‍സ് ഓഫിസര്‍മാരുടെ യോഗം തന്റെ വസതിയില്‍ വിളിച്ചു ചേര്‍ത്തു. ഗോധ്രയില്‍ ട്രെയിന്‍ ദുരന്തത്തില്‍ മരിച്ച കര്‍സേവകരുടെ വിഷയത്തില്‍ ഹിന്ദുക്കളുടെ രോഷം ശമിപ്പിക്കാന്‍ അനുവദിക്കണമെന്ന് നരേന്ദ്ര മോദി യോഗത്തില്‍ പറഞ്ഞതായി സഞ്ജീവ് ഭട്ട് പിന്നീട് കലാപം അന്വേഷിച്ച നാനാവതി, മേത്ത കമ്മീഷനുകള്‍ക്ക് മൊഴി നല്‍കി. കലാപമവസാനിച്ചതിന് ശേഷം, തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നരേന്ദ്ര മോദി ഗുജറാത്തില്‍ ഗൗരവ് യാത്ര നടത്തി. കലാപത്തിലെ ഇരകളുടെ മുറിവില്‍ ഉപ്പുപുരട്ടുന്നതായിരുന്നു മോദിയുടെ ഗൗരവ് യാത്രയിലെ പ്രസംഗങ്ങള്‍. ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ഇതെകുറിച്ച് വിശദീകരണം തേടി. പ്രസംഗങ്ങളുടെ റെക്കോഡ് കൈവശമില്ലെന്നാണ് ഗുജറാത്ത് സര്‍ക്കാര്‍ മറുപടി നല്‍കിയത്. എന്നാല്‍, അന്ന് ഗുജറാത്ത് ഇന്റലിജന്‍സ്, ന്യൂനപക്ഷ കമ്മീഷന് പ്രസംഗങ്ങളുടെ റെക്കോഡ് കൈമാറി. ഇതിന്റെ പേരില്‍ ഐ.ബി നേതൃത്വത്തിലുണ്ടായിരുന്ന മലയാളിയായ ആര്‍.ബി ശ്രീകുമാര്‍, ഇ. രാധാകൃഷ്ണന്‍ എന്നിവര്‍ക്കൊപ്പം ഭട്ടിനെയും സ്ഥലം മാറ്റി. സബര്‍മതി ജയില്‍ വാര്‍ഡനായിട്ടായിരുന്നു ഭട്ടിന്റെ നിയമനം.
ഈ സമയത്തായിരുന്നു കേശുഭായ് മന്ത്രിസഭയിലെ ആഭ്യന്തരമന്ത്രിയായിരുന്ന ഹരിന്‍ പാണ്ഡ കൊല്ലപ്പെട്ടത്. നരേന്ദ്ര മോദി അധികാരത്തിലെത്തിയപ്പോള്‍ പാണ്ഡെക്ക് ആഭ്യന്തരത്തിന് പകരം റവന്യൂവകുപ്പിന്റെ ചുമതലയാണ് നല്‍കിയത്. അതൃപ്തനായ പാണ്ഡ സ്ഥാനം രാജിവച്ചു. മോദി അധികാരമേറ്റ ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചതുമില്ല. ടിക്കറ്റ് പോലും കിട്ടില്ലെന്നുറപ്പായിരുന്നു. ബി.ജെ.പി അദ്ദേഹത്തെ ദേശീയ എക്‌സിക്യൂട്ടീവംഗമാക്കി. 2003 ഒക്ടോബര്‍ 26ന് പുലര്‍ച്ചെ ഏഴരക്ക് അഹ്മദാബാദിലെ ലോ ഗാര്‍ഡന്‍സില്‍ പ്രഭാതസവാരിക്കായി ഇറങ്ങിയപ്പോഴാണ് ഹരിന്‍ വെടിയേറ്റ് മരിച്ചത്. കാറിനുള്ളിലാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹത്തെ കൊന്നതിന് ഹൈദരാബാദുകാരനായ അസ്ഗര്‍ അലി ഉള്‍പ്പെടെ എട്ടുപേര്‍ അറസ്റ്റിലായി. ഗുജറാത്ത് കലാപത്തിന് പ്രതികാരമാണ് പാണ്ഡേയുടെ കൊലപാതകം എന്നായിരുന്നു പൊലിസ് ആദ്യം പറഞ്ഞിരുന്നത്.
വിചാരണാകാലയളവില്‍ അസ്ഗര്‍ അലി സബര്‍മതി ജയിലിലാണ് കഴിഞ്ഞത്. അസ്ഗറുമായി സംസാരിച്ചപ്പോള്‍ പാണ്ഡെയുടെ വധവുമായി ബന്ധപ്പെട്ട മറ്റൊരു വിവരമാണ് ഭട്ടിന് ലഭിച്ചത്. അസ്ഗര്‍ അലി ഒരു വാടകക്കൊലയാളിയായിരുന്നു. പാണ്ഡയെ വധിക്കാന്‍ ബി.ജെ.പി നേതാക്കളുമായി അടുത്തബന്ധമുള്ള അധോലോക നായകനായ സൊഹ്‌റബുദ്ദീന്‍ ശൈഖ് ആണ് തന്നോട് ആവശ്യപ്പെട്ടതെന്ന് അസ്ഗര്‍ അലി, ഭട്ടിനോട് വെളിപ്പെടുത്തി. എന്നാല്‍, അവസാന നിമിഷം അത് വേണ്ടെന്നു വച്ച് താന്‍ ഹൈദരാബാദിലേക്ക് മടങ്ങുകയായിരുന്നു. സൊഹ്‌റബിന്റെ സുഹൃത്ത് തുള്‍സി റാം പ്രജാപതി എന്ന മറ്റൊരു വാടകക്കൊലയാളിയാണ് ഈ കൃത്യം ചെയ്തതെന്നും ഭട്ടിനോട് അസ്ഗര്‍ വെളിപ്പെടുത്തി. ഇതിനിടെ 2004ല്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ യു.പി.എ സര്‍ക്കാര്‍ അധികാരത്തിലെത്തി. ഈ സത്യങ്ങളെല്ലാമറിയാവുന്ന സൊഹ്‌റാബുദ്ദീനും പ്രജാപതിയും വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. സൊഹ്‌റബുദ്ദീനെ കൊന്ന ശേഷം മോദിയെ കൊലപ്പെടുത്താനെത്തിയ ലഷ്‌കറെ ത്വയ്ബയെ ഭീകരരായി ചിത്രീകരിക്കുകയും ചെയ്തു പൊലിസ്. സൊഹ്‌റബുദ്ദീന്റെ സഹോദരന്റെ ഹരജിയില്‍ ഈ കേസ് സി.ബി.ഐ അന്വേഷിച്ചു.
സൊഹ്‌റബുദ്ദീന്‍ വധത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന് ഡി.ജി വന്‍സാരയുള്‍പ്പെടെയുള്ള ഗുജറാത്ത് ഐ.പി.എസ് ഉദ്യോഗസ്ഥര്‍ അറസ്റ്റിലായി. ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്ന അമിത് ഷായുടെ നിര്‍ദേശം അനുസരിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്ന് ജയിലില്‍ നിന്ന് ഡി.ജി വന്‍സാര സുപ്രിംകോടതിക്ക് കത്തെഴുതി. ഇതേ കാര്യം 2010ല്‍ സി.ബി.ഐ അന്വേഷണത്തിലും വെളിപ്പെട്ടു. രാജസ്ഥാനില്‍ നിന്നുള്ള മാര്‍ബിള്‍ വ്യാപാരികളില്‍ നിന്ന് ഹഫ്ത പിരിക്കുന്ന സൊഹറാബുദ്ദീനെയും തുള്‍സീറാം പ്രജാപതിയെയും ഇല്ലാതാക്കാന്‍ അമിത് ഷായും ഡി.ജി വന്‍സാര, രാജ്കുമാര്‍ പാണ്ഡ്യ തുടങ്ങിയ പോലിസ് ഉദ്യോഗസ്ഥര്‍ നടത്തിയ ഗൂഢാലോചനയാണിതെന്നായിരുന്നു സി.ബി.ഐ കണ്ടെത്തല്‍.
ഭീഷണിപ്പെടുത്തി പണം വാങ്ങുന്നത് പതിവാക്കിയതിനാല്‍ രാജസ്ഥാനിലെ മാര്‍ബിള്‍ വ്യാപാരികള്‍ സൊഹ്‌റബുദ്ദീനെ ഇല്ലാതാക്കാന്‍ അമിത് ഷാക്ക് പണം നല്‍കിയെന്നും കണ്ടെത്തുകയുണ്ടായി. തെളിവായി സൊഹ്‌റബുദ്ദീനെയും കൗസര്‍ബിയെയും തട്ടിക്കൊണ്ടുപോയ പൊലിസ് ഉദ്യോഗസ്ഥരുടെയും അമിത്ഷായുടെയും ഫോണ്‍ രേഖകളും സി.ബി.ഐ കോടതിയില്‍ ഹാജരാക്കി. 2010 ജൂലൈയില്‍ അമിത് ഷാ അറസ്റ്റിലായി. മൂന്ന് മാസത്തിന് ശേഷം അമിത് ഷാ ജാമ്യത്തിലിറങ്ങിയെങ്കിലും ഗുജറാത്തില്‍ പ്രവേശിക്കരുതെന്ന് സുപ്രിംകോടതി ഉത്തരവിട്ടു. പിന്നീടുള്ള കാലം ഡല്‍ഹിയിലായി അമിത്ഷായുടെ താമസം.
ഗുജറാത്ത് കലാപം തുടങ്ങുമ്പോള്‍ മോദി വിളിച്ചുചേര്‍ത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗം സംബന്ധിച്ച് ഹരിന്‍ പാണ്ഡെ ചില നിര്‍ണായക വെളിപ്പെടുത്തലുകളും നടത്തുകയുണ്ടായി. ഔട്ട്‌ലുക് മാസികയോടും ഗുജറാത്ത് കലാപം സംബന്ധിച്ചുള്ള അന്വേഷണത്തിനായി രൂപീകരിച്ച കണ്‍സേണ്‍ഡ് സിറ്റിസണ്‍സ് ട്രിബ്യൂണല്‍ എന്ന സാമൂഹ്യ പ്രവര്‍ത്തകരുടെ അന്വേഷണസംഘത്തോടുമായിരുന്നു പാണ്ഡെയുടെ വെളിപ്പെടുത്തല്‍. ഇതും മോദി സര്‍ക്കാരിന് തിരിച്ചടിയായി.
ഒമ്പത് വര്‍ഷത്തിന് ശേഷം 2011ല്‍ സഞ്ജീവ് ഭട്ട് ഇതേ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സുപ്രിംകോടതിയില്‍ ഒരു ഹരജി നല്‍കി. എന്നാല്‍, ഒമ്പത് വര്‍ഷം ഇതിനായി കാത്തിരുന്നതെന്തെന്ന് ചോദിച്ച സുപ്രിംകോടതി, ഭട്ടിന്റെ ഹരജി തള്ളി. ഇതിനിടെ 2008ല്‍ ഗുജറാത്ത് കലാപക്കേസുകള്‍ അന്വേഷിക്കാന്‍ നിയുക്തരായ സി.ബി.ഐ മുന്‍ ഡയറക്ടര്‍ ആര്‍.കെ രാഘവന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അന്വേഷണം നടത്തി വരികയായിരുന്നു. എസ്.ഐ.ടിയുടെ അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ ഗുജറാത്ത് സര്‍ക്കാരിന് കൈമാറുന്നുണ്ടെന്ന് ഭട്ട് ആരോപിച്ചു. ഗുജറാത്ത് സര്‍ക്കാരിന്റെ അന്നത്തെ അഡ്വക്കറ്റ് ജനറലും ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാരിന്റെ സോളിസിറ്റര്‍ ജനറലുമായ തുഷാര്‍ മേത്ത വഴിയാണ് വിവരങ്ങള്‍ ചോരുന്നതെന്നായിരുന്നു ആരോപണം. ഭട്ടിന്റെ ആരോപണങ്ങള്‍ തള്ളിയ സുപ്രിംകോടതി, അദ്ദേഹം ബി.ജെ.പിയുടെ രാഷ്ട്രീയ എതിരാളികള്‍ക്കുവേണ്ടിയും ചില എന്‍.ജി.ഓകള്‍ക്ക് വേണ്ടിയുമാണ് പ്രവര്‍ത്തിക്കുന്നതെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു.
ഇതിനിടെ, 2011ല്‍ അനധികൃതമായി ജോലിക്ക് ഹാജരാവാതിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ഭട്ടിനെ ഗുജറാത്ത് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. എന്നാല്‍, അന്വേഷണ കമ്മീഷനുകള്‍ക്ക് മുമ്പില്‍ ഹാജരാവേണ്ടിയിരുന്നതിനാലാണ് ജോലിക്ക് ഹാജരാവാതിരുന്നതെന്ന ഭട്ടിന്റെ വാദം പരിഗണിച്ചില്ല.
അപ്പോഴേക്കും കേന്ദ്രത്തില്‍ ബി.ജെ.പിയും അധികാരത്തിലെത്തുകയുണ്ടായി. വൈകാതെ ഗുജറാത്ത് കലാപകാലത്ത് സഞ്ജീവ് ഭട്ടിന്റെ ഡ്രൈവറായിരുന്ന കെ.ഡി പന്ത് നല്‍കിയ പരാതിയില്‍ ഭട്ടിനെ ഗുജറാത്ത് പോലിസ് അറസ്റ്റ് ചെയ്തു. നരേന്ദ്ര മോദി വിളിച്ച യോഗത്തിലേക്ക് സഞ്ജീവ് ഭട്ടിനൊപ്പം താനുമുണ്ടായിരുന്നുവെന്ന് സാക്ഷിപറയാന്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നായിരുന്നു ഡ്രൈവറുടെ ആരോപണം. ഈ സമയത്ത് ഗുജറാത്ത് ഐ.പി.എസ് അസോസിയേഷന്‍ ഭട്ടിനെ പിന്തുണച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയയുടനെയാണ് ഇപ്പോള്‍ ശിക്ഷ വിധിച്ച കസ്റ്റഡി കേസില്‍ കുറ്റപത്രം ലഭിക്കുന്നത്.
ഗുജറാത്ത് കലാപം അന്വേഷിച്ച എസ്.ഐ.ടിക്കെതിരായ പോരാട്ടമായിരുന്നു ഭട്ടിന്റെ ശ്രദ്ധേയമായ പ്രവര്‍ത്തനം. എസ്.ഐ.ടി തന്റെ മൊഴി തെറ്റായാണ് രേഖപ്പെടുത്തിയതെന്ന് ഭട്ട് ആരോപിച്ചു. നരേന്ദ്രമോദിയെ രക്ഷിക്കാന്‍ എസ്.ഐ.ടി അന്വേഷണം അട്ടിമറിച്ചുവെന്നായിരുന്നു ആരോപണം. രണ്ടംഗ കമ്മീഷനെ നിയോഗിച്ച് ഗുജറാത്ത് കലാപം പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഭട്ട് അന്നത്തെ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന് വരെ നിവേദനം നല്‍കിയിരുന്നു.
23 വര്‍ഷം മുമ്പ് ഒരു അഭിഭാഷകനെ കഞ്ചാവ് കേസില്‍ അറസ്റ്റ്‌ചെയ്ത സംഭവത്തില്‍ കഴിഞ്ഞ സപ്റ്റംബറില്‍ ഭട്ട് വീണ്ടും അറസ്റ്റിലായി. ബണസ്‌കന്ത എസ്.പിയായിരിക്കെ പൊലിസുകാര്‍ രാജസ്ഥാന്‍ സ്വദേശിയായ അഭിഭാഷകന്റെ ഹോട്ടല്‍ മുറിയില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്തതുമായി ബന്ധപ്പെട്ടാണ് കേസ്. കീഴുദ്യോഗസ്ഥന്‍ നടത്തിയ അറസ്റ്റ് അയാളെ കുടുക്കാന്‍ വേണ്ടിയാണെന്ന് തിരിച്ചറിഞ്ഞ ഭട്ട് അയാളെ വിട്ടയക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഈ അഭിഭാഷകന്‍ പൊലിസ് തന്നെ തട്ടിക്കൊണ്ടു പോയതാണെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹരജിയില്‍ രാജസ്ഥാന്‍ പൊലിസ് അന്വേഷണം നടത്തി ഭട്ടിനെയും പ്രതിയാക്കി. ഈ കേസില്‍ മുന്‍കൂര്‍ ജാമ്യമെടുത്തിരുന്നു ഭട്ട്. സുപ്രിംകോടതി പിന്നീട് ഈ കേസ് സ്റ്റേ ചെയ്യുകയും ചെയ്തു. ഇതേ കേസ് പൊടിതട്ടിയെടുത്ത് ഗുജറാത്ത് ഹൈക്കോടതിയില്‍ നിന്ന് സംസ്ഥാന പൊലിസ് അനുമതി വാങ്ങിയാണ് ഭട്ടിനെ അറസ്റ്റ് ചെയ്തത്. ഈ കേസില്‍ കഴിഞ്ഞ പത്ത് മാസമായി ഭട്ട് ജയിലിലാണ്, ജാമ്യം പോലും ലഭിക്കാതെ. അപ്പോഴാണ് മറ്റൊരു കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കുന്നത്.
സൊഹ്‌റബുദ്ദീന്‍ കേസില്‍ വിചാരണ നടത്തിയ സി.ബി.ഐ ജഡ്ജി ജസ്റ്റിസ് ബി.എച്ച് ലോയ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെടുകയായിരുന്നു. മുംബൈയിലുണ്ടായിട്ടും കോടതിയില്‍ ഹാജരാവാതിരുന്ന അമിത് ഷായെ വിമര്‍ശിച്ച ജസ്റ്റിസ് ലോയ, 2014 ഡിസംബര്‍ 15ന് നടക്കേണ്ട വിചാരണയില്‍ ഷാ പങ്കെടുക്കണമെന്നും ഉത്തരവിട്ടു. ഇത് പറഞ്ഞത് 2014 ഒക്ടോബര്‍ 31നാണ്. നവംബര്‍ 30ന് സഹജഡ്ജിയുടെ മകളുടെ കല്യാണം കൂടാന്‍ നാഗ്പൂരിലേക്ക് പോയ ജസ്റ്റിസ് ലോയയുടെ മൃതദേഹമാണ് പിന്നീട് വീട്ടിലെത്തിയത്. ലോയക്ക് പകരം എം.ബി ഗോസാവി പുതിയ ജഡ്ജിവരികയും അദ്ദേഹം അമിത്ഷായെ കുറ്റവിമുക്തനാക്കുകയും ചെയ്തു.
ലോയയുടെ മരണം സംബന്ധിച്ച് പിന്നീട് കാരവന്‍ മാഗസിനിലൂടെ കൂടുതല്‍ വെളിപ്പെടുത്തലുകളുണ്ടായി. മുംബൈ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മൊഹിത് ഷാ, ജസ്റ്റിസ് ലോയക്ക് മേല്‍ കടുത്ത സമ്മര്‍ദം ചെലുത്തി, അമിത്ഷാക്കനുകൂലമായ വിധിക്കായി 100 കോടിയാണ് ജസ്റ്റിസ് ലോയക്ക് വാഗ്ദാനം ചെയ്തത്, കേസുമായി ബന്ധപ്പെട്ട് ലോയയുടെ സുഹൃത്തുക്കള്‍ കൂടിയായ നിയമവിദഗ്ധന്‍ ശ്രീകാന്ത് ഖണ്ഡേല്‍കര്‍, മുന്‍ ജഡ്ജി പ്രകാശ് തോംബ്രെ എന്നിവരും ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടു എന്നീ വെളിപ്പെടുത്തലുകളാണ് ഉയര്‍ന്നത്. ലോയയുടെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യഹരജി അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഏകകണ്ഠമായി തനിക്കിഷ്ടമുള്ള ബെഞ്ചിലേക്ക് മാറ്റുകയും ഇനിയൊരന്വേഷണത്തിന് സാധ്യതയില്ലാത്ത വിധം ഹരജി തള്ളുകയും ചെയ്ത നടപടി, രാജ്യത്തെ പരമോന്നത കോടതിയുടെ പ്രവര്‍ത്തനം സ്തംഭിക്കുന്നതിലേക്കും ചരിത്രത്തിലാദ്യമായി മുതിര്‍ന്ന ജഡ്ജിമാര്‍ കോടതിനടപടി നിര്‍ത്തിവച്ചു മാധ്യമങ്ങളെ കാണുന്നതിലേക്കും എത്തി.
സഞ്ജീവ് ഭട്ട് ഇന്നും ജീവിച്ചിരിക്കുന്നുണ്ട് എന്ന കാര്യത്തില്‍ ആശ്വസിക്കാം. കള്ളക്കേസുകള്‍ കൊണ്ട് കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹത്തെ തുറുങ്കിലടക്കാന്‍ സാധിച്ചു. മറ്റൊരു കള്ളക്കേസില്‍ അദ്ദേഹത്തിന് ജീവപര്യന്തം ശിക്ഷ ലഭിച്ചു. എന്നാല്‍, എല്ലാ കോടതികളും കംഗാരു കോടതികളാവാത്തിടത്തോളം പോരാട്ടം തുടരാനാണ് അദ്ദേഹത്തിന്റ ഭാര്യ ശ്വേത ഭട്ടിന്റെ തീരുമാനം. അതിന് വേണ്ടത് നിയമ സാമ്പത്തിക സഹായമാണ്. കേരളം പോലെ രാഷ്ട്രീയ പ്രബുദ്ധമായ, ജനാധിപത്യ ബോധമുള്ള ഒരു സംസ്ഥാനത്ത് നിന്ന് അവരത് പ്രതീക്ഷിക്കുന്നുവെന്നാണ് ഇതെഴുതാനിരുന്നപ്പോള്‍ ശ്വേത എന്നോട് പറഞ്ഞത്.
അര്‍ധ ജനാധിപത്യത്തില്‍ നിന്ന് പൂര്‍ണ ജനാധിപത്യത്തിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന ഓരോ ഇന്ത്യക്കാരനും അവരെ സഹായിക്കേണ്ടതുണ്ട്. ഭട്ട് എന്തിന് വേട്ടയാടപ്പെടുന്നു എന്ന് മനസിലായവരും അദ്ദേഹം എന്തിന് മടങ്ങിയെത്തണം എന്ന് മനസിലായവരും ഈ പോരാട്ടത്തിന്റെ ഭാഗമായേ മതിയാകൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."