HOME
DETAILS
MAL
ജാതിരാഷ്ട്രീയം അവസാന ലാപ്പില്‍ ഓടുമ്പോള്‍...
backup
November 11 2020 | 22:11 PM
2015ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ മതേതര, സോഷ്യലിസ്റ്റ് സംഘടനകള്‍ ഒരുമിച്ചുനിന്നാണ് ബി.ജെ.പിയെ എതിര്‍ത്തത്. ലാലുപ്രസാദ് യാദവിന്റെ ആര്‍.ജെ.ഡിക്കൊപ്പമായിരുന്നു രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസും നിതീഷ് കുമാറിന്റെ ജനതാദള്‍ യുനൈറ്റഡും. മോഹന്‍ ഭാഗവതിന്റെ സംവരണ വിരുദ്ധ പ്രസ്താവനയും രണ്ടാം മണ്ഡല്‍ പ്രക്ഷോഭത്തിന് സമയമായെന്ന് ഭാഗവതിനെതിരേ ലാലു കൊണ്ടുവന്ന മഹാസഖ്യത്തിന്റെ മുദ്രാവാക്യവുമായിരുന്നു ഈ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ച ഘടകങ്ങള്‍. ജഗന്നാഥ മിശ്രക്കുശേഷം കഴിഞ്ഞ 30 വര്‍ഷമായി സംസ്ഥാനം ഭരിച്ച ലാലുവും റാബ്‌റിയും മാഞ്ചിയും നിതീഷുമൊക്കെ പിന്നോക്കക്കാരന്റെ അധികാരവുമായി ബന്ധപ്പെട്ട മുഖങ്ങളായിരുന്നു. അവര്‍ക്കു പകരം രവിശങ്കര്‍ പ്രസാദ്, ഗിരിരാജ് സിങ്, സി.പി താക്കൂര്‍ മുതലായവര്‍ ഉയര്‍ന്നുവരുന്നത് സംസ്ഥാനത്തെ ഏറ്റവും വലിയ രാഷ്ട്രീയ ആയുധമാവുന്നതാണ് 2015ല്‍ കണ്ടത്. ബി.ജെ.പിയുടെ മറ്റെല്ലാ ജാതി സമീകരണങ്ങളെയും അട്ടിമറിക്കാന്‍ പിന്നോക്ക അധികാരത്തെകുറിച്ചുള്ള 'ബിഹാരിയും ബാഹരിയും' എന്ന ലാലുവിന്റെ മുദ്രാവാക്യത്തിനായി. പശുവും പടക്കവും പാകിസ്താനുമൊക്കെയായി നിലവാര ശൂന്യമായ പ്രചാരണം നയിച്ച ബി.ജെ.പി സ്വന്തം പതനത്തിന് ആക്കംകൂട്ടിയിട്ടുമുണ്ടാവാം. ബി.ജെ.പി മുന്നില്‍ നിര്‍ത്തിയ സുശീല്‍ കുമാര്‍ മോദി എന്ന പൊയ്മുഖത്തെ ആരും വിശ്വസിച്ചില്ല. ജാര്‍ഖണ്ഡില്‍ ആദിവാസിക്കു പകരം തേലി സമുദായക്കാരനായ രഘുബര്‍ ദാസിനെ ഭരണമേല്‍പ്പിച്ചതും ഹരിയാനയിലും മഹാരാഷ്ട്രയിലും ബ്രാഹ്മണരായ ഖട്ടറിനെയും ഫട്‌നാവിസിനെയും വാഴിച്ചതുമായിരുന്നു ജനം ഭയപ്പെട്ട ഉദാഹരണങ്ങള്‍. അന്തിമമായി ജാതിബോധമായിരുന്നു അന്നവിടെ ജയിച്ചത്. സോഷ്യലിസം ഒരു കാണാചരടായി എവിടെയോ ഉണ്ടായിരുന്നെങ്കിലും.
രാജ്യം പിന്നെയും അഞ്ചു വര്‍ഷം കൂടി നരേന്ദ്ര മോദിയോടൊപ്പം മുന്നോട്ടുനടന്നു. ജാതി സംഘടനകളെ ഒന്നിനു പുറകെ മറ്റൊന്നായി ബി.ജെ.പി വിഴുങ്ങാനാരംഭിച്ചു. യു.പിയിലെ ഉപതെരഞ്ഞെടുപ്പുകളില്‍ സമാജ്‌വാദി ഒരു സീറ്റില്‍ ഒതുങ്ങിയതും ബി.എസ്.പി 'സംപൂജ്യ'രായതും ശ്രദ്ധിക്കുക. കോണ്‍ഗ്രസിന്റെ മൃദു ഹിന്ദുത്വവും ബി.ജെ.പിയുടെ കടുപ്പം കൂടിയ ബ്രാന്‍ഡും മധ്യപ്രദേശില്‍ ഏറ്റുമുട്ടിയപ്പോള്‍ 28ല്‍ 16 സീറ്റുകളും കോണ്‍ഗ്രസിന് നഷ്ടമായി. ഒറിജനലുള്ള കാലത്ത് ജനത്തിന് ഡ്യൂപ്ലിക്കേറ്റ് ഹിന്ദുത്വവും ഹിന്ദു മതം തന്നെ രാഷ്ട്രീയം കളിക്കുമ്പോള്‍ ജാതി സംഘടനകളെയും ആവശ്യമുണ്ടായിരുന്നില്ല. ബിഹാറില്‍ ബി.ജെ.പി എത്ര മുസ്‌ലിംകള്‍ക്ക് ടിക്കറ്റ് നല്‍കിയെന്ന അക്കാദമിക് ചോദ്യംപോലും ഇത്തവണ എവിടെയും ഉയര്‍ന്നില്ല. ബി.ജെ.പി ഒരേസമയം വര്‍ഗീയത വിതക്കുകയും കൊയ്യുകയും ചെയ്യുമ്പോള്‍ അവര്‍ വിതക്കുന്നത് കൊയ്യാന്‍ പോകാറുണ്ട് എന്ന വ്യത്യാസമാണ് കോണ്‍ഗ്രസിനും മറ്റും ബാക്കിയായത്. ബിഹാറില്‍ 70 സീറ്റുകള്‍ ലഭിച്ചിട്ടും വെറും 19ല്‍ മാത്രം കോണ്‍ഗ്രസിന് ജയിക്കാനായതിന്റെ കാരണം ഒരേസമയം മതേതര മുന്നണിയില്‍ നിലയുറപ്പിക്കുകയും എന്നാല്‍, ഹിന്ദുത്വ വര്‍ഗീയതയുടെ കാര്യത്തില്‍ ഉരുണ്ടുകളിക്കുകയും ചെയ്ത അവരുടെ നിലപാടുകളാണ്. കോണ്‍ഗ്രസിനെ ജയിപ്പിച്ചാല്‍ അവര്‍ കാശുവാങ്ങി ബി.ജെ.പിയില്‍ ചേരുമെന്ന മൂന്നാം മുന്നണിയുടെ പ്രചാരണം ശരിക്കും ഏറ്റു. 2015ല്‍ മത്സരിച്ച 41 സീറ്റുകളില്‍ 27 സീറ്റുകളിലും ജയിച്ച രാഹുലിന്റെ പാര്‍ട്ടി കൂടുതലായി 22 എണ്ണം ചോദിച്ചു വാങ്ങി പരാജയത്തിന് മുതല്‍ക്കൂട്ടുകയായിരുന്നു ഇത്തവണ. 48 വരെ സ്വമേധയാ നല്‍കാന്‍ തയാറുണ്ടായിരുന്ന ആര്‍.ജെ.ഡി കോണ്‍ഗ്രസിന്റെ വിലപേശലിന് വഴങ്ങിയത് ജാര്‍ഖണ്ഡില്‍ ജയിലില്‍ കിടക്കുന്ന ലാലുവിനെ ഓര്‍ത്തായിരിക്കണം. മതേതതര മുന്നണിയുടെ വിശാല തത്വം ഉള്‍ക്കൊള്ളാന്‍ പക്ഷേ കോണ്‍ഗ്രസിന് കഴിയാതെ പോയി. ശിവസേനയുമായി മഹാരാഷ്ട്രയില്‍ സഖ്യമുണ്ടാക്കാന്‍ തയാറുള്ള പാര്‍ട്ടിക്ക് അസമില്‍ ബദറുദ്ദീന്‍ അജ്മലിന്റെ പാര്‍ട്ടിയും ബിഹാറില്‍ അസദുദ്ദീന്‍ ഉവൈസിയുടെ കൂട്ടുകെട്ടും അചിന്ത്യമായിരുന്നു. മഹാസഖ്യത്തിന് ഇന്നോളം ജയിക്കാനായിട്ടില്ലാത്ത 40 ഓളം സീറ്റുകളാണ് കോണ്‍ഗ്രസ് അധികമായി ഏറ്റെടുത്തതെന്ന വസ്തുത അംഗീകരിച്ചുകൊണ്ടു തന്നെ പറയട്ടെ, മുസ്‌ലിം വോട്ടുബാങ്കിനെ വലിയൊരളവില്‍ പിണക്കുകയാണ് പാര്‍ട്ടി ചെയ്തുകൊണ്ടിരുന്നത്.
സവര്‍ണ സംവരണം പിന്നോക്ക ജനവിഭാഗങ്ങളെ ബാധിക്കുന്ന കൊടും യാഥാര്‍ഥ്യമായിട്ടും അതില്‍ കയറിപ്പിടിക്കാതെ വികസന രാഹിത്യമാണ് ഇത്തവണ മഹാസഖ്യം പ്രധാനമായും ചര്‍ച്ചക്കെടുത്തത്. നരേന്ദ്ര മോദിയുടെ പ്രതിച്ഛായ എന്‍.ഡി.എയെ ജയിപ്പിച്ചു എന്ന് ബി.ജെ.പിക്ക് ഇപ്പോള്‍ അവകാശപ്പെടാമെങ്കിലും കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകള്‍ ഓര്‍ത്തെടുക്കുന്നവര്‍ക്ക് അപ്പറയുന്നതിന്റെ അര്‍ഥശുന്യത മനസിലാകും. 2015ല്‍ മോദിയുടെ വാഗ്ദാന ലംഘനങ്ങളെ കുറിച്ച് നിതീഷ് കുമാറും സുദീര്‍ഘമായ ബി.ജെ.പി ബന്ധം ഉപേക്ഷിച്ച് മഹാസഖ്യത്തില്‍ ചേര്‍ന്ന നിതീഷിന്റെ ദുര്‍ഭരണത്തെ കുറിച്ച് മോദിയും നാടുനീളെ പ്രസംഗിച്ചിട്ടുണ്ട്. പ്രതിച്ഛായയുടെ ഉത്തുംഗതയില്‍ നില്‍ക്കുന്ന കാലത്ത് ഫലിക്കാതിരുന്ന മോദിയുടെ 'വികസന രാഷ്ട്രീയം' പൊടുന്നനെ ബിഹാറില്‍ പൊട്ടിമുളച്ചുവെന്ന് കരുതുന്നതില്‍ അല്‍പ്പം പോലും യുക്തിയില്ല. അങ്ങനെയെങ്കില്‍ കൊറോണയും പലായനവും തൊഴിലില്ലായ്മയുമൊക്കെ മോദിയുടെ പ്രതിച്ഛായ കൂട്ടിയ ഘടകങ്ങളാണെന്നാണ് പറയേണ്ടി വരിക. എന്നാല്‍, ബി.ജെ.പിയുടെ സീറ്റെണ്ണവും വോട്ടുബാങ്കും കൂടുക തന്നെയാണ്. ജാതി വോട്ടുബാങ്കുകളില്‍ കാര്യമായ ചോര്‍ച്ച നടക്കുന്നുണ്ടെന്നും അവ മതവോട്ടുകളായി പരിണമിക്കുന്നുണ്ടെന്നുമാണ് അതിന്റെയര്‍ഥം. അടുത്ത അഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം, ലാലുവും നിതീഷുമൊക്കെ സജീവ രാഷ്ട്രീയത്തില്‍ തുടരുന്ന ചിത്രമല്ല ഉണ്ടാവുന്നതെങ്കില്‍ താക്കൂര്‍, ഭൂമിഹാര്‍ ഭരണത്തെകുറിച്ചുള്ള ചര്‍ച്ചകള്‍പോലും ബിഹാറില്‍ ഉയര്‍ന്നുവരണമെന്നില്ല.
എതിരാളികളെ ഭിന്നിപ്പിച്ച് ഇന്ത്യക്കെതിരേ യുദ്ധം ജയിച്ച മണ്‍റോ പ്രുഭുവിന്റെ കഥയാണ് 2015ലെ റാലികളില്‍ അമിത് ഷാ പറഞ്ഞു നടന്നതെങ്കില്‍ സ്വയം ഭിന്നിച്ചും എതിരാളികളെ ഒതുക്കുന്ന തന്ത്രമാണ് ഇത്തവണ ബി.ജെ.പി പയറ്റിയത്. 2015ല്‍ ലാലുവിനൊപ്പം പോയ നിതീഷ് കുമാറിനെ സവര്‍ണ രാഷ്ട്രീയത്തിന്റെ പാളയത്തിലേക്ക് തിരികെയെത്തിച്ചുവെങ്കിലും ജെ.ഡി.യുവിനെ കൂടുതല്‍ ദുര്‍ബലമാക്കാന്‍ ബി.ജെ.പിക്കു കഴിഞ്ഞു. പിന്നോക്ക, അതി പിന്നോക്ക രാഷ്ട്രീയത്തിന്റെ ബിഹാര്‍ ചേരുവകളെ തമ്മിലടിപ്പിച്ച് സ്വന്തം കരുത്ത് വര്‍ധിപ്പിക്കുകയാണ് ഇപ്പോഴവര്‍ ചെയ്തത്. ഒരുപക്ഷേ ഒറ്റക്കാവും ബിഹാറില്‍ ബി.ജെ.പി അടുത്ത തെരഞ്ഞെടുപ്പ് നേരിടുന്നത്. ഇത്തവണ തന്നെ അങ്ങനെയൊരു ആലോചന അവര്‍ക്കുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ലോക്ജന്‍ ശക്തിപാര്‍ട്ടിയുടെ പാസ്വാന്മാരെ നിതീഷിന്റെ കുര്‍മികള്‍ക്കെതിരേയും ജിതിന്റാമിന്റെ മാഞ്ചികളെ ചിരാഗ് പാസ്വാനെതിരേയും കുശവാഹകളെയും കൊയേരികളെയും മല്ലകളെയും യാദവര്‍ക്കെതിരേയുമൊക്കെ അതിസമര്‍ഥമായി ബി.ജെ.പി ഉപയോഗിച്ചു. എന്‍.ഡി.എക്കത്തുനിന്നുകൊണ്ടുതന്നെ ഘടകക്ഷികള്‍ പരസ്പരം വാളൂരിയ കാഴ്ചയായിരുന്നു അത്. 2019ല്‍ ആര്‍.ജെ.ഡി അമിത പ്രാധാന്യം നല്‍കി മൂന്ന് ലോക്‌സഭാസീറ്റുകളില്‍ മത്സരിപ്പിച്ച വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി (വി.ഐ.പി) ഇത്തവണ ബി.ജെ.പിയുടെ കൂലിപ്പടയാളിയായി മാറി. നാലു സീറ്റിലാണവര്‍ ജയിച്ചു കയറിയത്. ചിരാഗ് പാസ്വാന്‍ അപ്പുറത്ത് 'പോയ'തിലെ നഷ്ടം നികത്താനായിരുന്നു 11 സീറ്റും ഒരു ലജിസ്‌ലേറ്റീവ് കൗണ്‍സില്‍ സീറ്റും സ്വന്തം ക്വാട്ടയില്‍നിന്നും ബി.ജെ.പി മല്ലകളുടെയും നിഷാദുകളുടെയും പാര്‍ട്ടിയായി അറിയപ്പെടുന്ന വി.ഐ.പിക്ക് വെച്ചുനീട്ടിയത്. ഗൊരഖ്പുരില്‍ യു.പി മുഖ്യമന്ത്രി ആദിത്യനാഥിന്റെ തട്ടകത്തില്‍ മഹാസഖ്യത്തിനെ ഉപതെരഞ്ഞെടുപ്പില്‍ വിജയിപ്പിച്ച സഞ്ജയ് നിഷാദ് രണ്ടു വര്‍ഷത്തിനകം ബി.ജെ.പിയില്‍ ചേക്കേറിയതിന് സമാനമായിരുന്നു മുകേഷ് സഹാനി നയിച്ച 'വി.ഐ.പി' രാഷ്ട്രീയത്തിന് ബിഹാറില്‍ സംഭവിച്ച രൂപമാറ്റം. അതേസമയം 2014 മുതല്‍ 18 വരെ കേന്ദ്രസര്‍ക്കാരില്‍ മന്ത്രിയായിരുന്ന ആര്‍.എല്‍.എസ്.പി നേതാവ് ഉപേന്ദ്ര കുശവാഹ എന്‍.ഡി.എയിലേക്ക് മടങ്ങാന്‍ ശ്രമിച്ചെങ്കിലും നരേന്ദ്ര മോദിക്ക് താല്‍പര്യമുണ്ടായിരുന്നില്ല. ആവശ്യാനുസരണം ബി.ജെ.പി വളര്‍ത്തുകയോ കൊല്ലുകയോ ചെയ്യുന്ന ഒന്നാവുകയാണ് ഹിന്ദി ബെല്‍റ്റിലെ പിന്നോക്ക വിഭാഗങ്ങളുടെ രാഷ്ട്രീയം.
അസദുദ്ദീന്‍ ഉവൈസി രൂപം നല്‍കിയ 'മഹാ മതേതര ജനാധിപത്യ മുന്നണി'യില്‍ പപ്പു യാദവും മായാവതിയും ഉപേന്ദ്ര കുശവാഹയും ചേര്‍ന്നതോടെയാണ് കോസി, മിഥില, സീമാഞ്ചല്‍ മേഖലകളില്‍ എന്‍.ഡി.എക്ക് അനുകൂലമായ അടിയൊഴുക്ക് രൂപപ്പെട്ടത്. സോപോള്‍, സഹര്‍സ, ദര്‍ഭംഗ, സമസ്തിപൂര്‍, മധേപുര, മധുബനി, അരരിയ, കിഷന്‍ ഗഞ്ച്, കടിഹാര്‍ മുതലായ ജില്ലകളിലെ മുസ്‌ലിംകളും യാദവരും മറ്റ് ഒ.ബി.സികളുമൊക്കെ ചേര്‍ന്ന് 2015ല്‍ 78ല്‍ 54 സീറ്റും മഹാസഖ്യത്തിന് നല്‍കിയിടത്താണ് ഇത്തവണ എന്‍.ഡി.എ മുന്നിലെത്തിയത്. ഉവൈസിയും കോണ്‍ഗ്രസും നേര്‍ക്കുനേരെ മത്സരിച്ച കണക്കുകള്‍ ഒത്തുനോക്കിയാല്‍ വിരലില്‍ എണ്ണാവുന്നിടത്തേ മഹാസഖ്യം തോറ്റിട്ടുള്ളൂ. എന്നാല്‍, എന്‍.ഡി.എക്കെതിരേ വീണ വോട്ടുകള്‍ ഒന്നിച്ചെടുക്കുമ്പോള്‍ ഈ വ്യത്യാസം പകല്‍പോലെ കാണാനുമുണ്ട്. 40 ശതമാനം യാദവരും 14 ശതമാനം മുസ്‌ലിംകളുമുള്ള മധേപുരയില്‍ മത്സരിച്ച പപ്പു യാദവിന്റെ വിജയത്തിലും അതേ ജില്ലയിലെ ബിഹാറിഗഞ്ചില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച ശരദ് യാദവിന്റെ മകള്‍ സുഹാസിനിയുടെ പരാജയത്തിലും മുസ്‌ലിം, യാദവ് വോട്ടുബാങ്കുകളുടെ ആശയക്കുഴപ്പമാണ് പുറത്തുവന്നത്. എന്‍.ഡി.എ ഭരണത്തെ പിന്തുണക്കുന്നതിലോ മഹാസഖ്യത്തെ അധികാര കസേരയില്‍ എത്തിക്കുന്നതിലോ ഉവൈസി നിര്‍ണായക ഘടകം അല്ലാത്തതുകൊണ്ട് മഹാ മതേതര ജനാധിപത്യ മുന്നണി ജയിച്ച സീറ്റുകളെ മഹാസഖ്യത്തിന്റെ ഭാഗമായി കണ്ട് ഈ തര്‍ക്കത്തിന് വിരാമമിടാനാകും. എന്നാല്‍, ജാതി സംഘടനകളുടെ കാര്യത്തില്‍ ബി.ജെ.പി ചെയ്യുന്നതിനു സമാനമായ മറ്റൊന്ന് മതേതര സംഘടനകളുടെ കാര്യത്തില്‍ ഉവൈസി ചെയ്യുന്നുണ്ട് എന്നും ദീര്‍ഘകാലാടിസ്ഥാനത്തില്‍ അതുകൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവും ഉണ്ടാവാന്‍ പോകുന്നില്ലെന്നും പറയാതെ വയ്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."