HOME
DETAILS
MAL
രാഷ്ട്രീയ വിളവെടുപ്പിനൊരുങ്ങി കേരളം
backup
November 11 2020 | 22:11 PM
വിവാദങ്ങള്‍ ഇളക്കിമറിച്ച രാഷ്ട്രീയഭൂമികയിലാണ് കേരളത്തില്‍ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുന്നത്. ഇതിനു മുന്‍പും ഒട്ടനവധി രാഷ്ട്രീയ വിവാദങ്ങള്‍ തെരഞ്ഞെടുപ്പു കാലത്തു ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും സമീപകാലത്തൊന്നും ഇത്രയേറെ വിവാദങ്ങള്‍ ഉലച്ച തെരഞ്ഞെടുപ്പിന് രാഷ്ട്രീയ കേരളം സാക്ഷ്യംവഹിച്ചിട്ടുണ്ടാകില്ല. ഭരണമുന്നണിക്ക് മാത്രമല്ല, സംസ്ഥാനത്തെ മൂന്നു മുന്നണികളെയും വിവാദങ്ങള്‍ പിടികൂടിയിരിക്കുകയാണ്. കേന്ദ്ര ഏജന്‍സികള്‍ വരിഞ്ഞുമുറുകിയ എല്‍.ഡി.എഫ് സര്‍ക്കാരാണ് ജനക്ഷേമ പദ്ധതികളുടെ പട്ടിക നിരത്തി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. സാധാരണ പ്രാദേശിക വികസന വിഷയങ്ങളും അവയോടുള്ള മുന്നണികളുടെ അടിസ്ഥാനപരമായ നിലപാടുകളുമാണ് തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ മുഖ്യചര്‍ച്ചാ വിഷയമാകാറ്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ കൊവിഡ് വ്യാപനവും പ്രതിരോധവും സ്വാഭാവികമായും ചര്‍ച്ച ചെയ്യപ്പെടുമായിരുന്നു. എന്നാല്‍, സംസ്ഥാന സര്‍ക്കാരിന് അനുകൂലമായി വിലയിരുത്തപ്പെടേണ്ടിയിരുന്ന കൊവിഡ് പ്രതിരോധത്തെ മുഖ്യതെരഞ്ഞെടുപ്പു വിഷയമല്ലാതാക്കാനും പുതിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് പിന്നാലെ വോട്ടര്‍മാരെ കൊണ്ടുപോകാനും പ്രതിപക്ഷത്തിന് കഴിഞ്ഞ സാഹചര്യത്തിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. ഇതു തന്നെയാണ് പ്രതിപക്ഷമായ യു.ഡി.എഫിനുള്ള ആദ്യ അനുകൂല ഘടകവും.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ പ്രചാരണ വിഷയം സമീപകാല വിവാദങ്ങളും അതു രാഷ്ട്രീയത്തിലുണ്ടാക്കുന്ന മാറ്റങ്ങളുമായിരിക്കും. ആറു മാസത്തിനുള്ളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ എന്നോ ട്രയല്‍ റണ്‍ എന്നോ ശരിക്കും വിശേഷിപ്പിക്കാവുന്ന തെരഞ്ഞെടുപ്പായിരിക്കും ഡിസംബര്‍ എട്ട്, 10, 14 തിയതികളിലായി നടക്കുക. അതിനാല്‍ത്തന്നെ തദ്ദേശ ജനവിധി നിര്‍ണായകമാണ് മൂന്നു മുന്നണികള്‍ക്കും.
എല്‍.ഡി.എഫ്
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്കു പിന്നാലെ എല്‍.ഡി.എഫ് തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒരുക്കത്തിലേക്ക് കടന്നിരുന്നു. ഇനിയും ആറു മാസംകൂടി കഴിഞ്ഞാല്‍ എത്തുന്ന നിയമസഭാ തെരഞ്ഞെടുപ്പായിരുന്നു മുഖ്യകാരണം. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചതും കേന്ദ്രത്തില്‍ കോണ്‍ഗ്രസിനു മുന്‍തൂക്കമുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന തോന്നലുമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയകാരണമെന്നാണ് എല്‍.ഡി.എഫ് വിലയിരുത്തിയിരുന്നത്. ഇതൊന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമല്ല. അതിനാല്‍ സര്‍ക്കാരിന്റെ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാനുള്ള ശ്രമങ്ങളിലേക്ക് സി.പി.എം ആദ്യമേ കടന്നു. ഇതിനൊപ്പം രാഷ്ട്രീയമായും മുന്നണി വളര്‍ന്നു. രാജ്യത്താദ്യമായി കൊവിഡ് എന്ന മഹാമാരി കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തതോടെ രാഷ്ട്രീയപ്രവര്‍ത്തനവും രാഷ്ട്രസേവനവും കൊവിഡ് പ്രതിരോധമായി. ആദ്യഘട്ടത്തില്‍ കൊവിഡിന്റെ പേരില്‍ വന്‍രാഷ്ട്രീയ മുന്നേറ്റമുണ്ടാക്കാന്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും കഴിഞ്ഞു. മഹാമാരിക്കാലത്ത് പ്രതിപക്ഷം നിഷ്പ്രഭമായി.
ഇതിനിടെ എല്‍.ജെ.ഡി ഉള്‍പ്പെടെയുള്ള നിരവധി ചെറുകക്ഷികള്‍ എല്‍.ഡി.എഫ് മുന്നണിയുടെ ഭാഗമായി. അവസാനം കേരളാ കോണ്‍ഗ്രസ് ജോസ് പക്ഷത്തെയും മുന്നണിയില്‍ എത്തിക്കാന്‍ കഴിഞ്ഞു. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ആറ് ഘടകകക്ഷികളായിരുന്നു. ഇപ്പോഴത് 11 ആയി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മുന്നണിക്കുള്ള മുന്‍തൂക്കം, സര്‍ക്കാരിന്റെ എടുത്തുകാണിക്കാനുള്ള വികസന നേട്ടങ്ങള്‍, ക്ഷേമ പദ്ധതികള്‍, മുന്നണിയിലേക്ക് എത്തിയ അരഡസനിലടുത്തുവരുന്ന ചെറുതും വലതുമായ കക്ഷികളും മുന്നണിയുടെ പ്രതീക്ഷയാണ്. എല്‍.ഡി.എഫ് അതിന്റെ രാഷ്ട്രീയ മാപിനിയുടെ അളവുകോലില്‍ ഏറ്റവുംമികച്ചതായിരുന്നു അടുത്തകാലംവരെ. എന്നാല്‍, യു.എ.ഇയില്‍നിന്ന് നയതന്ത്ര ബാഗേജ് വഴി വന്ന സ്വര്‍ണം കടത്തിയത് ഈ മുന്‍തൂക്കത്തെയെല്ലാം തകിടംമറിച്ചു. ഐ.ടി വകുപ്പിലെ താല്‍ക്കാലിക ജീവനക്കാരിയായ സ്വപ്ന സുരേഷ് മാത്രമായിരുന്നു 15 കോടിയുടെ കള്ളക്കടത്തു കേസ് പുറത്തുവന്നപ്പോള്‍ സര്‍ക്കാരുമായി ബന്ധിപ്പിക്കുന്ന കണ്ണിയെങ്കില്‍ പിന്നെയത് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ.ടി സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കറിലെത്തി. സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ ലൈഫ് മിഷനെ സംശയത്തിന്റെ കുരുക്കിലാക്കി. സ്വര്‍ണക്കടത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ മുന്നോട്ടുകൊണ്ടുപോയപ്പോള്‍ സര്‍ക്കാരിന്റെ വന്‍ നാലു പദ്ധതികളും അഴിമതിയുടെ നിഴലിലായി. ശിവശങ്കര്‍ അറസ്റ്റിലായി. ഇപ്പോള്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനും ഇ.ഡിയുടെ മുന്‍പിലേക്ക് എത്തുകയാണ്. ഈഴവ വോട്ട് ലക്ഷ്യമിട്ട് ശ്രീനാരായണഗുരുവിന്റെ പേരില്‍ ഓപണ്‍ സര്‍വകലാശാല, തിരുവനന്തപുരത്ത് പ്രതിമ, സവര്‍ണ വോട്ട് ലക്ഷ്യമിട്ട് മുന്നോക്കക്കാരിലെ പിന്നോക്കാര്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണം. എല്ലാ ചേരുവകളും ഒരുക്കിയപ്പോഴാണ് അപ്രതീക്ഷിത വിവാദങ്ങളും. സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മകന്‍ മയക്കുമരുന്നു കേസില്‍ അറസ്റ്റിലായതിന്റെ വിവാദം എങ്ങനെ തരണം ചെയ്യണമെന്ന് പാര്‍ട്ടിക്കിനിയും വ്യക്തമായ രൂപമില്ല. സി.പി.എമ്മിന്റെ വിവാദങ്ങളോടുള്ള പതിവ് രീതി പോലെ പാര്‍ട്ടിക്ക് സെക്രട്ടറിക്കൊപ്പം ഉറച്ചുനിന്ന് തെരഞ്ഞെടുപ്പിനെ നേരിടാനാണ് ഒരുങ്ങുന്നത്. ഇത് തെരഞ്ഞെടുപ്പില്‍ ഏത് വിധത്തില്‍ പ്രതിഫലിക്കുമെന്ന കാര്യത്തില്‍ മുന്നണിയില്‍ ആശങ്കയുണ്ട്.
2015ല്‍ ഏഴ് ജില്ലാ പഞ്ചായത്തുകളിലും 92 ബ്ലോക്ക് പഞ്ചായത്തുകളിലും 577 ഗ്രാമപഞ്ചായത്തുകളിലും 45 മുനിസിപ്പാലിറ്റികളിലും അഞ്ച് കോര്‍പറേഷനിലും എല്‍.ഡി.എഫിനായിരുന്നു ഭരണം. ഇതില്‍ കണ്ണൂര്‍ കോര്‍പറേഷന്‍ പിന്നീട് യു.ഡി.എഫ് പക്ഷത്തായി.
യു.ഡി.എഫ്
സോളാര്‍ കുരുക്കില്‍ ഭരണം പോയതിനുശേഷം യു.ഡി.എഫ് ക്യാംപ് അത്ര ആവേശത്തിലായിരുന്നില്ല. പേരിനൊരു പ്രതിപക്ഷം എന്നുവരെ വിമര്‍ശനമുയര്‍ന്നു. എന്നാല്‍, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനം ചോദിക്കാതെയും മുന്നണിക്ക് വോട്ട് കൊടുത്തു. കേരളത്തില്‍ വന്‍ വിജയം മുന്നണിയുടെ അക്കൗണ്ടിലെത്തി. അപ്പോഴാണ് യു.ഡി.എഫ് ശരിക്കും ആക്ടീവാകുന്നത്. കൊവിഡ് വന്നതോടെ വീണ്ടും എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലായി. പ്രതിരോധ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകാന്‍ ഭരണപക്ഷം അടുപ്പിച്ചില്ലെങ്കില്‍ തദ്ദേശ തെരഞ്ഞെടുപ്പിന് രാഷ്ട്രീയ തിരിച്ചടിയുണ്ടാകുമെന്ന് തിരിച്ചറിഞ്ഞു. സമാന്തര ഇടപെടല്‍വരെ നടത്തി വരുമ്പോഴാണ് സ്വര്‍ണക്കടത്ത് പിടിവള്ളിയാകുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനം ചര്‍ച്ച ചെയ്യുന്നത് മുഖ്യമന്ത്രിയുടെ ഓഫിസും ശിവശങ്കറും സ്വപ്നയും ലൈഫ് മിഷനുമൊക്കെയായതിനാല്‍ വിവാദങ്ങളെ സജീവമാക്കി തന്നെ നിര്‍ത്താന്‍ യു.ഡി.എഫിന് കഴിഞ്ഞു. സര്‍ക്കാരിന്റെ വലിയ പദ്ധതികളിലൊക്കെ അഴിമതി ആരോപണം കൊണ്ടുവരാനും അന്വേഷണം പ്രഖ്യാപിക്കാനും പദ്ധതികളെ സംശയ നിഴലില്‍ നിര്‍ത്താനും യു.ഡി.എഫിനായി. എന്നാല്‍, തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിന്റെ പിറ്റേ ദിവസം യു.ഡി.എഫ് എം.എല്‍.എ അറസ്റ്റിലായത് വിനയാകുമോ എന്ന ആശങ്കയാണിപ്പോള്‍. നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം എം.എല്‍.എ എം.സി ഖമറുദ്ദീനെ അറസ്റ്റു ചെയ്തത് രാഷ്ട്രീയ പ്രേരിതമാണെന്ന് യു.ഡി.ഫ് വാദിക്കുകയാണെങ്കില്‍ ഇതേ നാണയത്തില്‍ രാഷ്ട്രീയ പ്രേരിത കേസുകളുടെ പട്ടിക സി.പി.എമ്മിനും നിരത്താനാകും. ഇതാണ് അവസാന നിമിഷത്തിലെ യു.ഡി.എഫ് പ്രതിസന്ധി.
ജില്ലാ പഞ്ചായത്തില്‍ ഏഴിടത്ത്, ബ്ലോക്ക് പഞ്ചായത്തില്‍ 60 ഇടത്ത്, ഗ്രാമപഞ്ചായത്തില്‍ 347, മുനിസിപ്പാലിറ്റിയില്‍ 40, കോര്‍പറേഷനില്‍ രണ്ടിടത്ത് ഇതാണ് യു.ഡി.എഫിന്റെ നിലവിലെ അവസ്ഥ. 2010 ആവര്‍ത്തിക്കാനുള്ള രാഷ്ട്രീയ സാഹചര്യങ്ങളൊക്കെ മുന്‍പിലുണ്ടായിരുന്നു. എന്നാല്‍, വീരേന്ദ്രകുമാറും ജോസ് കെ. മാണിയും മുന്നണി വിട്ടത് കണക്കുകൂട്ടലുകളെ തെറ്റിച്ചോ എന്ന ആശങ്കയ്ക്കിടെയാണ് ഇപ്പോള്‍ മഞ്ചേശ്വരത്തു വീശുന്ന വിവാദക്കാറ്റ്.
എന്‍.ഡി.എ
2015ല്‍ തദ്ദേശ സ്ഥാപനങ്ങളിലെ എന്‍.ഡി.എവിജയം താരതമ്യേന നാമമാത്രമായിരുന്നു. മുന്നണിക്ക് നേതൃത്വം നല്‍കുന്ന ബി.ജെ.പി തന്നെയായിരുന്നു ഇതില്‍ ബഹുഭൂരിപക്ഷവും. ഇത്തവണ തിരുവനന്തപുരം കോര്‍പറേഷനിലെ ഭരണം പിടിക്കുമെന്നാണ് വാദം.
ഇടതു-വലതു മുന്നണികളിലെ വിവാദങ്ങളുടെ അവശിഷ്ടഫലത്തില്‍നിന്നു വേണം ഈ നേട്ടങ്ങള്‍ അക്കൗണ്ടിലാക്കാന്‍. എന്നാല്‍, തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പുള്ള വിമത നീക്കം ബി.ജെ.പിയുടെ ഉറക്കം കെടുത്തി തുടങ്ങി. പ്രദേശിക നേതാക്കള്‍ ഉള്‍പ്പെടെ അഴിമതിക്കാരാണെന്ന ആരോപണവും ഉയര്‍ത്തുന്നത് എതിര്‍ രാഷ്ട്രീയക്കാരല്ല, ബി.ജെ.പിക്കാര്‍ തന്നെയാണ്. സംസ്ഥാന നേതൃത്വത്തിനെതിരേ ദേശീയ സമിതിയംഗം ശോഭാ സുരേന്ദ്രന്‍ ഉയര്‍ത്തിയ വിമത നീക്കത്തിന്റെ ആഘാതത്തിലാണ് ബി.ജെ.പി തദ്ദേശ അങ്കത്തിനിറങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."