ദുരിതാശ്വാസ നിധി: ജില്ലയില്‍ ഇതുവരെ കിട്ടിയത് 25.27 കോടി രൂപ
ആലപ്പുഴ: പ്രളയാനന്തര നവകേരള സൃഷ്ടിക്കായുള്ള ധനസമാഹരണയജ്ഞത്തിന് ഇന്ന് ചെങ്ങന്നൂരില്‍ സമാപനം. ഇന്ന് രാവിലെ 10ന് ചെങ്ങന്നൂര്‍ ഐ.എച്ച്.ആര്‍.ഡി കോളജിലും വൈകിട്ട് മൂന്നിന് മാന്നാര്‍ പഞ്ചായത്ത് ഹാളിലുമാണ് ധനസമാഹരണം. പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍, ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ എന്നിവര്‍ തുക ഏറ്റുവാങ്ങും.
യോഗത്തില്‍ സജി ചെറിയാന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. എം.പി.മാരുള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ പങ്കെടുക്കും. എട്ടു നിയോജകമണ്ഡലങ്ങളിലെ നിധിസമാഹരണം പൂര്‍ത്തിയായപ്പോള്‍ ഇതിനകം 25,27,744,053 രൂപയാണ് ദുരിതാശ്വാസ നിധിയിലേക്കു കിട്ടിയത്. ജില്ലയില്‍ ധനസമാഹരണത്തിന് നേതൃത്വം നല്‍കിയ പൊതുമരാമത്തുമന്ത്രി ജി.സുധാകരന്‍, ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ ചിട്ടയോടെയുള്ള പ്രവര്‍ത്തനത്തിലൂടെയാണ് ജില്ലയ്ക്ക് ഈ നേട്ടം കൈവരിക്കാനായത്. ഓരോ മണ്ഡലത്തിലും പ്രത്യേകം ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി ഓരോ ദിവസവും കൃത്യമായ അവലോകനവും നടത്തിയിരുന്നു.
ഇക്കാര്യത്തില്‍ മന്ത്രിമാരെ സഹായിക്കാനായി നിയമിച്ച സ്‌പെഷല്‍ ഓഫീസര്‍ നികുതി വകുപ്പ് സെക്രട്ടറി പി.വേണുഗോപാലിന്റെ സേവനവും എടുത്തുപറയേണ്ടതായിരുന്നു. കഴിഞ്ഞ 14ന് മാവേലിക്കര നിയമസഭ മണ്ഡലത്തില്‍ നിന്നാണ് ധനസമാഹരണയജ്ഞത്തിന് തുടക്കം കുറിച്ചത്. അന്നു തന്നെ കായംകുളത്തും ധനസമാഹരണം നടന്നു.
മാവേലിക്കരയില്‍ 1.86 കോടിരൂപയും കായംകുളത്ത് 1.85 കോടി രൂപയുമുള്‍പ്പടെ ആദ്യദിനം തന്നെ 3.71 കോടി രൂപയാണ് നവകേരളത്തിനായി ജനങ്ങള്‍ നല്‍കിയത്. കുട്ടനാട്ടില്‍ 15ന് നടന്ന ധനസമാഹരണത്തില്‍ 1.29 കോടി രൂപ ലഭിച്ചു. അമ്പലപ്പുഴയില്‍ നിന്നാണ് ജില്ലയില്‍ റെക്കോര്‍ഡ് കളക്ഷന്‍ നേടിയത്. കെ.കെ.കുഞ്ചുപിള്ള സ്മാരക സ്‌കൂളിലും ആലപ്പുഴ ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലുമായി നടത്തിയ ധനസമാഹരണയജ്ഞത്തില്‍ 7.67 കോടി രൂപയാണ് ലഭിച്ചത്.
ഹരിപ്പാട് നിയമസഭ മണ്ഡലത്തില്‍ നിന്ന് 1.80 കോടി രൂപയും ആലപ്പുഴ മണ്ഡലത്തില്‍ നടന്ന നിധിസമാഹരണത്തില്‍ 2.34 കോടി രൂപ സംഭാവനയായി കിട്ടി. അരൂര്‍ മണ്ഡലത്തില്‍ നിന്ന് 2.44 കോടി രൂപയും ചേര്‍ത്തല മണ്ഡലത്തില്‍നിന്ന് 4.75 കോടി രൂപയുടെ ധനസമാഹരണവും ഉണ്ടായി.
ഇത് കൂടാതെ മറ്റ് കറന്‍സിയായും സ്ഥലമായും ആഭരണങ്ങളായും മറ്റും ധാരാളം സംഭാവനയെത്തി. രജിസ്റ്റര്‍ പ്രകാരം നേരത്തെ ലഭിച്ച 76,68,274 രൂപയും ഡോളര്‍ മൂല്യനിര്‍ണയത്തില്‍ ലഭിച്ച 48,00000 രൂപയും ഇതിന് പുറമേ വരും.
ശരാശരി ജില്ലയില്‍ നിന്ന് 20 കോടി രൂപയാണ് ധനസമാഹരണത്തിലൂടെ പ്രതീക്ഷിച്ചത്. ഇതിനകം ഈ ലക്ഷ്യം മറികടക്കാന്‍ ദുരന്തത്തില്‍ ഏറ്റവും കെടുതികള്‍ ഉണ്ടായ ജില്ലയായിട്ടും കഴിഞ്ഞെന്നത് ജനങ്ങളുടെ നവകേരളമെന്ന ആശയത്തോടുള്ള സമീപനമാണ് തെളിയിക്കുന്നതെന്ന് മന്ത്രിമാരായ ജി.സുധാകരനും പി.തിലോത്തമനും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."