ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്റ് കരിപ്പൂരിന് നഷ്ടമാകാന്‍ കാരണം വലിയ വിമാനങ്ങള്‍ക്കുള്ള വിലക്ക്
സ്വന്തം ലേഖകന്‍
കൊണ്ടോട്ടി: കരിപ്പൂരിന് ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് നഷ്ടമാകാന്‍ കാരണം വലിയ വിമാനങ്ങള്‍ക്കുള്ള വിലക്ക്. കഴിഞ്ഞ ഓഗസ്റ്റ് ഏഴിനുണ്ടായ വിമാന അപകടത്തെ തുടര്‍ന്നാണ് കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് വ്യോമയാന മന്ത്രാലയം വിലക്കേര്‍പ്പെടുത്തിയത്. മഴക്കാലം കഴിയുന്നതോടെ സര്‍വിസുകള്‍ പുനരാരംഭിക്കുമെന്ന് അന്ന് അറിയിച്ചിരുന്നെങ്കിലും ഇതുവരെ അനുമതി നല്‍കിയിട്ടില്ല.
ഹജ്ജ് ആക്ഷന്‍ പ്ലാന്‍ തയാറാക്കിയപ്പോള്‍ കൊവിഡ് മൂലം ഇത്തവണ തീര്‍ഥാടകരെയും എംബാര്‍ക്കേഷന്‍ പോയിന്റുകളും കുറയ്ക്കാനാണ് തീരുമാനിച്ചത്. തുടര്‍ന്ന് ഇന്ത്യയില്‍ നിന്ന് 10 എംബാര്‍ക്കേഷന്‍ പോയിന്റുകള്‍ നിശ്ചയിച്ചു.
കൂടുതല്‍ തീര്‍ഥാടകരുള്ള കേരളത്തില്‍ കരിപ്പൂര്‍, നെടുമ്പാശ്ശേരി എന്നീ രണ്ട് എംബാര്‍ക്കേഷന്‍ പോയിന്റുകളാണ് നേരത്തെ ഉണ്ടായിരുന്നത്. ഇതില്‍ കരിപ്പൂരില്‍ വലിയ വിമാനങ്ങളില്ലാത്തതിനാല്‍ നെടുമ്പാശ്ശേരിയെ പരിഗണിക്കുകയായിരുന്നു. ഹജ്ജ് സര്‍വിസുകള്‍ ജൂണിലാണ് ആരംഭിക്കുന്നതെങ്കിലും ടെന്‍ഡര്‍ നടപടികള്‍ ജനുവരി, ഫെബ്രുവരി മാസത്തില്‍ നടക്കും.
ഹജ്ജ് തീര്‍ഥാടകരില്‍ 85 ശതമാനവും കാലങ്ങളായി മലബാറില്‍ നിന്നുള്ളവരാണ്. ഇവരില്‍ തന്നെ ഭൂരിഭാഗംപേരും മലപ്പുറം, കോഴിക്കോട് ജില്ലക്കാരുമാണ്.
15 വര്‍ഷത്തോളം ഹജ്ജ് സര്‍വിസുകള്‍ കരിപ്പൂരില്‍ നിന്ന് നടത്തിയിട്ടുണ്ട്. 2015ല്‍ റണ്‍വേ റീ-കാര്‍പ്പറ്റിങ് ജോലികള്‍ തുടങ്ങിയപ്പോള്‍ വലിയ വിമാനങ്ങള്‍ക്ക് വിലക്കുവന്നു.
ഇതോടെ ഹജ്ജ് സര്‍വിസ് നെടുമ്പാശ്ശേരിയിലേക്ക് മാറ്റി. പിന്നീട് പ്രതിഷേധങ്ങള്‍ക്കൊടുവില്‍ 2019ല്‍ കരിപ്പൂരില്‍ നിന്ന് ഹജ്ജ് സര്‍വിസുകള്‍ പുനരാരംഭിച്ചു. കരിപ്പൂരിനൊപ്പം നെടുമ്പാശ്ശേരിയെയും പരിഗണിച്ചാണ് ഹജ്ജ് സര്‍വിസുകള്‍ക്ക് അനുമതി നല്‍കിയത്. ഇതാണ് വീണ്ടും വിലക്കിയിരിക്കുന്നത്.
ഹജ്ജ് എംബാര്‍ക്കേഷന്‍
പോയന്റ് നിലനിര്‍ത്തണം:
ജിഫ്രി തങ്ങള്‍
ചേളാരി: കേരളത്തിലെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരില്‍ നിലനിര്‍ത്തണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരില്‍ ഇതിനാവാശ്യമായ ഇടപെടല്‍ നടത്താന്‍ സംസ്ഥാന സര്‍ക്കാരിനോടും കേരള ഹജ്ജ് കമ്മിറ്റിയോടും തങ്ങള്‍ അഭ്യര്‍ഥിച്ചു.
ഹജ്ജ് തീര്‍ഥാടകരില്‍ 85 ശതമാനവും മലബാറില്‍ നിന്നുള്ളവരാണ്. ഇവരില്‍ തന്നെ ഭൂരിഭാഗം പേരും മലപ്പുറം, കോഴിക്കോട് ജില്ലക്കാരുമാണ്. 15 വര്‍ഷത്തോളം സുഖമമായി ഹജ്ജ് സര്‍വിസുകള്‍ കരിപ്പൂരില്‍നിന്ന് നടത്താനായിട്ടുണ്ട്. പിന്നീട് 2015ല്‍ നിര്‍ത്തിവച്ച ഹജ്ജ് സര്‍വിസ് പുനരാരംഭിക്കുകയും ചെയ്തു. കൊവിഡ് നിയന്ത്രണത്തിന്റെ പേരില്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് കുറച്ചപ്പോള്‍ നഷ്ടമായത് ഹജ്ജ് തീര്‍ഥാടകര്‍ക്ക് ഏറ്റവും ആശ്വാസമാകുന്ന കോഴിക്കോട് വിമാനത്താവളത്തിന്റെ എംബാര്‍ക്കേഷനാണ്. കേരളത്തില്‍ ഹജ്ജ് എംബാര്‍ക്കേഷന് ഏറ്റവും അനുയോജ്യവും തീര്‍ഥാടകര്‍ക്ക് സൗകര്യവും കരിപ്പൂരിലാണ്.
വിമാനത്താവളത്തിനു സമീപത്തു തന്നെ സ്ഥിരം ഹജ്ജ് ഹൗസുണ്ട്. കൊവിഡിനെ തുടര്‍ന്ന് ഇവിടെ സ്ഥിരം സംവിധാനങ്ങളുമുണ്ട്. ഇത്തരം സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിലനിര്‍ത്തണമെന്നും ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."