HOME
DETAILS
MAL
കേസ് റദ്ദാക്കല്‍: ഖമറുദ്ദീന്‍ എം.എല്‍.എയുടെ ഹരജി വിധിപറയാന്‍ മാറ്റി
backup
November 12 2020 | 03:11 AM
കൊച്ചി: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എം.സി ഖമറുദ്ദീന്‍ എം.എല്‍.എ സമര്‍പ്പിച്ച ഹരജി വിധി പറയാന്‍ മാറ്റി. സ്ഥാപനത്തിന്റെ സ്വര്‍ണവും ആഭരണങ്ങളും കാണാതായതിനെക്കുറിച്ച് അന്വേഷണം തുടരുകയാണെന്നും കേസ് പ്രാഥമികമായി നിലനില്‍ക്കുമെന്നും റദ്ദാക്കരുതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. കേസ് രാഷ്ട്രീയപ്രേരിതമാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് എം.എല്‍.എ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് തെറ്റായ വിവരങ്ങളാണ് സ്ഥാപനം നല്‍കിയത്. പണം നിക്ഷേപിച്ചവര്‍ക്ക് ഷെയര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സ്ഥാപനം തയാറായിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
2006 മുതലുള്ള കമ്പനിയാണ് ഫാഷന്‍ ഗോള്‍ഡെന്നും അതിനാലാണ് നിക്ഷേപകര്‍ കമ്പനിയില്‍ പണം നിക്ഷേപിച്ചതെന്നും ഖമറുദ്ദീന്‍ കോടതിയില്‍ പറഞ്ഞു. 2019 വരെ കമ്പനി കൃത്യമായി ലാഭവിഹിതം നല്‍കിയിട്ടുണ്ട്.
നിക്ഷേപകരുടെ കരാര്‍ എം.ഡിയുമായിട്ടാണ്. തന്റെ പ്രതിച്ഛായ നശിപ്പിക്കാനാണ് കമ്പനിക്കെതിരേ കേസെടുക്കാതെ തനിക്കെതിരേ എടുത്തിരിക്കുന്നത്. തന്റെ സാന്നിധ്യത്തില്‍ പണം നല്‍കി എന്നുള്ളത് വഞ്ചനാകുറ്റം ചുമത്താന്‍ തക്കതായ കാരണമല്ല. ഫാഷന്‍ ഗോള്‍ഡില്‍ താന്‍ 56 ലക്ഷം രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നും ഖമറുദ്ദീന്‍ കോടതിയില്‍ അറിയിച്ചു. അതേസമയം, നിക്ഷേപകര്‍ക്ക് പണം നല്‍കാനുണ്ടെന്ന് അദ്ദേഹം കോടതിയില്‍ സമ്മതിച്ചു.
പോപ്പുലര്‍ ഫണ്ട് തട്ടിപ്പിനു സമാനമായ തട്ടിപ്പാണ് നടന്നതെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. ഖമറുദ്ദീനെതിരേ വഞ്ചനാകുറ്റം നിലനില്‍ക്കുന്നതാണ്.
ആവശ്യമെങ്കില്‍ മറ്റു ഡയറക്ടര്‍മാരെയും കേസില്‍ പ്രതി ചേര്‍ക്കും. ഐ.പി.എസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷണം നടത്തുന്നതായും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."