ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇന്നും ചോദ്യം ചെയ്യലിന് ഹാജരായി; അറസ്റ്റിനു സാധ്യത
കൊച്ചി: കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണസംഘം തുടര്‍ച്ചയായ രണ്ടാം ദിവസവും ചോദ്യം ചെയ്തു തുടങ്ങി. തെളിവുകള്‍ നിരത്തി ക്രോസ് വിസ്താര രീതിയിലുള്ള ചോദ്യം ചെയ്യലാണ് ഇന്ന് നടക്കുക.
രണ്ട് പൊലിസ് വാഹനങ്ങളുടെ അകമ്പടിയോട് കൂടിയാണ് രാവിലെ 11 മണിയോടെ ബിഷപ്പിന്റെ വാഹനം തൃപ്പൂണിത്തുറയിലെ ചോദ്യം ചെയ്യല്‍ കേന്ദ്രത്തില്‍ എത്തിയത്.
കന്യാസ്ത്രീയുടെ ആരോപണങ്ങള്‍ ബിഷപ്പ് ഇന്നലെ നിഷേധിച്ചിരുന്നു. ചോദ്യം ചെയ്യലില്‍ ബിഷപ്പ് നല്‍കിയ ഉത്തരങ്ങള്‍ തൃപ്തികരമല്ലെന്ന് ഐ.ജി വിജയ് സാക്കറെയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. അറസ്റ്റ് അനിവാര്യമാണെന്ന് അന്വേഷണ സംഘം യോഗത്തില്‍ ആവര്‍ത്തിച്ചു.
പീഡനം നടന്നുവെന്ന് ആരോപിക്കപ്പെടുന്ന ദിവസം താന്‍ കുറവിലങ്ങാട് മഠം സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും അന്ന് അവിടെ താമസിച്ചിട്ടില്ലെന്ന നിലപാടിലാണ് ബിഷപ്പ്. മഠത്തിലെ രജിസ്റ്ററില്‍ തിരുത്തല്‍ വരുത്തിയാണ് തനിക്കെതിരായ തെളിവായി ഹാജരാക്കിയതെന്ന വാദവും അദ്ദേഹം ഉന്നയിച്ചു.
വിവിധ പരാതികളുമായി ബന്ധപ്പെട്ട് അച്ചടക്ക നടപടിയെടുത്തതിന്റെ പേരില്‍ കന്യാസ്ത്രീക്കു തന്നോടു വ്യക്തിവൈരാഗ്യമുണ്ടായിരുന്നെന്നും അതിന്റെ അനന്തര ഫലമാണ് ആരോപണമെന്നും ഫ്രാങ്കോ നിലപാടെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."