സൂക്ഷിക്കുക; വെളിച്ചെണ്ണയിലെ വ്യാജന്‍ വിലസുന്നു
നെയ്യാറ്റിന്‍കര: നാളികേരത്തിനും അനുബന്ധ ഉല്‍പന്നങ്ങള്‍ക്കും വില കുതിച്ചുയര്‍ന്നതോടെ വ്യാജ വെളിച്ചെണ്ണയുടെ ഉല്‍പാദനവും വിപണനവും പൊടി പൊടിക്കുന്നു. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മേല്‍ നോട്ടത്തിലുളള പരിശോധന പ്രഹസനമായതാണ് വ്യാജ വെളിച്ചെണ്ണ വിപണി അടക്കി വാഴാന്‍ ഇടനല്‍കിയതെന്നാണ് ഉപഭോക്താക്കളുടെ അഭിപ്രായം.
സാധാരണക്കാര്‍ക്കും ഇടത്തര കച്ചവടക്കാര്‍ക്കും തിരിച്ചറിയാന്‍ കഴിയാത്ത തരത്തില്‍ പ്രമുഖ ബ്രാന്‍ഡുകളെ വെല്ലുന്ന തരത്തിലാണ് വ്യാജ വെളിച്ചെണ്ണ വിപണിയിലെത്തുന്നത്. ചുക്ഷണത്തിന് ഇരയാകുന്നവരില്‍ അധികവും സാധാരണക്കാരാണ്. വ്യാജ വെളിച്ചെണ്ണകളില്‍ അധികവും വിപണിയില്‍ എത്തിച്ചേരുന്നത് പ്രമുഖ കമ്പനികളുടെ അപരനാമത്തിലാണെന്നുളളതാണ് യാഥാര്‍ഥ്യം.
കാന്‍സര്‍, വൃക്കരോഗങ്ങള്‍ തുടങ്ങിയ മാരക രോഗങ്ങള്‍ക്കിടനല്‍കുന്ന പാരഫിന്‍ ഓയിലും പാംകര്‍ണല്‍ ഓയിലും അമിത അളവില്‍ ചേര്‍ത്ത വ്യാജ വെളിച്ചെണ്ണയാണ് വിപണിയില്‍ എത്തുന്നവയില്‍ ഏറെയും. കൂടാതെ വാഹനങ്ങളില്‍ നിന്നും ഉപയോഗം കഴിഞ്ഞ് ചോര്‍ത്തുന്ന കരിഓയില്‍ പ്രത്യേക ഊഷ്മാവില്‍ തിളപ്പിച്ച ശേഷം തണുപ്പിച്ച് ആവശ്യമായ അളവില്‍ പാരഫിന്‍ ഓയിലും അനുബന്ധമായ അളവില്‍ വെളിച്ചെണ്ണയുടെ സുഗന്ധം ലഭിക്കുന്ന എസന്‍സുകളും ചേര്‍ത്തും വ്യാജ വെളിച്ചെണ്ണ നിര്‍മിക്കുവാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഇത്തരത്തിലുളള വ്യാജ വെളിച്ചെണ്ണ അന്യസംസ്ഥാനങ്ങളില്‍ നിന്നും അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ കടന്ന് വന്‍ തോതില്‍ ടാങ്കര്‍ ലോറികളില്‍ കേരളത്തില്‍ ഗണ്യമായി എത്തിച്ചെരുന്നതായും സൂചനയുണ്ട്.
ഇപ്രകാരം ഒരു കിലോ വ്യാജ വെളിച്ചെണ്ണ ഉല്‍പാദിപ്പിക്കുന്നതിന് 40 രൂപ മുതല്‍ 50 രൂപ വരെ മാത്രമാണ് ചിലവു വരുന്നതെന്നും പറയുന്നു. ഇത്തരത്തില്‍ നിര്‍മിക്കുന്ന വ്യാജ വെളിച്ചെണ്ണ കേരളത്തിലെ വിപണികളില്‍ എത്തി കഴിഞ്ഞാല്‍ 175 രൂപ മുതല്‍ 220 രൂപ വരെ കിലോയ്ക്ക് ലഭിക്കുന്നതായും പറയുന്നു.
പലപ്പോഴും പതിന്‍ മടങ്ങ് ലാഭം ലഭിക്കുന്നതിനാലാണ് വ്യാജന്‍ കേരള വിപണിയില്‍ തഴച്ചു വളരാന്‍ ഇടനല്‍കുന്നത്. മുന്‍ വര്‍ഷം സര്‍ക്കാര്‍ ലാബുകളില്‍ 65 ഓളം കമ്പനികളുടെ വെളിച്ചെണ്ണ സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇതില്‍ 15 ന് മുകളില്‍ ബ്രാന്‍ഡുകളില്‍ പാരാഫിന്റെയും പാംകര്‍ണല്‍ ഓയിലിന്റെയും അമിത സാനിധ്യം കണ്ടെത്തുകയും പ്രസ്തുത കമ്പനികളുടെ ഉല്‍പ്പാദനം നിര്‍ത്തിവയ്പ്പിക്കുകയുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ വ്യാജ പാല്‍ നിര്‍മാണത്തിന്റെ ചുവടു പിടിച്ച് വ്യാജ വെളിച്ചെണ്ണ നിര്‍മാണവും പൊടി പൊടിച്ചിട്ടും അധികൃതര്‍ നിര്‍മാതാക്കള്‍ക്ക് മൗനാനുവാദം നല്‍കുകയാണെന്ന് ജനങ്ങള്‍ക്കിടയില്‍ പരക്കേ ആക്ഷേപമുണ്ട്.
എന്നാല്‍ നിരോധനം ഏര്‍പ്പെടുത്തിയ പല കമ്പനികളും പുതിയ രൂപത്തിലും ഭാവത്തിലും ഇപ്പോള്‍ വ്യാജ വെളിച്ചെണ്ണ ഉല്‍പാദനവും വിപണനവും വന്‍ തോതില്‍ നടത്തി വരുന്നുയെന്നാണ് സൂചനകള്‍ ലഭിക്കുന്നത്. പ്രമുഖ ബ്രാന്‍ഡുകളുടെ വിലയെക്കാള്‍ 60 ശതമാനത്തിന് മേല്‍ ലാഭമാണ് ഇത്തരത്തില്‍ വ്യാജ വെളിച്ചെണ്ണ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുക്കുന്ന കമ്പനികള്‍ കൊയ്‌തെടുക്കുന്നത്.
40 രൂപ വിലയുളള പാരഫിന്‍ ഓയിലും 30 രൂപ വിലയുളള വൈറ്റ് ഓയിലും വെളിച്ചെണ്ണയുടെ സുഗന്ധം ലഭിക്കുന്ന തരത്തിലുളള എസന്‍സും ചേര്‍ത്ത് വ്യാജ വെളിച്ചെണ്ണ നിര്‍മിക്കുമ്പോള്‍ നാടന്‍ കൊപ്ര ചെക്കില്‍ അരച്ച് ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ശുദ്ധമായ വെളിച്ചെണ്ണ പുറംതളളപ്പെടുന്നു. യഥാര്‍ഥ വെളിച്ചെണ്ണ തിരിച്ചറിയാന്‍ സാധിക്കാത്തതാണ് ഉപഭോക്താക്കള്‍ അപകടങ്ങളില്‍ ചാടാന്‍ ഇടയാകുന്നത്. കേരള-തമിഴ്‌നാട് അതിര്‍ത്തികളിലെ ചെക്ക് പോസ്റ്റുകള്‍ താണ്ടി നിരവധി ടാങ്കര്‍ ലോറികളാണ് ഇത്തരത്തിലുളള വ്യാജ വെളിച്ചെണ്ണയുമായി ദിനംപ്രതി കേരളത്തില്‍ എത്തിച്ചേരുന്നത്. അധികൃതര്‍ ഇനിയും കണ്ടില്ലന്ന് നടിച്ച് കണ്ണടയ്ക്കുകയാണെങ്കില്‍ എത്തിച്ചേരുന്നത് വന്‍ വിപത്തുകളിലേയ്ക്കായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."