നിരപരാധികളെ പീഡിപ്പിക്കരുതെന്ന് കര്‍ഷകര്‍
പുല്‍പ്പള്ളി: പാതിരി സൗത്ത് സെക്ഷന്‍ വനത്തോട് ചേര്‍ന്ന കൃഷിയിടത്തില്‍ കാട്ടാന വെടിയേറ്റ് ചരിഞ്ഞ സംഭവത്തില്‍ നിരപരാധികളെ പീഡിപ്പിക്കാന്‍ അധികൃതര്‍ ശ്രമിച്ചാല്‍ കര്‍ഷകര്‍ ഒറ്റക്കെട്ടായി ഇതിനെതിരേ അണിനിരക്കുമെന്ന് കര്‍ഷക പ്രതിരോധസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കാട്ടാന വെടിയേറ്റ് ചരിഞ്ഞ സംഭവത്തില്‍ കര്‍ഷകര്‍ക്ക് അതിയായ ദു:ഖമുണ്ട്. എന്നാല്‍ കാട്ടാനകള്‍ കര്‍ഷകര്‍ക്ക് വരുത്തുന്ന നാശനഷ്ടങ്ങള്‍ നിരവധിയാണെന്ന വസ്തുതയും മറക്കരുത്.
കാപ്പിക്കുന്നിലെ കൃഷിയിടത്തില്‍ കാട്ടാന വെടിയേറ്റ് ചരിഞ്ഞ സംഭവത്തില്‍ പറമ്പ് ഉടമ നിരപരാധിയാണെന്ന വസ്തുത എല്ലാവര്‍ക്കും അറിവുള്ള കാര്യമാണ്. 80 വയസ്സുളള കുടുംബനാഥനും വൃദ്ധയായ കുടുംബിനിയും മാത്രമാണ് ഈ വീട്ടിലുള്ളത്. കാട്ടാന ചെരിഞ്ഞ സംഭവം അറിഞ്ഞ ഉടന്‍ ജില്ലാ പൊലിസ് സൂപ്രണ്ട് അടക്കമുള്ള ഉയര്‍ന്ന പൊലിസ് ഉദ്യോഗസ്ഥര്‍, വനംവകുപ്പിന്റെ ജില്ലയിലെ മുഴുവന്‍ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ബോംബ് സ്‌ക്വാഡ്, റൈഫിള്‍ ക്ലബുകാര്‍ എന്നിങ്ങനെ ജില്ലയില്‍ ലഭ്യമായ മുഴുവന്‍ സംവിധാനങ്ങളും ഇവിടെ എത്തിച്ചു.
ഇതൊക്കെ വളരെ നല്ല കാര്യങ്ങളാണ്. എന്നാല്‍ കുറച്ച് മുമ്പ് കുറുവ ദ്വീപിനടുത്ത് ഒരു പെണ്‍കുട്ടിയെ കാട്ടാന അടിച്ചും വലിച്ചു കീറിയും അതിക്രൂരമായി കൊലപ്പെടത്തിയിരുന്നു. ഈയടുത്ത് മഠാപ്പറമ്പില്‍ ഒരാളെ കാട്ടാന പിടികൂടി കുത്തി ഗുരുതരമായി പരുക്കേല്‍പ്പിച്ചിരുന്നു. അന്നൊന്നും ആരും ഇവരെ തിരിഞ്ഞു നോക്കിയിട്ടില്ല. കുടുംബനാഥന്‍ കിടപ്പിലായതോടെ പട്ടിണിയിലായ ഈ കുടുംബത്തിന്റെ കണ്ണീര്‍ കാണുവാന്‍ ആരുമില്ല.
വന്യമൃഗങ്ങള്‍ക്കൊപ്പം മനുഷ്യജീവന്റെ വിലകൂടി ഭരണകര്‍ത്താക്കള്‍ കണക്കിലെടുക്കണമെന്നാണ് കര്‍ഷകര്‍ പറയുന്നത്. ആന ചെരിഞ്ഞ സംഭവത്തെ തുടര്‍ന്ന് പൊലിസും, വനംവകുപ്പ് ഉദ്യോഗസ്ഥരും കാപ്പിക്കുന്നില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് കര്‍ഷകര്‍ ആരോപിച്ചു.
സ്ഥലമുടമയുടെ വീട്ടിലെത്തിയ ഉദ്യോഗസ്ഥര്‍ രണ്ടു ദിവസത്തിനകം ആനയെ വെടിവച്ചയാളെ കിട്ടിയില്ലെങ്കില്‍ കുടുംബനാഥനെയും നാഥയെയും അറസ്റ്റ് ചെയ്തുകൊണ്ടുപോകുമെന്ന ഭീഷണി മുഴക്കിയെന്നും കര്‍ഷകര്‍ പറയുന്നു. നിരപരാധിയായ ഈ കര്‍ഷകന്റെ പിന്നില്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി നിലകൊള്ളും. കുറ്റവാളികളെ പിടികൂടുവാന്‍ കര്‍ഷകര്‍ ഉദ്യോഗസ്ഥരോടൊപ്പമുണ്ടായിരിക്കും.
വ്യാജ പ്രകൃതിസ്‌നേഹികളുടെ വാക്കുകേട്ട് നിരപരാധികളെ ശിക്ഷിക്കാമെന്ന് ആരും വ്യാമോഹിക്കേണ്ടെന്നും സമിതി മുന്നറിയിപ്പ് നല്‍കി. വാര്‍ത്താസമ്മേളനത്തില്‍ സമിതി ഭാരവാഹികളായ സാബു കെ മാത്യു, സജി വിരിപ്പാമറ്റം, ബാബു നമ്പുടാകം എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."