പാനൂരില്‍ ഇന്ന് ബോധവല്‍ക്കരണ റാലി നടത്തും
പാനൂര്‍: നഗരസഭ സമ്പൂര്‍ണ മാലിന്യ മുക്തമാക്കുന്നതിന്റെ ഭാഗമായി ഹരിത കേരളം പദ്ധതിയുമായി ബന്ധപ്പെട്ട് ഇന്ന് ബോധവല്‍ക്കരണ റാലി സംഘടിപ്പിക്കും. നാല്പത് കൗണ്‍സിലര്‍മാരും ഒരുമിച്ച് മുനിസിപ്പാലിറ്റിയുടെ പ്രധാന കേന്ദ്രങ്ങളായ പാനൂര്‍, പൂക്കോം, പെരിങ്ങത്തൂര്‍, കരിയാട് എന്നിവിടങ്ങളിലാണ് കാല്‍നടയായി ബോധവല്കരണം നടത്തുക. 10 മണിക്ക് പാനൂര്‍ ബസ്സ്റ്റാന്റ് പരിസരത്ത് പരിപാടിക്ക് തുടക്കമാവും. മഴയെത്തും മുമ്പേ എന്ന പദ്ധതിയുടെ ഭാഗമായി നഗരസഭ പരിധിയിലെ മുഴുവന്‍ വീടുകളിലേയും ടൗണുകളിലേയും മാലിന്യങ്ങള്‍ നീക്കം ചെയ്ത് ശുചീകരിക്കും. ആദ്യഘട്ടമെന്ന നിലയില്‍ പാനൂര്‍ ടൗണിലെ വ്യാപാരികളുടെ യോഗം വിളിച്ചു ചേര്‍ത്ത് ടൗണുകളിലെ ഓടകള്‍ വ്യാപാരികളുടെ സഹകരണത്തോടെ വരും ദിവസങ്ങളില്‍ ശുചീകരിക്കാനുള്ള പദ്ധതിക്ക് രൂപം നല്കി. 10 വീടുകള്‍ക്ക് ഒരു റിസോഴ്സ്പേഴ്സണ്‍ എന്ന നിലയില്‍ ബോധവല്കരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായി ചെയര്‍ പേഴ്സണ്‍ കെ.വി റംല, വൈസ് ചെയര്മാന് എം.കെ പത്മനാഭന്, കൗണ്‍സിലര്‍മാരായ ഇ.എ നാസര്‍, വി. ഹാരിസ്, കെ. നിസാര്‍, കെ.ടി.കെ റിയാസ്, കെ.കെ സുധീര്‍ കുമാര്‍, സി. മനോജ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."