അന്വേഷണം വഴിതിരിച്ചുവിടാന്‍ ശ്രമമെന്ന് ആക്ഷേപം
തലശേരി: വടകര ലോക്‌സഭാ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച സി.ഒ.ടി നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ അന്വേഷണം വഴിതിരിച്ചു വിടുന്നതായി ആക്ഷേപം. മുഖ്യസൂത്രധാരനെന്നു പൊലിസ് വ്യക്തമാക്കിയ കുണ്ടുചിറയിലെ പൊട്ട്യന്‍ സന്തോഷിലേക്കു മാത്രം അന്വേഷണം ഒതുക്കുകയാണെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ആക്രമണത്തില്‍ ജനപ്രതിനിധിയുടെയും സി.പി.എം പ്രാദേശികനേതാക്കളുടെയും പങ്കിനെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളുണ്ടായിട്ടും യാതൊരു അന്വേഷണവും ഇതുസംബന്ധിച്ച് നടക്കുന്നില്ലെന്നാണു സി.ഒ.ടി നസീറിന്റെ ആരോപണം.
കേസിലെ മുഖ്യസൂത്രധാരനെന്ന് പറയുന്ന സന്തോഷിനെ കഴിഞ്ഞ ദിവസമാണ് കോടതിയില്‍ നിന്നു പൊലിസ് കസ്റ്റഡിയില്‍ വാങ്ങിയത്. ഇയാളെ അന്വേഷണ സംഘം ചോദ്യംചെയ്തുകൊണ്ടിരിക്കുകയാണ്. നസീറിനെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ സംഘത്തെയും ആയുധങ്ങളും ഏര്‍പ്പാടാക്കിയ മുഖ്യസൂത്രധാരനാണ് സന്തോഷെന്നു ചോദ്യംചെയ്യലിലൂടെ വ്യക്തമായെന്നാണ് അന്വേഷണസംഘം പറയുന്നത്. ഇയാള്‍ക്ക് ആരാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് ചോദ്യത്തിന് ഇനിയും ഉത്തരം കിട്ടിയിട്ടില്ല. സന്തോഷിനു വന്ന ഫോണ്‍ വിളികള്‍ അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.
പൊലിസിനു നല്‍കിയ മൊഴിയുടെ പകര്‍പ്പ് തനിക്കു ലഭിക്കണമെന്നു നസീര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ജനപ്രതിനിധിക്കെതിരേ മൊഴി നല്‍കിയിട്ടില്ലെന്നാണു അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയെന്നുള്ള വാര്‍ത്തയും വരുന്നുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം ഉണ്ടെങ്കിലും നിലവിലെ കേസന്വേഷണത്തില്‍ തുടരുമെന്നാണ് ഉന്നതപൊലിസ് മേധാവികള്‍ പറയുന്നത്. കേസന്വേഷണത്തിലാണെന്ന് ഉദ്യോഗസ്ഥരും വ്യക്തമാക്കുന്നു.
നിലവില്‍ റിമാന്‍ഡിലും കസ്റ്റഡിയിലുമായി ആറുപേരാണുള്ളത്. അഞ്ചുപേരെ ഇനിയും പിടികൂടാനുണ്ട്. 11 പേരെ ഉള്‍പ്പെടുത്തിയാണു പ്രതിപ്പട്ടിക കോടതിക്കു സമര്‍പ്പിച്ചത്. പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതിന് വിജില്‍, ഫിറോസ് എന്നിവരെയാണ് പ്രതി ചേര്‍ത്തതെന്ന് പൊലിസ് വ്യക്തമാക്കി. കാവുംഭാഗം മൂക്കള്ളില്‍ മീത്തല്‍ വീട്ടില്‍ ജിതേഷ് (25), കുന്നിനേരി മീത്തല്‍വീട്ടില്‍ എം.വി വിപിന്‍ (32), ചെറിയാണ്ടി ഹൗസില്‍ സി. മിഥുന്‍ (30) എന്നിവര്‍ മുന്‍കൂര്‍ ജാമ്യഹരജി നേരത്തെ നല്‍കിയിരുന്നു. എന്നാല്‍ കോടതി തള്ളുകയായിരുന്നു.
അന്വേഷണത്തില്‍
വിശ്വാസ്യത നഷ്ടപ്പെട്ടു: സി.ഒ.ടി നസീര്‍
തലശേരി: തനിക്കുനേരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നു സി.ഒ.ടി നസീര്‍. കേസിലെ അന്വേഷണത്തില്‍ വിശ്വാസ്യത നഷ്ടപ്പെട്ടു. പൊട്ട്യന്‍ സന്തോഷിനെ മുഖ്യസൂത്രധാരനായി മാറ്റി കേസൊതുക്കി തീര്‍ക്കാനുള്ള ശ്രമമാണു നടക്കുന്നത്. അയാളും താനും തമ്മില്‍ ഒരു ബന്ധവുമില്ല. സന്തോഷിനെ ഉപയോഗിച്ച് തന്നെ ആക്രമിക്കാന്‍ ആരാണ് ഗൂഢാലോചന നടത്തിയതെന്നാണ് ഇനി അറിയേണ്ടത്. ക്വട്ടേഷന്‍ സംഘത്തിലെ ഒരാള്‍ മാത്രമാണു സന്തോഷ്. കേസില്‍ വഴി തിരിച്ചുവിടാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് നസീര്‍ സുപ്രഭാതത്തോടു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."