HOME
DETAILS
MAL
നാമനിര്‍ദേശ പത്രിക സമര്‍പ്പണം ഇന്നു മുതല്‍
backup
November 12 2020 | 03:11 AM
തിരക്കുണ്ടാക്കരുത്, വാഹനവ്യൂഹവും ജാഥയും പാടില്ല
പത്രിക സമര്‍പ്പണത്തിനു സ്ഥാനാര്‍ഥിയടക്കം മൂന്നു പേര്‍ മാത്രം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രികകള്‍ ഇന്നു മുതല്‍ സ്വീകരിക്കും. കൊവിഡ് പശ്ചാത്തലത്തില്‍ കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും പത്രിക സ്വീകരണ നടപടിക്രമങ്ങള്‍. 19 വരെയുള്ള പ്രവൃത്തി ദിനങ്ങളില്‍ രാവിലെ 11 മുതല്‍ വൈകീട്ട് മൂന്നു വരെയാണ് പത്രികകള്‍ സ്വീകരിക്കുന്നത്.
കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതിന്റെ ഭാഗമായി പത്രിക സമര്‍പ്പിക്കാനെത്തുന്ന സ്ഥാനാര്‍ഥിയടക്കം മൂന്നു പേരെ മാത്രമേ വരണാധികാരിയുടെ ഓഫിസിലേക്കു പ്രവേശിപ്പിക്കൂ. നോമിനേഷന്‍ ഹാളില്‍ പ്രവേശിക്കുന്നതിനു മുന്‍പ് നിര്‍ബന്ധമായും കൈ സോപ്പുപയോഗിച്ചു കഴുകുകയോ സാനിറ്റൈസ് ചെയ്യുകയോ വേണം. പത്രിക സമര്‍പ്പിക്കിനെത്തുന്ന എല്ലാവര്‍ക്കും മാസ്‌ക് നിര്‍ബന്ധമാണ്. സാമൂഹിക അകലം പാലിക്കുകയും വേണം. ഒരു സമയം ഒരു സ്ഥാനാര്‍ഥിയെ മാത്രമേ പത്രിക സമര്‍പ്പിക്കുന്ന ഹാളിലേക്കു പ്രവേശിപ്പിക്കൂ.
പത്രിക സമര്‍പ്പിക്കാനെത്തുമ്പോള്‍ സ്ഥാനാര്‍ഥിക്ക് ഒരു വാഹനം മാത്രമേ പാടുള്ളൂ. ആള്‍ക്കൂട്ടമോ വാഹനവ്യൂഹമോ ജാഥയോ അനുവദിക്കില്ല. കണ്ടെയ്ന്‍മെന്റ് സോണിലുള്ളവരോ ക്വാറന്റൈനില്‍ കഴിയുന്നവരോ ആണെങ്കില്‍ റിട്ടേണിങ് ഓഫിസറെ മുന്‍കൂട്ടി അറിയിക്കണം. സ്ഥാനാര്‍ഥി കൊവിഡ് പൊസിറ്റിവോ നിരീക്ഷണത്തിലോ ആണെങ്കില്‍ നിര്‍ദേശകന്‍ മുഖേന പത്രിക സമര്‍പ്പിക്കാം. തെരഞ്ഞെടുപ്പ് കമ്മിഷന്‍ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ മുന്‍പാകെ സ്ഥാനാര്‍ഥി സത്യപ്രതിജ്ഞ ചെയ്ത് ഒപ്പു രേഖപ്പെടുത്തണം. തുടര്‍ന്നു സത്യപ്രതിജ്ഞാ രേഖ റിട്ടേണിങ് ഓഫിസര്‍ മുമ്പാകെ ഹാജരാക്കണം.
പത്രികകള്‍ സ്വീകരിക്കുന്ന വരണാധികാരികള്‍ക്കും കൊവിഡ് പ്രോട്ടോക്കോള്‍ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. റിട്ടേണിങ് ഓഫിസര്‍മാര്‍ നിര്‍ബന്ധമായും മാസ്‌ക്, കൈയുറ, ഫേസ് ഷീല്‍ഡ് എന്നിവ ധരിക്കണം. ഓരോ പത്രികയും സ്വീകരിച്ച ശേഷം സാനിറ്റൈസര്‍ ഉപയോഗിക്കണം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."